ഐക്യ ഇന്ത്യ കെട്ടിപ്പടുക്കാൻ സവർക്കർ പ്രചോദനമാണെന്ന് തമിഴ്നാട് ഗവർണർ; വിമർശനം
|'ബ്രിട്ടീഷുകാരിൽ നിന്ന് ക്രൂരമായ ശാരീരിക- മാനസിക പീഡനം നേരിട്ട ഒരു ഉറച്ച സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു സവർക്കർ'- ഗവർണർ അവകാശപ്പെട്ടു.
ചെന്നൈ: ഐക്യ ഇന്ത്യ കെട്ടിപ്പടുക്കാൻ സവർക്കർ പ്രചോദനമാണെന്ന് തമിഴ്നാട് ഗവർണർ ആർ എൻ രവി. സവർക്കർ ഒരു ഉറച്ച സ്വാതന്ത്ര്യ സമര സേനാനിയായിരുന്നെന്നും ആർ എൻ രവി അവകാശപ്പെട്ടു. ഹിന്ദുത്വ നേതാവായ സവർക്കറുടെ ജന്മദിന വാർഷികത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ഗവർണർ.
'ആൻഡമാൻ ജയിലിൽ 10 വർഷത്തിലേറെയും രത്നഗിരി ജയിലിൽ 16 വർഷവും ബ്രിട്ടീഷുകാരിൽ നിന്ന് ക്രൂരമായ ശാരീരിക- മാനസിക പീഡനം നേരിട്ട ഒരു ഉറച്ച സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു സവർക്കർ. അസംഖ്യം സ്വാതന്ത്ര്യ സമര സേനാനികളെ പ്രചോദിപ്പിച്ച ദീർഘവീക്ഷണമുള്ള ദേശീയ നേതാവ്. സവർക്കറുടെ ത്യാഗങ്ങൾ ഐക്യവും വികസിതവും ശക്തവുമായ ഭാരതം കെട്ടിപ്പടുക്കാൻ എല്ലാ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കും'- ഗവർണർ അവകാശപ്പെട്ടു.
പരാമർശത്തിൽ ഗവർണർക്കെതിരെ വിമർശനവുമായി ഡിഎംകെ രംഗത്തെത്തി. ഗവർണർ ബിജെപിയുടെയും ആർഎസ്എസിൻ്റേയും ഏജൻ്റാണെന്ന് ഡിഎംകെ ആരോപിച്ചു. താൻ ഹിന്ദുത്വയുടെ ഏജൻ്റാണെന്ന് ഗവർണർ ആവർത്തിച്ച് തെളിയിക്കുകയാണെന്നും ഡിഎംകെ വക്താവ് എ ശരവണൻ പറഞ്ഞു.
'സത്യപ്രതിജ്ഞയ്ക്ക് വിരുദ്ധമായ പ്രത്യയശാസ്ത്രം ആവർത്തിക്കാൻ ഗവർണർ തൻ്റെ ഓഫീസ് ഉപയോഗിക്കുന്നു. ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന് തന്റേതായ വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളും ഉണ്ടായിരിക്കാം. അതിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. എന്നാൽ, ഒരു ഭരണഘടനാ പദവി വഹിക്കുമ്പോൾ അദ്ദേഹത്തിന് തൻ്റെ പ്രത്യയശാസ്ത്രം തുറന്ന് പറയാനാവില്ല. അത് അപലപനീയമാണ്'- ശരവണൻ വിശദമാക്കി.
നേരത്തെ, ജനുവരിയിലെ ആദ്യ നിയമസഭാ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം വായിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഗവർണർ നാഥുറാം ഗോഡ്സെയുടെയും സവർക്കറുടേയും പിൻഗാമിയാണെന്ന് തമിഴ്നാട് സ്പീക്കർ എം അപ്പാവു ആരോപിച്ച് മാസങ്ങൾക്ക് ശേഷമാണ് ആൻ എൻ രവിയുടെ സവർക്കർ വാഴ്ത്തൽ.