ബംഗാളിൽ തൃണമൂൽ വനിതാ നേതാവിനെയും ഭർത്താവിനെയും മകളേയും വീട്ടിൽക്കയറി വെട്ടിക്കൊന്നു
|ആക്രമണത്തിനു പിന്നാലെ മുഖ്യ പ്രതിയെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത് പൊലീസിലേൽപ്പിച്ചു.
കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് വനിതാ നേതാവിനെയും ഭർത്താവിനെയും മകളേയും വീട്ടിൽക്കയറി വെട്ടിക്കൊന്നു. കൂച്ച് ബെഹാർ ജില്ലയിലെ സിതൽകുച്ചിയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.
തൃണമൂൽ പ്രാദേശിക നേതാവ് നീലിമ ബർമൻ (52), ഭർത്താവ് ബിമൽ കുമാർ ബർമൻ (68), മകൾ റൂണ ബർമൻ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഇളയമകൾ 22കാരി ഇതി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണത്തിനു പിന്നാലെ മുഖ്യ പ്രതിയായ വിഭൂതി ഭൂഷൺ റോയിയെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്തു. തുടർന്ന് പൊലീസിനു കൈമാറിയ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേരെ കൂടി ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
പുലർച്ച 4.40ഓടെ വിഭൂതി ഭൂഷണും രണ്ട് കൂട്ടാളികളും വീട്ടിൽ അതിക്രമിച്ചു കയറുകയും കുടുംബത്തെ മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട് ആക്രമിക്കുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു. നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ആക്രമണത്തിന് ശേഷം രക്ഷപെടാൻ ശ്രമിക്കവെ മുഖ്യപ്രതിയെ പിടികൂടുകയായിരുന്നു.
അതേസമയം, സംഭവത്തിൽ ബിമൽ ബർമാന്റെ ഒരു മകളും മുഖ്യപ്രതിയും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതോടൊപ്പം, സാധ്യമായ എല്ലാ കാരണങ്ങളും അന്വേഷിച്ചുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഇതേസമയം, ഇവിടെ നിന്ന് 600 കി.മീ അപ്പുറത്ത് നാദിയ ജില്ലയിൽ മറ്റൊരു നേതാവിനെ വെടിവച്ച് കൊന്നു. ഹൻസ്ക്ഷലി ബ്ലോക്കിലെ അഹമ്മദ് അലി ബിശ്വാസ് എന്ന നേതാവാണ് കൊല്ലപ്പെട്ടത്.
പുലർച്ച ഇവിടുത്തെ പച്ചക്കറി ചന്തയിലേക്ക് ഇറങ്ങിയ അഹമ്മദ് അലിയെ ബൈക്കിലെത്തിയ രണ്ട് പേർ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു. മരിച്ചയാളും അക്രമികളും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും ഏതാനും മിനിറ്റുകൾക്ക് ശേഷം അക്രമികളിലൊരാൾ തോക്ക് എടുത്ത് വെടിയുതിർക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.
വെടിയേറ്റ ഉടൻ തന്നെ പ്രദേശവാസികൾ അഹമ്മദ് അലിയെ ബഗുല ഗ്രാമീൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.