ബംഗാൾ അധ്യാപക നിയമന തട്ടിപ്പ്: തൃണമൂൽ എം.എൽ.എ ജിബാൻ കൃഷ്ണ സാഹ അറസ്റ്റിൽ
|അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന മൂന്നാമത്തെ തൃണമൂൽ എം.എൽ.എയാണ് സാഹ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അധ്യാപക നിയമന തട്ടിപ്പ് കേസിൽ ഒരു തൃണമൂൽ കോൺഗ്രസ് എം.എൽ.എ കൂടി അറസ്റ്റിൽ. ബുർവാൻ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ ആയ ജിബാൻ കൃഷ്ണ സാഹയെ ആണ് ബുർവാനിലെ വസതിയിൽനിന്ന് സി.ബി.ഐ കസ്റ്റഡിയിലെടുത്തത്. ഏപ്രിൽ 14 മുതൽ അദ്ദേഹത്തെ സി.ബി.ഐ ചോദ്യം ചെയ്തുവരികയായിരുന്നു.
സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ വൻ വാഹനവ്യൂഹത്തിന്റെ അകമ്പടിയിലാണ് ഇന്ന് രാവിലെ സാഹയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. അദ്ദേഹത്തെ കൊൽക്കത്തയിലെ സി.ബി.ഐ ഓഫീസിലെത്തിച്ചതായാണ് വിവരം.
സി.ബി.ഐ റെയ്ഡിനിടെ എം.എൽ.എയുടെ രണ്ട് മൊബൈൽ ഫോണുകൾ അദ്ദേഹം എറിഞ്ഞു കളഞ്ഞതായി ആരോപണമുയർന്നിരുന്നു. ഇതിൽ ഒന്ന് മുർഷിദാബാദിലെ അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന കുളത്തിൽനിന്ന് ഞായറാഴ്ച വൈകീട്ട് കണ്ടെത്തിയിരുന്നു.
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന മൂന്നാമത്തെ തൃണമൂൽ എം.എൽ.എയാണ് സാഹ. സംസ്ഥാന സർക്കാരിന് കീഴിലെ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക അനധ്യാപക ജീവനക്കാരുടെ നിയമനത്തിൽ ക്രമക്കേട് നടന്നതായി ആരോപിക്കപ്പെടുന്ന 2014 മുതൽ 2021 വരെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാർഥ ചാറ്റർജിയും മറ്റൊരു എം.എൽ.എ മണിക് ഭട്ടാചാര്യയും നേരത്തെ അറസ്റ്റിലായിരുന്നു. പശ്ചിമ ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡിന്റെ മുൻ പ്രസിഡന്റാണ് ഭട്ടാചാര്യ.