ബംഗാളിലെ തൃണമൂൽ സർക്കാർ ഡിസംബറോടെ നിലംപതിക്കും: സുവേന്ദു അധികാരി
|2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പും നടക്കുമെന്ന് പ്രതിപക്ഷ നേതാവ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാർ ഡിസംബറോടെ നിലംപതിക്കുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പും നടക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു.
പുർബ മേദിനിപൂർ ജില്ലയിലെ താംലുക്കിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുവേന്ദു അധികാരി. തൃണമൂല്‍ സർക്കാരിനെ പുറത്താക്കാനുള്ള വേദി ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.
"കുറച്ച് മാസങ്ങൾ കാത്തിരിക്കൂ. ഈ സർക്കാരിന്‍റെ ബംഗാളിലെ അധികാരം അവസാനിക്കും. എന്റെ വാക്കുകൾ അടയാളപ്പെടുത്തിക്കൊള്ളൂ. ഈ വർഷം ഡിസംബറോടെ, തൃണമൂൽ ബംഗാളിൽ അധികാരത്തിലുണ്ടാവില്ല. പശ്ചിമ ബംഗാളിൽ 2024ൽ നിയമസഭാ തെരഞ്ഞെടുപ്പും പാർലമെന്റ് തെരഞ്ഞെടുപ്പും ഒരേസമയം നടക്കും"- സുവേന്ദു അധികാരി വിശദീകരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ നേതാവാണ് സുവേന്ദു അധികാരി.
ജാർഖണ്ഡ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ മഹാരാഷ്ട്രയിലേതിന് സമാനമായ അവസ്ഥയുണ്ടാകുമെന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി സുവേന്ദു അധികാരി ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തി. ശിവസേനയിലെ കലാപത്തിന് ബിജെപി നേതൃത്വം നൽകിയെന്നും മഹാരാഷ്ട്രയിലെ ഉദ്ധവ് സർക്കാരിനെ താഴെയിറക്കിയെന്നും വിമര്‍ശിച്ചു.
"അദ്ദേഹത്തിന് കാര്യങ്ങൾ മുൻകൂട്ടിക്കാണാൻ കഴിയുമെങ്കിൽ, എന്തുകൊണ്ടാണ് ബിഹാറിലെ സമീപകാല രാഷ്ട്രീയ സംഭവങ്ങൾ പ്രവചിക്കാനും തടയാനും കഴിയാത്തത്? രാഷ്ട്രീയത്തിലെ നിരാശ മൂലമാണ് അദ്ദേഹം ജ്യോതിഷം അഭ്യസിക്കാൻ തുടങ്ങിയതെന്ന് തോന്നുന്നു"- തൃണമൂല്‍ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു. ബംഗാള്‍ സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിച്ചാല്‍ തക്കതായ മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.
38 തൃണമൂല്‍ എംഎല്‍എമാര്‍ക്ക് ബിജെപിയുമായി നല്ല ബന്ധമുണ്ടെന്ന് മിഥുന്‍ ചക്രബര്‍ത്തിയും അവകാശപ്പെടുകയുണ്ടായി. 38 പേരില്‍ 21 പേരും ബി.ജെ.പിയുമായി നേരിട്ട് ബന്ധമുള്ളവരാണെന്നാണ് അദ്ദേഹം പറഞ്ഞത്.