ഫാഷിസത്തെ പരാജയപ്പെടുത്താന്‍ ഇന്‍ഡ്യാ സഖ്യം വിജയിക്കണം: എം.കെ സ്റ്റാലിന്‍
|പ്രധാനമന്ത്രി നരേന്ദ്രമോദി പലതവണ തമിഴ്‌നാട് സന്ദർശിക്കുന്നുണ്ടെങ്കിലും പരാജയഭീതി അദ്ദേഹത്തിൻ്റെ മുഖത്ത് കാണാമായിരുന്നുവെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി
ചെന്നൈ: ഫാഷിസത്തെ പരാജയപ്പെടുത്താനും വർഗീയ രാഷ്ട്രീയത്തിന് പൂർണ വിരാമമിടാനും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്‍ഡ്യാ മുന്നണിക്കായി വിജയത്തിനായി പ്രവർത്തിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുന്നതിനായി ജനാധിപത്യ യുദ്ധത്തിന് തയ്യാറെടുക്കാന്‍ തൻ്റെ 71-ാം ജന്മദിനത്തിന് മുന്നോടിയായി പാർട്ടി കേഡർക്ക് അയച്ച കത്തിൽ സ്റ്റാലിൻ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദി പലതവണ തമിഴ്‌നാട് സന്ദർശിക്കുന്നുണ്ടെങ്കിലും പരാജയഭീതി അദ്ദേഹത്തിൻ്റെ മുഖത്ത് കാണാമായിരുന്നുവെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ഡിഎംകെയെ തകർത്ത് തരിപ്പണമാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം താൻ വഹിക്കുന്ന പദവിക്ക് അപകീർത്തി വരുത്തി. ഡിഎംകെയെ തകർക്കാൻ തുടങ്ങിയവർക്ക് എന്ത് സംഭവിച്ചുവെന്നത് തമിഴ്നാടിൻ്റെ ചരിത്രത്തിലുണ്ടെന്നും കത്തില്‍ പറയുന്നു. "ഞങ്ങളുടെ നേതാവ് കരുണാനിധി ഞങ്ങളെ അങ്ങനെയല്ല വളർത്തിയത്. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ജനാധിപത്യ സംവിധാനത്തിൽ തുടരാൻ ബിജെപിക്ക് അവകാശമുണ്ട്.ഭരണകക്ഷിയെന്ന നിലയിൽ ബി.ജെ.പി പരാജയപ്പെട്ടതിനാൽ ബിജെപി ഒരു നല്ല പ്രതിപക്ഷമായി മാറട്ടെയെന്ന് ആശംസിക്കുന്നു.'' സ്റ്റാലിന്‍ പറഞ്ഞു. കേന്ദ്രപദ്ധതികള്‍ക്ക് ഡിഎംകെ സര്‍ക്കാര്‍ തടയിടുകയാണെന്ന മോദിയുടെ പരാമര്‍ശത്തെക്കുറിച്ചും സ്റ്റാലിന്‍ സൂചിപ്പിച്ചു. ദരിദ്രരുടെ മെഡിക്കൽ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സ്വപ്നങ്ങളെ തകർക്കുന്ന ബലിപീഠമാണിതെന്ന് വാദിച്ചുകൊണ്ട് ദേശീയ യോഗ്യത-പ്രവേശന പരീക്ഷയെ (നീറ്റ്) തൻ്റെ പാർട്ടി എതിർത്തതായി അദ്ദേഹം വ്യക്തമാക്കി. ഒരു സംസ്ഥാന സർക്കാരിന് നൽകാനുള്ള ഫണ്ട് നൽകാതെ, വായ്പയെടുക്കുന്നതിൽ നിന്ന് തടയുകയും പ്രളയദുരിതാശ്വാസം പോലും നൽകാതിരിക്കുകയും ചെയ്ത മോദിക്ക് ഡിഎംകെയിൽ തെറ്റ് കണ്ടെത്താൻ കഴിയില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഗൂഢാലോചനകളുടെ ലിസ്റ്റ് തമിഴ്‌നാട്ടിലെ ജനങ്ങളിലേക്ക് എത്തിക്കാൻ തൻ്റെ പാർട്ടി കേഡര്‍മാരോട് ആഹ്വാനം ചെയ്ത സ്റ്റാലിൻ "ആളുകൾ ബോധവാന്മാരാണ്, നമ്മള്‍ അവരെ ഓർമ്മിപ്പിക്കേണ്ടതുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റുകളിലും വിജയിക്കേണ്ടതുണ്ടെന്നും'' പറഞ്ഞു.