കളം പിടിക്കാനുറച്ച് കോണ്‍ഗ്രസ്; തെലങ്കാനയില്‍ പ്രിയങ്ക മത്സരിച്ചേക്കും
|1980 ൽ മേദക്കിൽ നിന്ന് വിജയിച്ച മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ പാത പിന്തുരുന്നതാണ് പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം
ഹൈദരാബാദ്: തെലങ്കാന രാഷ്ട്രീയത്തിൽ നിർണായക നീക്കത്തിനൊരുങ്ങി കോൺഗ്രസ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മേദക്കിൽ നിന്നോ മഹ്ബൂബ് നഗർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നോ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ് നേതൃത്വം.
സ്ഥാനാർത്ഥിത്വം പാർട്ടി അന്തിമമാക്കിയാൽ പ്രിയങ്ക തെലങ്കാനയിൽ നിന്ന് തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കും. 1980 ൽ മേദക്കിൽ നിന്ന് വിജയിച്ച മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ പാത പിന്തുരുന്നതാണ് പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം . അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെയുണ്ടായ ദയനീയ പരാജയത്തിന് ശേഷം അധികാരത്തിൽ തിരിച്ചെത്തിയ ഇന്ദിരയെ സംബന്ധിച്ചിടത്തോളം 1980 ലെ തിരഞ്ഞെടുപ്പ് നിർണായകമായിരുന്നു. ഈ വികാരമാണ് മേദക്കിൽ നിന്ന് മത്സരിക്കാമെന്ന ആശയം പ്രിയങ്കയെ പ്രചോദിപ്പിച്ചത്.
മഹ്ബൂബ് നഗറിന്റെ ഓപ്ഷനും പാർട്ടി നേതൃത്വത്തിന്റെ മേശപ്പുറത്ത് നിന്ന് മാറിയിട്ടില്ല. ബി.ആർ.എസ് മേധാവിയും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു 2009 ൽ മഹ്ബൂബ് നഗറിൽ നിന്നാണ് മത്സരിച്ചത്.
2014ൽ മേദക് ലോക്സഭാ മണ്ഡലത്തിൽ നിന്നും ഗജ്വെൽ നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ച കെ.സി.ആർ രണ്ടിലും വിജയിച്ചിരുന്നു. തുടർന്ന്, അതേ വർഷം തന്നെ നടന്ന ഉപതെരഞ്ഞെടുപ്പിലും പിന്നീട് 2019 ലെ തെരഞ്ഞെടുപ്പിലും ബി.ആർ.എസ് നേതാവ് കെ. പ്രഭാകർ റെഡ്ഡി മേദക്കിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ലോക്സഭയിൽ നിന്ന് രാജിവച്ചു.
കെ.സി.ആറിന്റെ ജന്മദേശമായ ജില്ലയാണ് മേദക്. അതുകൊണ്ടുതന്നെ ബി.ആർ.എസിന്റെ കോട്ടകളിലൊന്നായാണ് മേദക് കണക്കാക്കപ്പെടുന്നത്. 2014ൽ മേദക് പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പാർട്ടി വിജയിച്ചിരുന്നു.
2024ലെ പൊതുതിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പൊതുതെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
തെലങ്കാനയിൽ കോൺഗ്രസ് വിജയിച്ചാൽ പ്രിയങ്കയ്ക്ക് അത് കൂടുതൽ എളുപ്പമായേക്കും. പ്രിയങ്ക തെലങ്കാനയിൽ നിന്ന് തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ചാല്‍ വോട്ടർമാരുടെ മൂട് കോൺഗ്രസിന് അനുകൂലമാക്കാനാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഊർജം പകരാൻ ഇത് സഹായിക്കും,' കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല ഏറ്റെടുക്കാനും കർണാടക തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം 20 ദിവസത്തിലൊരിക്കൽ സംസ്ഥാനത്ത് സന്ദർശിക്കാനും പ്രിയങ്ക ആഗ്രഹിക്കുന്നതായി എ.ഐ.സി.സി വൃത്തങ്ങളും സ്ഥിരീകരിച്ചു. തെലങ്കാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 20 പൊതുയോഗങ്ങളിലെങ്കിലും പ്രിയങ്ക പ്രസംഗിക്കുമെന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.