പ്ലേയര്‍ ഉപയോഗിച്ച് പ്രതികളുടെ പല്ലുകള്‍ പിഴുതുമാറ്റിയെന്ന് പരാതി; തമിഴ്നാട്ടില്‍ യുവ ഐ.പി.എസ് ഓഫീസറെ സ്ഥലം മാറ്റി
|അസിസ്റ്റന്റ് സൂപ്രണ്ട് ബൽവീർ സിംഗാണ് കസ്റ്റഡിയിലെടുത്ത പ്രതികളെ മർദിച്ച ശേഷം പല്ലുകൾ പറിച്ചെടുത്തത്
ചെന്നൈ: പൊലീസ് മർദനവും അതേ തുടർന്നുണ്ടാകുന്ന മരണങ്ങളുമെല്ലാം നാട്ടിലെ നിത്യസംഭവാമായി മറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ തമിഴ്‌നാട്ടിൽ നിന്നാണ് പൊലീസ് അതിക്രമത്തിന്റെ ക്രൂരമായൊരു വാർത്ത പുറത്തുവരുന്നത്. ഒരുകൂട്ടം യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം കട്ടിംഗ് പ്ലേയർ ഉപയോഗിച്ച് അവരുടെ പല്ലുകൾ പിഴിതെടുത്തുവെന്നാണ് പരാതി. തിരുന്നൽവേലിയിലാണ് സംഭവം.
യുവ ഐ.പി.എസ് ഓഫീസർക്കെതിരെയാണ് പരാതി ഉയർന്നത്. അസിസ്റ്റന്റ് സൂപ്രണ്ട് ബൽവീർ സിംഗാണ് കസ്റ്റഡിയിലെടുത്ത പ്രതികളെ മർദിച്ച ശേഷം പല്ലുകൾ പറിച്ചെടുത്തത്. പെറ്റിക്കേസുകളിൽ പ്രതികളായ യുവാക്കളെ കസ്റ്റഡിയിലെടുത്ത ശേഷം സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ ക്രൂരമായി മർദിക്കുകയും കട്ടിംഗ് പ്ലെയർ ഉപയോഗിച്ച് പല്ലുകൾ പിഴിതെടുത്തെന്നുമാണ് പരാതി. പരിക്കേറ്റ യുവാക്കളിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മർദനത്തിനിരയായവരിൽ ഒരാൾ തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
നിരവധി പേരെ പൊലീസ് ഉദ്യോഗസ്ഥൻ ഇത്തരത്തിൽ ആക്രമിച്ചിട്ടുണ്ടെന്നും പല്ല് പറിക്കുന്നതാണ് ഇയാളുടെ പ്രധാന പീഡന മാർഗമെന്നും നേതാജി സുഭാഷ് സേനയുടെ അഭിഭാഷകനായ മഹാരാജൻ പറഞ്ഞു. 40 ഓളം പേരുടെ പല്ലുകൾ സിംഗ് ഇത്തരത്തിൽ പറിച്ചെടുത്തിട്ടുണ്ടെന്നും ഇയാളെ അറസ്റ്റ് ചെയ്ത് സർവീസിൽ നിന്ന് പുറത്താക്കണമെന്നും മഹാരാജൻ പറഞ്ഞു. അംബാസമുദ്രത്തിൽ നിയമനം ലഭിച്ചതു മുതൽ നിരവധി കസ്റ്റഡി പീഡനങ്ങളിൽ ഉദ്യോഗസ്ഥൻ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി പരാതികള്‍ ഉയര്‍ന്നതോടെ ഇയാളെ സ്ഥലം മാറ്റി.