'മോദിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കില്ല, ആശംസ രാജ്യത്തിനും ജനങ്ങൾക്കും': മമത ബാനർജി
|''ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി സര്‍ക്കാര്‍ ഉണ്ടാക്കുമ്പോള്‍ ആശംസകള്‍ നേരാന്‍ എനിക്കാവില്ല''
കൊല്‍കത്ത: മൂന്നാം എന്‍.ഡി.എ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മമത. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച തൃണമൂല്‍ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മമത മാധ്യമങ്ങളെ കണ്ടത്.
ഞങ്ങൾക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. ഇനി ലഭിച്ചാലും പങ്കെടുക്കില്ലെന്നും മമത കൂട്ടിച്ചേർത്തു. ''ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി സര്‍ക്കാര്‍ ഉണ്ടാക്കുമ്പോള്‍ ആശംസകള്‍ നേരാന്‍ എനിക്കാവില്ല. രാജ്യത്തിനും ജനങ്ങള്‍ക്കുമാണ് എന്റെ ആശംസ. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഞാന്‍ എം.പിമാരോട് ആവശ്യപ്പെട്ടു. ഞങ്ങള്‍ നിങ്ങളുടെ പാര്‍ട്ടിയെ പിളര്‍ത്തില്ല, എന്നാല്‍ നിങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍നിന്ന് തന്നെ വിഭജനമുണ്ടാകും. നിങ്ങളുടെ പാര്‍ട്ടിയിലുള്ളവര്‍ തൃപ്തരല്ല'', മമത ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കി.
അതേസമയം സുദീപ് ബന്ദ്യോപാധ്യായയെ ലോക്‌സഭയിലെ നേതാവായി മമത നിയമിച്ചു. ഡോ. കക്കോലി ഘോഷ് ദസ്തിദാറിനെ ഉപനേതാവായും തെരഞ്ഞെടുത്തു. കല്യാൺ ബാനർജിയാണ് ലോക്‌സഭയിലെ പാര്‍ട്ടിയുടെ ചീഫ് വിപ്പ്. രാജ്യസഭയിൽ ഡെറക് ഒബ്രിയനെയാണ് പാർട്ടി നേതാവായി തെരഞ്ഞെടുത്തത്. ഉപനേതാവായി സാഗരിക ഘോഷും രാജ്യസഭാ ചീഫ് വിപ്പായി നദിമുൽ ഹഖിനെയും തെരഞ്ഞെടുത്തു.
തൃണമൂൽ കോൺഗ്രസ്സിൻ്റെ പാർലമെൻ്ററി സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും ഇരുസഭകളിലും നേതൃത്വപരമായ ഇടപെടലുകള്‍ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നിയമനം. അതേസമയം കർഷകരുടെ മുന്നേറ്റത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ടിഎംസിയുടെ നാലംഗ സംഘം (ഡെറക് ഒബ്രയാൻ, സാഗരിക ഘോഷ്, ഡോല സെൻ, നദിമുൽ ഹക്ക്) പഞ്ചാബിലേക്ക് പോകുമെന്നും മമത ബാനർജി കൂട്ടിച്ചേര്‍ത്തു.
പശ്ചിമബംഗാളില്‍ തൃണമൂൽ കോൺഗ്രസ് 29 സീറ്റുകളാണ് നേടിയത്. ബി.ജെ.പി 12 സീറ്റുകൾ സ്വന്തമാക്കിയപ്പോൾ കോൺഗ്രസിന് നേടാനായത് ഒരൊറ്റ സീറ്റാണ്.