തൃണമൂലാണ് യഥാര്‍ഥ കോണ്‍ഗ്രസെന്ന് ടി.എം.സി മുഖപത്രം
|കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് മുഖപത്രം ജാഗോ ബംഗ്ലാ
കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് മുഖപത്രം ജാഗോ ബംഗ്ലാ. കോണ്‍ഗ്രസ് യുദ്ധത്തില്‍ ക്ഷീണിച്ചുപോയ പാര്‍ട്ടിയാണെന്നും പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസിന് പാര്‍ലമെന്‍റില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും മുഖപത്രം ബുധനാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. തൃണമൂലാണ് യഥാര്‍ഥ കോണ്‍ഗ്രസെന്നും ലേഖനത്തില്‍ അവകാശപ്പെടുന്നുണ്ട്.
ബംഗാളില്‍ ബി.ജെ.പിക്കെതിരായ പോരാട്ടം ടി.എം.സി വിജയകരമായി ഏറ്റെടുത്തു. എന്നാൽ ബി.ജെ.പിയുടെ വിഷം ഒന്നിലധികം സംസ്ഥാനങ്ങളിലേക്ക് പടർന്നിരിക്കുകയാണ്. അവിടെയാണ് ടി.എം.സിയുള്ളത്. യുദ്ധത്തില്‍ ക്ഷീണിച്ച വിഭാഗീയതയില്‍ കഷ്ടപ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ബി.ജെ.പിക്കെതിരായ പ്രധാന പ്രതിപക്ഷത്തിന്‍റെ സ്ഥാനം തങ്ങൾ ഏറ്റെടുത്തിരിക്കുകയാണെന്ന് ടി.എം.സി അവകാശപ്പെട്ടു. കോണ്‍ഗ്രസാണ് പ്രധാന പ്രതിപക്ഷം. എന്നാൽ, ബി.ജെ.പിയെ തടയാൻ അവർക്ക് കഴിഞ്ഞില്ലെന്നും മുഖപത്രം ആരോപിക്കുന്നു.
ബംഗാളിനു പുറമെ മറ്റു സംസ്ഥാനങ്ങളില്‍ കൂടി ചുവടുറപ്പിക്കാനുള്ള നീക്കത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഗോവ, മേഘാലയ, ത്രിപുര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ടി.എം.സിയുടെ കണ്ണ്. ഗോവയിൽ നിന്നുള്ള ലൂയിസിഞ്ഞോ ഫലീറോ, അസമിൽ നിന്നുള്ള സുസ്മിത ദേവ് തുടങ്ങിയ മുൻ കോൺഗ്രസ് നേതാക്കളും ഈയിടെ മമത ബാനർജിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. മേഘാലയ മുൻ മുഖ്യമന്ത്രി മുകൾ സാങ്മയടക്കം 12 കോൺഗ്രസ് എം.എൽ.എമാർ തൃണമൂലിലേക്ക് ചേക്കേറിയതും പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.