India
പാർലമെന്റിൽ പ്രതിഷേധം; ടി.എൻ പ്രതാപൻ, രമ്യാ ഹരിദാസ് ഉൾപ്പെടെ 4 കോൺഗ്രസ് എം.പിമാർക്ക് സസ്‌പെൻഷൻ
India

പാർലമെന്റിൽ പ്രതിഷേധം; ടി.എൻ പ്രതാപൻ, രമ്യാ ഹരിദാസ് ഉൾപ്പെടെ 4 കോൺഗ്രസ് എം.പിമാർക്ക് സസ്‌പെൻഷൻ

Web Desk
|
25 July 2022 10:58 AM GMT

പ്ലക്കാർഡ് ഉയർത്തി പ്രതിഷേധം ഉയർത്തിയതിനാണ് നടപടി

ന്യൂഡൽഹി: പാർലമെന്റിൽ പ്രതിഷേധിച്ചതിന് ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെ നാല് കോൺഗ്രസ് എം.പിമാരെ സസ്‌പെൻഡ് ചെയ്തു. മാണിക്യം ടാഗോര്‍, ജ്യോതി മണി എന്നിവരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട മറ്റ് എം.പിമാര്‍. സഭാ കാലയളവ് വരെ സസ്‌പെൻഷൻ തുടരും.

പാർലമെന്റിൽ രണ്ടാം ആഴ്ചയും കനത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്. വിലക്കയറ്റം, ജി.എസ്.ടി ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ഇന്ന് പ്രതിപക്ഷം ഉയർത്തിയത്. പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധം കനത്തതോടെയായിരുന്നു സ്പീക്കർ ഓം ബിർല കർശനമായ നടപടി സ്വീകരിച്ചത്. പ്രതിഷേധം കനത്തതോടെ സഭാ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

പ്ലക്കാർഡ് ഉയർത്തിയുള്ള പ്രതിഷേധം പാടില്ലെന്ന് രണ്ടു മണിക്ക് ലോക്‌സഭ ആരംഭിച്ചപ്പോൾ തന്നെ സ്പീക്കർ വ്യക്തമാക്കിയിരുന്നു. മൂന്നു മണിക്ക് സഭാ സമ്മേളനം ചേരുമ്പോൾ വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. ഈ ഘട്ടത്തിൽ പ്ലക്കാർഡുകളും പ്രിന്റ് ചെയ്ത നോട്ടീസുകളും ഉൾപ്പെടെ ഉയർത്തിയുള്ള പ്രതിഷേധം പാടില്ലെന്നും സ്പീക്കർ അറിയിച്ചിരുന്നു. എന്നാൽ, മൂന്നു മണിക്ക് സമ്മേളനം ആരംഭിച്ചതോടെ പ്രതിപക്ഷ എം.പിമാർ വിലക്ക് ലംഘിച്ച് പ്ലക്കാർഡുകളുമായി എത്തുകയായിരുന്നു. പ്രതിഷേധം ശക്തി പ്രാപിച്ചതോടെ സഭാ നടപടികൾ തടസപ്പെട്ടു. തുടർന്നാണ് നാല് കോൺഗ്രസ് എം.പിമാരെ സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ തവണയും പ്രതിഷേധത്തിന്റെ പേരിൽ പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെയുള്ള കോൺഗ്രസ് എം.പിമാരെ സസ്‌പെൻഡ് ചെയ്തിരുന്നു. സ്പീക്കറുടെ നടപടിയെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു.

Summary: 4 Congress MPs including TN Prathapan and Ramya Haridas suspended from Lok Sabha for entire session after protests

Similar Posts