ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടില്‍ കൂട്ടപ്പിരിച്ചുവിടൽ; പുറത്താക്കിയത് 100 ഓളം അധ്യാപക-അനധ്യാപക ജീവനക്കാരെ
|വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കുന്ന നടപടിക്ക് കേന്ദ്ര സർക്കാരും നിലവിലെ ടിസ് ഭരണകൂടവും ഉത്തരവാദികളാണെന്ന് പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറം
മുംബൈ: ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ (ടി.ഐ.എസ്.എസ്) ഇന്ത്യയിലുടനീളമുള്ള വിവിധ കാമ്പസുകളിലെ നൂറോളം അധ്യാപക-അനധ്യാപക ജീവനക്കാരെ പിരിച്ചുവിട്ടു. ഇവരുടെ കരാർ ഇനി പുതുക്കില്ലെന്നും ജൂൺ 30 ന് ജീവനക്കാരുടെ സേവനങ്ങൾ അവസാനിപ്പിക്കുമെന്നുമാണ് അറിയിപ്പ് ലഭിച്ചത്. ജൂൺ 28 നാണ് ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. ഇതോടെ വർഷങ്ങളോളം ടിസില്‍ സേവനമനുഷ്ഠിച്ചിരുന്ന നൂറുക്കണക്കിന് ജീവനക്കാർക്കാണ് ജോലി നഷ്ടമായത്. നാല് കാമ്പസുകളിലുമായി 55 ഫാക്കൽറ്റി അംഗങ്ങളേയും 60 ഓളം അനധ്യാപക ജീവനക്കാരെയുമാണ് ഒരു അറിയിപ്പും കൂടാതെ പിരിച്ചുവിട്ടത്. പിരിച്ചുവിട്ട ടീച്ചിംഗ് സ്റ്റാഫുകളിൽ 20 പേർ മുംബൈ കാമ്പസിൽ നിന്നും 15 പേർ ഹൈദരാബാദിൽ നിന്നും 14 പേർ ഗുവാഹത്തിയിൽ നിന്നും 6 പേർ തുൾജാപൂരിൽ നിന്നുമുള്ളവരാണ്. ടാറ്റ എജ്യുക്കേഷൻ ട്രസ്റ്റിൽ നിന്ന് ഗ്രാന്റ് ലഭിക്കാത്തതാണ് പിരിച്ചുവിടലിന് കാരണമായി പറയുന്നത്.
ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് കീഴിലുള്ള ടിസിലെ നൂറോളം അധ്യാപക-അധ്യാപക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെതിരെ ടിസിലെ വിദ്യാര്‍ഥി സംഘടനയായ പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറം രംഗത്തെത്തി. വിദ്യാർഥികളെ നിരന്തരം ടാർഗറ്റ് ചെയ്യുകയും കാമ്പസ് ജനാധിപത്യത്തെ ഇല്ലാതാക്കുകയും ചെയ്തതിന് പിന്നാലെ കേന്ദ്ര സർക്കാരിന് കീഴിലുള്ള നിലവിലെ ടിസ് ഭരണകൂടം ജീവനക്കാർക്കെതിരെയും ആക്രമണം അഴിച്ചുവിടുകയാണെന്നും പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറം കുറ്റപ്പെടുത്തി. ഇത് ടിസ് അഡ്മിനിസ്ട്രേഷന്റെ പൂർണ്ണ പരാജയമാണെന്നും പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറം പ്രസ്താവനയിൽ പറഞ്ഞു.
'അധ്യാപക-അനധ്യാപക ജീവനക്കാരുടെ ക്ഷാമം സൃഷ്ടിക്കുന്നതിനാണ് ഈ കൂട്ട പിരിച്ചുവിടൽ. ഇത് അധ്യാപക-വിദ്യാർഥി അനുപാതത്തെ പ്രതികൂലമായി ബാധിക്കും. ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്ന വിദ്യാർഥികളുടെ ഭാവിയെ നേരിട്ട് ബാധിക്കുക മാത്രമല്ല, സമീപഭാവിയിൽ രാഷ്ട്രീയ പ്രേരിത നിയമനങ്ങൾക്കും അനുമതി നൽകിയേക്കാനുള്ള സാധ്യതയുണ്ടെന്നും ഭയപ്പെടുന്നു'. വിദ്യാർത്ഥികൾ എന്ന നിലയിൽ, ഈ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നുവെന്നും പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറം അറിയിച്ചു.
നൂറോളം ജീവനക്കാരുടെ ഉപജീവനമാർഗം കവർന്നെടുക്കുന്നതിനും വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കുന്നതിനും കേന്ദ്ര സർക്കാരും നിലവിലെ ടിസ് ഭരണകൂടവും നേരിട്ട് ഉത്തരവാദികളാണ്. രാജ്യവ്യാപകമായി പ്രവേശന പരീക്ഷകൾ നടത്തുന്നതിൽ വിദ്യാഭ്യാസ മന്ത്രാലയം അടുത്തിടെ വരുത്തിയ പിഴവുകൾ കേന്ദ്ര സർക്കാരിന്റെ കഴിവുകേടിനെയാണ് എടുത്തുകാണിക്കുന്നത്. കൂട്ട പിരിച്ചുവിടൽ ഉടനടി പിൻവലിക്കണമെന്നും പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറം ആവശ്യപ്പെട്ടു.
അതേസമയം, ശമ്പള ആവശ്യങ്ങൾക്കായി ടാറ്റ എജ്യുക്കേഷൻ ട്രസ്റ്റിൽ നിന്നുള്ള ഗ്രാന്റ് അനുവദിക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് പരമാവധി ശ്രമിച്ചെന്നാണ് പിരിച്ചുവിടൽ നോട്ടീസിൽ പറയുന്നത്. ടാറ്റ എജ്യുക്കേഷൻ ട്രസ്റ്റുമായുള്ള ഔദ്യോഗിക കത്തിടപാടുകൾ വഴിയും വ്യക്തിഗത മീറ്റിംഗുകൾ വഴിയും ഗ്രാന്റ് അനുവദിക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് നിരവധി ശ്രമങ്ങൾ നടത്തി, ഗ്രാന്റ് കാലയളവ് കൂടുതൽ നീട്ടുന്നത് സംബന്ധിച്ച തീരുമാനം ടാറ്റ എജ്യുക്കേഷൻ ട്രസ്റ്റിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും രജിസ്ട്രാർ അനിൽ സുതാർ അയച്ച മെയിലിൽ പറയുന്നു.