India
Sudip Roy Barman

സുദീപ് റോയ് ബര്‍മന്‍

India

ത്രിപുരയിലെ രണ്ട് ലോക്‌സഭാ സീറ്റുകളിലും സി.പി.എം പിന്തുണയ്ക്കണമെന്ന് കോണ്‍ഗ്രസ്

Web Desk
|
11 Dec 2023 8:22 AM GMT

വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റക്കാണോ മത്സരിക്കുന്നതെന്ന കാര്യം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൂടിയായ ബര്‍മന്‍ വ്യക്തമാക്കിയിട്ടില്ല

അഗര്‍ത്തല: 2024 ലെ തെരഞ്ഞെടുപ്പിൽ ത്രിപുരയിലെ ലോക്‌സഭാ സീറ്റുകളിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് ഭരണകക്ഷിയായ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള നല്ല മാര്‍ഗമായിരിക്കുമെന്ന് ത്രിപുര കോൺഗ്രസ് നേതാവ് സുദീപ് റോയ് ബർമൻ. എന്നാല്‍ സുദീപിന്‍റെ പരാമര്‍ശത്തോട് ഇടതുക്യാമ്പ് പ്രതികരിച്ചിട്ടില്ല.

വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റക്കാണോ മത്സരിക്കുന്നതെന്ന കാര്യം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൂടിയായ ബര്‍മന്‍ വ്യക്തമാക്കിയിട്ടില്ല. മൂന്ന് മാസം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും സി.പി.എമ്മിന്‍റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയുമായി കോണ്‍ഗ്രസ് സഖ്യം ചേര്‍ന്നാണ് മത്സരിച്ചത്. സീറ്റ് പങ്കുവയ്ക്കലിനെ കുറിച്ച് ഇന്‍ഡ്യ മുന്നണി എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഞങ്ങള്‍ ഇന്‍ഡ്യ മുന്നണിയുടെ തീരുമാനമാണ് പിന്തുടരുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടെങ്കിലും ആകെ ലഭിച്ചത് 13 സീറ്റുകളാണ്. അത് അനീതിയാണ്. പക്ഷേ ഞങ്ങള്‍ അത് സഹിച്ചു. കഴിഞ്ഞ രണ്ട് ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മത്സരിക്കണമെന്ന് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. പക്ഷേ ഒന്നും നല്‍കിയില്ല. ഇത് ലോക്‌സഭാ തെരഞ്ഞെുപ്പാണ്, രാജ്യത്തിനായുള്ള തെരഞ്ഞെടുപ്പാണ്. ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹമുള്ള പാര്‍ട്ടികള്‍ രണ്ട് സീറ്റുകളും കോണ്‍ഗ്രസിന് നല്‍കി പിന്തുണയ്ക്കുന്നത് നല്ല തീരുമാനമായിരിക്കും'' സുദീപ് ബര്‍മന്‍ പറഞ്ഞു.

ത്രിപുരയിൽ രണ്ട് ലോക്‌സഭാ സീറ്റുകളാണുള്ളത്.പട്ടികവർഗ സംവരണമുള്ള ഈസ്റ്റ് മണ്ഡലവും വെസ്റ്റ് മണ്ഡലവും. ഇവ രണ്ടും ഇപ്പോൾ ബി.ജെ.പിക്കൊപ്പമാണ്.തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വിവിധ സ്ഥലങ്ങളിൽ സംഘടനാ യോഗങ്ങൾ ആരംഭിച്ചിട്ടുണ്ട്.ബി.ജെ.പി.യുടെ "ദുർഭരണം" ശ്രദ്ധയിൽപ്പെടുത്തി താഴെത്തട്ടിലുള്ള പിന്തുണ സമാഹരിക്കാനുള്ള പാർട്ടിയുടെ പദ്ധതിയെ കുറിച്ച് ബർമൻ വിശദീകരിച്ചു.

Similar Posts