India
മുഴുവൻ വീട്ടമ്മമാർക്കും മാസത്തിൽ 5,000 രൂപ; ഗോവയിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി മമത
India

മുഴുവൻ വീട്ടമ്മമാർക്കും മാസത്തിൽ 5,000 രൂപ; ഗോവയിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി മമത

Web Desk
|
11 Dec 2021 12:11 PM GMT

സാമ്പത്തിക നൊബേൽ ജേതാവ് അഭിജിത് ബാനർജിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടി.

അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി. പാർട്ടി അധികാരത്തിലെത്തിയാൽ മുഴുവൻ വീട്ടമ്മമാർക്കും മാസത്തിൽ 5,000 രൂപ വീതം നൽകുമെന്നാണ് വാഗ്ദാനം.

ബംഗാളിൽ പാർട്ടി ഇത് വിജയകരമായി നടപ്പാക്കിയതാണെന്നും ഗോവയിൽ 3.51 ലക്ഷം വീട്ടമ്മമാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും തൃണമൂൽ എംപി മഹുവ മൊയ്ത്ര പറഞ്ഞു.

സാമ്പത്തിക നൊബേൽ ജേതാവ് അഭിജിത് ബാനർജിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടി. നോട്ട് നിരോധനവും കോവിഡും സമ്പദ്‌വ്യവസ്ഥയെ ചുരുക്കിയിരിക്കുകയാണ്. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള മാർഗം പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലേക്ക് പണമെത്തിക്കുകയെന്നതാണ്. ഒരു സ്ത്രീയുടെ കയ്യിൽ 5,000 രൂപയെത്തിയാൽ കുട്ടികൾക്ക് വസ്ത്രങ്ങളും മരുന്നും വാങ്ങാം. ആ പണം വേഗത്തിൽ സമ്പദ്‌വ്യവസ്ഥയിലേക്ക് പോവും-മൊയ്ത്ര പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീടുകൾ തോറും പുതിയ പദ്ധതിയെക്കുറിച്ച് പരിചയപ്പെടുത്തുമെന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി.

Similar Posts