സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനെതിരെ ലോക്പാലിൽ പരാതി നൽകി മഹുവ മൊയ്‌ത്ര
|സെബി ചെയർപേഴ്സനെ സസ്പെൻഡ് ചെയ്യണമെന്ന് തൃണമൂൽ കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു
ന്യൂഡൽഹി: അദാനി കമ്പനികളിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനെതിരെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര ലോക്പാലിൽ പരാതി നൽകി.
നേരിട്ടും ഓൺലൈനുമായാണ് പരാതി നൽകിയിരിക്കുന്നത്. 30 ദിവസത്തിനുള്ളിൽ പരാതി സിബിഐക്കോ ഇഡിക്കോ കൈമാറണെമന്നതാണ് നിയമമെന്നും മഹുവ പറഞ്ഞു. ഗുരുതരമായ ക്രമക്കേടുകൾ നടന്നുവെന്ന് പരാതി ഉയർന്നിട്ടും അദാനി ഗ്രൂപ്പിനെതിരെ നടപടിയെടുക്കാൻ സെബി തയ്യാറാകാത്തത് കമ്പനിയുമായി ബന്ധപ്പെട്ട ഓഫ്‌ഷോർ ഫണ്ടുകളിൽ മാധബി പുരിക്കും ഭർത്താവിനും ഓഹരി പങ്കാളിത്തമുള്ളതുകൊണ്ടതാണെന്ന് യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് ആരോപിച്ചിരുന്നു.
ദേശീയ താൽപ്പര്യങ്ങളെയും കോടിക്കണക്കിന് നിക്ഷേപകരെയും ബാധിക്കുന്ന വിഷയമായതിനാൽ ഇക്കാര്യം ഗൗരവമായി അന്വേഷിക്കണമെന്ന് മൂന്ന് പേജുള്ള കത്തിൽ മൊയ്ത്ര ആവശ്യപ്പെട്ടു. ക്രമക്കേടുമായി ബന്ധമുള്ള മുഴുവൻ സ്ഥാപനങ്ങളുടെ അധികാരികളെ വിളിച്ചുവരുത്തുകയും എല്ലാ ബന്ധങ്ങളും അന്വേഷിക്കണമെന്നും അവർ പറഞ്ഞു. സെബി ചെയർപേഴ്സനെ സസ്പെൻഡ് ചെയ്യണമെന്ന് തൃണമൂൽ കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.