അധ്യാപക നിയമന കുംഭകോണം; ടിഎംസി യുവനേതാവ് അറസ്റ്റിൽ
|കുന്തൽ ഘോഷ് 325 ഉദ്യോഗാർത്ഥികളിൽ നിന്ന് ഒരു ലക്ഷം രൂപ കൈപ്പറ്റിയെന്ന് സിബിഐ
കൊൽക്കത്ത: ബംഗാളിൽ അധ്യാപക നിയമന അഴിമതിക്കേസിൽ തൃണമൂൽ കോൺഗ്രസ് യുവജന വിഭാഗം അംഗം കുന്തൽ ഘോഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ഹൂഗ്ലിയിൽ നിന്നുള്ള ടിഎംസിയുടെ യൂത്ത് വിംഗ് അംഗമാണ് ഘോഷ്. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഇഡി ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഫ്‌ളാറ്റുകൾ റെയ്ഡ് ചെയ്തിരുന്നു.
തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുന്തൽ ഘോഷിനെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. 2014 നും 2021 നും ഇടയിൽ പശ്ചിമ ബംഗാളിൽ ഉടനീളമുള്ള സർക്കാർ സ്‌കൂളുകളിൽ അധ്യാപകരായും ജീവനക്കാരായും നിയമിക്കാമെന്ന് പറഞ്ഞ് തൃണമൂൽ കോൺഗ്രസ് നേതാക്കൾ 100 കോടി രൂപ തട്ടിയെടുത്തതായും സിബിഐ യുടെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ബംഗാളിലെ സ്വകാര്യ കോളജുകളുടെയും സ്ഥാപനങ്ങളുടെയും അസോസിയേഷന്റെ പ്രസിഡന്റും ടിഎംസി എംഎൽഎയും പശ്ചിമ ബംഗാൾ പ്രാഥമിക വിദ്യാഭ്യാസ ബോർഡ് മുൻ പ്രസിഡന്റുമായ മണിക് ഭട്ടാചാര്യയുടെ അടുത്ത സഹായിയുമാണ് അറസ്റ്റിലായ കുന്തൽ ഘോഷ്.
കുന്തൽ ഘോഷ് 325 ഉദ്യോഗാർത്ഥികളിൽ നിന്ന് ഒരു ലക്ഷം രൂപ കൈപ്പറ്റിയെന്നും സിബിഐ പറഞ്ഞിരുന്നു. പ്രെമറി സ്‌കൂൾ അധ്യാപക ജോലിക്കായി കുന്തൽ ഘോഷ് അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയുണ്ട്.