തിരുപ്പതി ലഡ്ഡു വിവാദം; ക്ഷേത്രത്തില്‍ നാല് മണിക്കൂര്‍ നീണ്ട ശുദ്ധിക്രിയ, നെയ്യ് നല്‍കിയ എആര്‍ ഡയറിക്ക് നോട്ടീസ്
|കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ബിജെപി നേതാവും മുൻ മന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു
തിരുപ്പതി: പ്രസാദമായി നല്‍കുന്ന ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തിരുപ്പതി ക്ഷേത്രത്തിൽ നാല് മണിക്കൂർ നീണ്ട ശുദ്ധിക്രിയ നടത്തി. ശുദ്ധീകരണ ചടങ്ങിനെത്തുടർന്ന് പ്രസാദങ്ങളുടെ പവിത്രത വീണ്ടെടുത്തതിനാല്‍ ക്ഷേത്രത്തില്‍ നിന്നുള്ള ലഡ്ഡുവിനെക്കുറിച്ചുള്ള ആശങ്കകൾ ഭക്തര്‍ക്ക് അവസാനിപ്പിക്കാമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) എക്സിക്യൂട്ടീവ് ഓഫീസർ ജെ ശ്യാമള റാവു പറഞ്ഞു.
അതേസമയം, തിരുമല തിരുപ്പതി ദേവസ്ഥാനം ക്ഷേത്ര അതോറിറ്റിക്ക് ഗുണനിലവാരമില്ലാത്ത നെയ്യ് നൽകിയെന്നാരോപിച്ച് തമിഴ്നാട്ടിലെ എആര്‍ ഡയറിക്ക് ഭക്ഷ്യസുരക്ഷാ റെഗുലേറ്റര്‍ കാരണം കാണിക്കൽ നോട്ടീസ് നൽകി.ദിണ്ടിഗലിലെ എ ആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ നാല് വർഷമായി തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) നെയ്യ് വിതരണം ചെയ്യുന്നുണ്ടെന്ന് ആന്ധ്രാപ്രദേശിലെ മംഗളഗിരിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവൻ്റീവ് മെഡിസിൻ ഡയറക്ടറിൽ നിന്ന് എഫ്എസ്എസ്എഐക്ക് വിവരം ലഭിച്ചതായി നോട്ടീസില്‍ വ്യക്തമാക്കുന്നു. തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തില്‍ സമഗ്രമായ അന്വേഷണത്തിനും കർശന നടപടിക്കുമുള്ള മുറവിളി ഉയരുന്നതിനിടെയാണിത്.
കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ബിജെപി നേതാവും മുൻ മന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. അതേസമയം, മായം ചേർത്തെന്ന ആരോപണം നിഷേധിച്ച തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) മുൻ ചെയർമാനും വൈഎസ്ആർസിപി എംപിയുമായ വൈ.വി സുബ്ബ റെഡ്ഡി വിരമിച്ച സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുപ്പതി ലഡ്ഡുവിൽ മായം ചേർക്കുന്നത് സംബന്ധിച്ച ആരോപണങ്ങളില്‍ സുപ്രിം കോടതി സ്വമേധയാ കേസെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. സംഭവത്തില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മുൻ വൈഎസ്ആർസിപി സർക്കാരിൻ്റെ കാലത്ത് ലഡ്ഡു തയാറാക്കാൻ ഗുണനിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉപയോഗിച്ചിരുന്നുവെന്ന് ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണം ദേശീയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ, വൈഎസ്ആർസിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡി എല്ലാ ആരോപണങ്ങളും നിഷേധിച്ചു.