India
ദലിത് വിദ്യാര്‍ഥികളെ കൊണ്ട്  ഒരു വര്‍ഷത്തോളം കക്കൂസ് കഴുകിപ്പിച്ചു; സ്കൂള്‍ ഹെഡ്മിസ്ട്രസ് അറസ്റ്റില്‍
India

ദലിത് വിദ്യാര്‍ഥികളെ കൊണ്ട് ഒരു വര്‍ഷത്തോളം കക്കൂസ് കഴുകിപ്പിച്ചു; സ്കൂള്‍ ഹെഡ്മിസ്ട്രസ് അറസ്റ്റില്‍

Web Desk
|
3 Dec 2022 12:53 PM GMT

തോപ്പുപാളയം ഗ്രാമത്തിലെ വിദ്യാർഥികളെ നിര്‍ബന്ധിച്ച് കക്കൂസ് കഴുകിപ്പിക്കുകയായിരുന്നു ഗീതാ റാണി

പെരുന്തുരൈ: ദലിത് വിദ്യാര്‍ഥികളെ കൊണ്ട് ഒരു വര്‍ഷത്തോളം കക്കൂസ് കഴുകിപ്പിച്ച സ്കൂള്‍ ഹെഡ്മിസ്ട്രസ് അറസ്റ്റില്‍. പെരുന്തുരൈ പാലക്കര പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്‌കൂളിലെ എച്ച്.എം ഗീതാ റാണിയെയാണ് ശനിയാഴ്ച ഈറോഡ് പൊലീസ് അറസ്റ്റ് ചെയ്തത്. തോപ്പുപാളയം ഗ്രാമത്തിലെ വിദ്യാർഥികളെ നിര്‍ബന്ധിച്ച് കക്കൂസ് കഴുകിപ്പിക്കുകയായിരുന്നു ഗീതാ റാണി.

നവംബർ 21ന് ഒരു വിദ്യാർഥിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.ഈറോഡ് സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച 10 വയസുകാരന്‍റെ രക്തസാമ്പിൾ പരിശോധിച്ചപ്പോള്‍ ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ''വൃത്തിഹീനമായ സ്ഥലങ്ങളിൽ മാത്രമാണ് ഡെങ്കിപ്പനി പടരുന്നത്. എങ്ങനെയാണ് ഡെങ്കിപ്പനി പിടിപെട്ടതെന്ന് അറിയാൻ ശ്രമിക്കുന്നതിനിടെ, നവംബർ 18ന് സ്‌കൂളിലെ ശൗചാലയം വൃത്തിയാക്കാൻ ആവശ്യപ്പെട്ടെന്നും അവിടുത്തെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കൊതുകുകടിയേറ്റെന്നും കുട്ടി തങ്ങളോട് പറഞ്ഞുവെന്ന്'' അമ്മാവന്‍ കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി. അന്വേഷണത്തില്‍ ഹെഡ്മിസ്ട്രസ് കുട്ടികളെ കൊണ്ട് സ്ഥിരം കക്കൂസ് കഴുകിക്കാറുണ്ടെന്ന് കണ്ടെത്തി. സ്‌കൂൾ വളപ്പിനുള്ളിലെ രണ്ട് ശുചിമുറികൾ വൃത്തിയാക്കാനാണ് ദലിത് വിഭാഗത്തിൽപ്പെട്ട വിവിധ ക്ലാസുകളിലെ ആറ് വിദ്യാർഥികളോട് ആവശ്യപ്പെട്ടത്. അവയിലൊന്ന് വിദ്യാർഥികൾ ഉപയോഗിക്കുന്നതും മറ്റൊന്ന് അധ്യാപകരുടേതുമായിരുന്നു.

''എന്‍റെ അനന്തരവന്‍ മാസങ്ങളോളം കക്കൂസ് വൃത്തിയാക്കി. അതു ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. കക്കൂസ് വൃത്തിയാക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ടത് എച്ച്.എം ആയതിനാൽ ഇത് അംഗീകരിക്കാനാവില്ല.ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ശൗചാലയം വൃത്തിയാക്കാനാണ് പ്രധാധന്യാപിക ഞങ്ങളുടെ സമുദായത്തില്‍ പെട്ട കുട്ടികളോട് ആവശ്യപ്പെട്ടത്. ഒരു വർഷത്തോളമായി വാട്ടർ ടാങ്കുകളും ടോയ്‌ലറ്റുകളും വൃത്തിയാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന കുട്ടികളുടെ ശരീരത്തിൽ കുമിളകൾ ഉണ്ട്.'' കൃഷ്ണമൂര്‍ത്തി പറഞ്ഞു. നവംബര്‍ 27നാണ് കൃഷ്ണമൂര്‍ത്തിയുടെ മരുമകന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്.

സംഭവം പുറത്തായതോടെ രക്ഷിതാക്കൾ ചൈൽഡ് ലൈൻ നമ്പറായ 1098-ൽ വിളിച്ച് ഈറോഡ് ചൈൽഡ് വെൽഫെയർ യൂണിറ്റിൽ പരാതി നല്‍കുകയായിരുന്നു. രണ്ടാഴ്ച മുമ്പ്, രക്ഷിതാക്കളിൽ ഒരാൾ എച്ച്‌എമ്മിനെ താക്കീത് ചെയ്യാൻ സ്കൂളിൽ പോയിരുന്നുവെങ്കിലും അവർക്കെതിരെ പരാതി നൽകിയിരുന്നില്ല. വിഷയം ജില്ലാ കലക്ടർ കൃഷ്ണനുണ്ണിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന് അന്വേഷണത്തിന് ഉത്തരവിട്ടതായും റിപ്പോർട്ടുകൾ പറയുന്നു.ഡിസംബർ ഒന്നിന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ദേവിചന്ദ്രയും ഡെപ്യൂട്ടി എഡ്യൂക്കേഷണൽ ഓഫീസർ ധനബാക്കിയവും നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് തെളിയുകയും ചെയ്തു. അന്വേഷണത്തോട് സഹകരിക്കാത്ത ഗീതയെ പിന്നീട് സസ്‌പെൻഡ് ചെയ്തിരുന്നു.

നവംബര്‍ 30ന് പത്തു വയസുകാരന്‍റെ അമ്മ ജയന്തി ഗീതാറാണിക്കെതിരെ പെരുന്തുരൈ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഗീതാ റാണി തന്‍റെ മകനോടും നാലാം ക്ലാസിലെ നാല് വിദ്യാർത്ഥികളോടും മൂന്നാം ഗ്രേഡിലെ ഒരു വിദ്യാർഥിയോടും എല്ലാ ദിവസവും ടോയ്‌ലറ്റുകൾ വൃത്തിയാക്കാൻ ആവശ്യപ്പെട്ടതായി എഫ്‌.ഐ.ആറിൽ പറയുന്നു.ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 മൂന്ന് വർഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. ഒളിവിലായിരുന്ന ഗീതാറാണിയെ പിടികൂടാന്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.

Similar Posts