India
Governor RN Ravi on Tuesday described Savarakar as an inspiration
India

ഐക്യ ഇന്ത്യ കെട്ടിപ്പടുക്കാൻ സവർക്കർ പ്രചോദനമാണെന്ന് തമിഴ്നാട് ​ഗവർണർ; വിമർശനം

Web Desk
|
29 May 2024 11:19 AM GMT

'ബ്രിട്ടീഷുകാരിൽ നിന്ന് ക്രൂരമായ ശാരീരിക- മാനസിക പീഡനം നേരിട്ട ഒരു ഉറച്ച സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു സവർക്കർ'- ​ഗവർണർ അവകാശപ്പെട്ടു.

ചെന്നൈ: ഐക്യ ഇന്ത്യ കെട്ടിപ്പടുക്കാൻ സവർക്കർ പ്രചോദനമാണെന്ന് തമിഴ്നാട് ​ഗവർണർ ആർ എൻ രവി. സവർക്കർ ഒരു ഉറച്ച സ്വാതന്ത്ര്യ സമര സേനാനിയായിരുന്നെന്നും ആർ എൻ രവി അവകാശപ്പെട്ടു. ഹിന്ദുത്വ നേതാവായ സവർക്കറുടെ ജന്മദിന വാർഷികത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ​ഗവർണർ.

'ആൻഡമാൻ ജയിലിൽ 10 വർഷത്തിലേറെയും രത്‌നഗിരി ജയിലിൽ 16 വർഷവും ബ്രിട്ടീഷുകാരിൽ നിന്ന് ക്രൂരമായ ശാരീരിക- മാനസിക പീഡനം നേരിട്ട ഒരു ഉറച്ച സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു സവർക്കർ. അസംഖ്യം സ്വാതന്ത്ര്യ സമര സേനാനികളെ പ്രചോദിപ്പിച്ച ദീർഘവീക്ഷണമുള്ള ദേശീയ നേതാവ്. സവർക്കറുടെ ത്യാഗങ്ങൾ ഐക്യവും വികസിതവും ശക്തവുമായ ഭാരതം കെട്ടിപ്പടുക്കാൻ എല്ലാ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കും'- ​ഗവർണർ അവകാശപ്പെട്ടു.

പരാമർശത്തിൽ ​ഗവർണർക്കെതിരെ വിമർശനവുമായി ഡിഎംകെ രം​ഗത്തെത്തി. ഗവർണർ ബിജെപിയുടെയും ആർഎസ്എസിൻ്റേയും ഏജൻ്റാണെന്ന് ഡിഎംകെ ആരോപിച്ചു. താൻ ഹിന്ദുത്വയുടെ ഏജൻ്റാണെന്ന് ഗവർണർ ആവർത്തിച്ച് തെളിയിക്കുകയാണെന്നും ഡിഎംകെ വക്താവ് എ ശരവണൻ പറഞ്ഞു.

'സത്യപ്രതിജ്ഞയ്ക്ക് വിരുദ്ധമായ പ്രത്യയശാസ്ത്രം ആവർത്തിക്കാൻ ​​ഗവർണർ തൻ്റെ ഓഫീസ് ഉപയോഗിക്കുന്നു. ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന് തന്റേതായ വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളും ഉണ്ടായിരിക്കാം. അതിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. എന്നാൽ, ഒരു ഭരണഘടനാ പദവി വഹിക്കുമ്പോൾ അദ്ദേഹത്തിന് തൻ്റെ പ്രത്യയശാസ്ത്രം തുറന്ന് പറയാനാവില്ല. അത് അപലപനീയമാണ്'- ശരവണൻ വിശദമാക്കി.

നേരത്തെ, ജനുവരിയിലെ ആദ്യ നിയമസഭാ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം വായിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഗവർണർ നാഥുറാം ഗോഡ്‌സെയുടെയും സവർക്കറുടേയും പിൻഗാമിയാണെന്ന് തമിഴ്‌നാട് സ്പീക്കർ എം അപ്പാവു ആരോപിച്ച് മാസങ്ങൾക്ക് ശേഷമാണ് ആൻ എൻ രവിയുടെ സവർക്കർ വാഴ്ത്തൽ.

Similar Posts