'അന്ന് സ്ത്രീവേഷത്തിൽ ഓടിപ്പോയത് എന്തുകൊണ്ടാണെന്ന് ഇപ്പോ മനസിലായി'; രാം ദേവിനെ പരിഹസിച്ച് മഹുവ മൊയ്ത്ര
|രാംദേവിന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്
മുംബൈ: സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് യോഗ ഗുരു ബാബ രാംദേവ് നടത്തിയ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 'സാരിയിലും സൽവാറിലും സ്ത്രീകൾ സുന്ദരികളാണ്. എന്റെ കണ്ണുകളിലൂടെ നോക്കുകയാണെങ്കിൽ അവർ ഒന്നും ധരിച്ചില്ലെങ്കിലും സുന്ദരിമാരായിരിക്കും.. ഇതായിരുന്നു രാംദേവിന്റെ പരാമർശം. ഇതിനെതിരെ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളടക്കം രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
''ഇപ്പോൾ എനിക്ക് മനസ്സിലായി... പതഞ്ജലി ബാബ രാംലീല മൈതാനത്തുനിന്ന് സ്ത്രീ വേഷത്തിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത് എന്തിനാണെന്ന്. സാരിയും സൽവാറും മറ്റു ചിലതുമാണ് ഇഷ്ടമാണെന്ന് അദ്ദേഹം പറയുന്നു. തലച്ചോറിനു കുഴപ്പമുള്ളതുകൊണ്ട് കാണുന്നതെല്ലാം വ്യത്യസ്തമായിരിക്കും.'' മഹുവ ട്വീറ്റ് ചെയ്തു.
2011ലെ സംഭവത്തെക്കുറിച്ചായിരുന്ന മഹുവ പറഞ്ഞത്. ഡൽഹിയിലെ രാംലീല മൈതാനത്തെ പ്രതിഷേധ സ്ഥലത്തു നിന്ന് സ്ത്രീവേഷത്തിൽ ആയിരുന്നു രാംദേവ് രക്ഷപ്പെട്ടത്. വെള്ള സൽവാർ ധരിച്ച്, ദുപ്പട്ട കൊണ്ട് തല മറച്ച് പ്രതിഷേധസ്ഥലത്തിനു പുറത്ത് രാംദേവിനെ പൊലീസ് പിടികൂടിയിരുന്നു. ഈ സംഭവത്തെ ഓർമപ്പെടുത്തിയായിരുന്നു മഹുവയുടെ പരാമർശം.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻറെ ഭാര്യ അമൃത ഫഡ്‌നാവിസ്, മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത് ഷിൻഡെ എന്നിവർ പങ്കെടുത്ത പരിപാടിയിലാണ് രാംദേവ് വിവാദ പരാമർശം നടത്തിയത്.
അതേസമയം, സ്ത്രീകളെ അപമാനിച്ച രാംദേവ് മാപ്പ് പറയണമെന്നായിരുന്നു ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ആവശ്യപ്പെട്ടത്. 'മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ ഭാര്യയുടെ മുന്നിൽവെച്ച് രാംദേവ് നടത്തിയ പ്രസ്താവന മോശവും അപലപനീയവുമാണ്. ഈ പ്രസ്താവന എല്ലാ സ്ത്രീകളെയും വേദനിപ്പിച്ചു. ബാബ രാദേവ് ജി രാജ്യത്തോട് മാപ്പ് പറയണം' എന്നാണ് സ്വാതി മലിവാൾ ട്വീറ്റ് ചെയ്തത്.
രാംദേവിനെതിരെ ശിവസേന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവത്തും രംഗത്തെത്തിയിരുന്നു. രാംദേവ് ഈ പരാമർശം നടത്തിയപ്പോൾ എന്തുകൊണ്ട് അമൃത ഫട്‌നാവിസ് പ്രതിഷേധിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു.