India
TISS terminates ,Tata Education Trust,TATA Institute of Social Sciences (TISS),ടിസി,ടാറ്റ,കൂട്ടപ്പിരിച്ചുവിടല്‍,മുംബൈ
India

നൂറോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം പിൻവലിച്ച് ടിസ്

Web Desk
|
30 Jun 2024 12:23 PM GMT

പിരിച്ചുവിടൽ തീരുമാനം വിവാദമായതിന് പിന്നാലെയാണ് നടപടി

മുംബൈ: നൂറോളം അധ്യാപക-അനധ്യാപക ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം പിൻവലിച്ച് ടിസ്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ നാല് കാമ്പസിലുള്ള 55 ഫാക്കൽറ്റി അംഗങ്ങളെയും 60 അനധ്യാപക ജീവനക്കാരെയും പിരിച്ചു വിടാനുള്ള തീരുമാനമാണ് പിൻവലിച്ചത്.

ജീവനക്കാരുടെ കരാർ ഇനി പുതുക്കില്ലെന്നും ജൂൺ 30 ന് ജീവനക്കാരുടെ സേവനങ്ങൾ അവസാനിപ്പിക്കുമെന്നുമായിരുന്നു അറിയിപ്പ്. ടിസിന്റെ നടപടി വലിയരീതിയിൽ ചർച്ചയായതിന് പിന്നാലെയാണ് ആക്ടിംഗ് വൈസ് ചാൻസലർ മനോജ് കുമാർ തിവാരി ജീവനക്കാരെ നിലനിർത്തുമെന്ന​ും നോട്ടീസ് പിൻവലിച്ചുവെന്നും അറിയിച്ചത്.

ജൂൺ 28 നാണ് ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. ഇതോടെ വർഷങ്ങളോളം ടിസില്‍ സേവനമനുഷ്ഠിച്ചിരുന്ന നൂറുക്കണക്കിന് ജീവനക്കാർക്കാണ് ജോലി നഷ്ടമായത്.പിരിച്ചുവിട്ട ടീച്ചിംഗ് സ്റ്റാഫുകളിൽ 20 പേർ മുംബൈ കാമ്പസിൽ നിന്നും 15 പേർ ഹൈദരാബാദിൽ നിന്നും 14 പേർ ഗുവാഹത്തിയിൽ നിന്നും 6 പേർ തുൾജാപൂരിൽ നിന്നുമുള്ളവരാണ്. ടാറ്റ എജ്യുക്കേഷൻ ട്രസ്റ്റിൽ നിന്ന് ഗ്രാന്റ് ലഭിക്കാത്തതാണ് പിരിച്ചുവിടലിന് കാരണമായി പറയുന്നത്.




കേന്ദ്ര സർക്കാരിന് കീഴിലുള്ള ടിസിലെ നൂറോളം അധ്യാപക-അധ്യാപക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെതിരെ ടിസിലെ വിദ്യാര്‍ഥി സംഘടനയായ പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് ഫോറം രംഗത്തെത്തിയിരുന്നു.വിദ്യാർഥികളെ നിരന്തരം ടാർഗറ്റ് ചെയ്യുകയും കാമ്പസ് ജനാധിപത്യത്തെ ഇല്ലാതാക്കുകയും ചെയ്തതിന് പിന്നാലെ കേന്ദ്ര സർക്കാരിന് കീഴിലുള്ള നിലവിലെ ടിസ് ഭരണകൂടം ജീവനക്കാർക്കെതിരെയും ആക്രമണം അഴിച്ചുവിടുകയാണെന്നും പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് ഫോറം കുറ്റപ്പെടുത്തി. ഇത് ടിസ് അഡ്മിനിസ്‌ട്രേഷന്റെ പൂർണ്ണ പരാജയമാണെന്നും പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് ഫോറം പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ശമ്പള ആവശ്യങ്ങൾക്കായി ടാറ്റ എജ്യുക്കേഷൻ ട്രസ്റ്റിൽ നിന്നുള്ള ഗ്രാന്റ് അനുവദിക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് പരമാവധി ശ്രമിച്ചെന്നാണ് പിരിച്ചുവിടൽ നോട്ടീസിൽ പറഞ്ഞിരുന്നത് . ടാറ്റ എജ്യുക്കേഷൻ ട്രസ്റ്റുമായുള്ള ഔദ്യോഗിക കത്തിടപാടുകൾ വഴിയും വ്യക്തിഗത മീറ്റിംഗുകൾ വഴിയും ഗ്രാന്റ് അനുവദിക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് നിരവധി ശ്രമങ്ങൾ നടത്തി, ഗ്രാന്റ് കാലയളവ് കൂടുതൽ നീട്ടുന്നത് സംബന്ധിച്ച തീരുമാനം ടാറ്റ എജ്യുക്കേഷൻ ട്രസ്റ്റിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും രജിസ്ട്രാർ അനിൽ സുതാർ അയച്ച മെയിലിൽ പറയുന്നു.

Related Tags :
Similar Posts