India
ramadas
India

പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്തു, 'രാം കെ നാം' പ്രദര്‍ശിപ്പിച്ചു; ടിസ്സില്‍ മലയാളി വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍

Web Desk
|
19 April 2024 10:14 AM GMT

ഗവേഷക വിദ്യാര്‍ഥി കെ.എസ് രാമദാസിനെയാണ് രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്

ഡല്‍ഹി: ടാട്ടാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ മലയാളി വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍. ഗവേഷക വിദ്യാര്‍ഥി കെ.എസ് രാമദാസിനെയാണ് രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്തതിനും അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് കോളജില്‍ 'രാം കെ നാം' ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനുമാണ് നടപടി. വയനാട് നിന്നുള്ള ദലിത് വിദ്യാര്‍ഥിയായ രാമദാസ് ടിസ്സിന്റെ മുംബൈ ക്യാമ്പസിലെ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഗവേഷക വിദ്യാര്‍ഥിയും എസ്.എഫ്.ഐയുടെ സെന്‍ട്രല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവും എസ്.എഫ്.ഐ മഹാരാഷ്ട്ര ജോയിന്റ് സെക്രട്ടറിയുമാണ്.

'യുണൈറ്റഡ് സ്റ്റുഡന്റ്‌സ് ഓഫ് ഇന്ത്യ' എന്ന ബാനറില്‍ ഈ വര്‍ഷം ജനുവരിയില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്തതിന് വിദ്യാര്‍ഥിക്ക് കാമ്പസ് അധികൃതര്‍ ഒന്നരമാസം മുന്‍പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കൂടാതെ ജനുവരി 26 ന് കാമ്പസില്‍ 'രാം കെ നാം' ഡോക്യുമെന്റി പ്രദര്‍ശിപ്പിക്കുന്നതിനു നേതൃത്വം നൽകിയെന്നും ഡോക്യുമെന്റി കാണാൻ വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്ത് ലഘുലേഖകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും പങ്കുവച്ചിട്ടുണ്ടെന്നും അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസില്‍ അരോപിച്ചിരുന്നു. പിന്നാലെയാണ് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ കാലയളവില്‍ കാമ്പസില്‍ പ്രവേശിക്കരുതെന്നും വിലക്കുണ്ട്.

Related Tags :
Similar Posts