ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ, ജന്മദിനം ആഘോഷമാക്കി മുകേഷ് അംബാനി, സിറാജിനെ സമീപിച്ച വാതുവെപ്പുകാരൻ|TwitterTrending |
|ചൈനയിലെ ജനസംഖ്യ 142കോടി 57 ലക്ഷമാണ്. ചൈനയേക്കാൾ 29 ലക്ഷം ജനങ്ങള്‍ ഇന്ത്യയിൽ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ് സിറാജിനെ സമീപിച്ച വാതുവെപ്പുകാരനും ജനസംഖ്യയിൽ ചൈനയെ മറികടന്നതുൾപ്പടെ ഇന്നത്തെ പ്രധാന ട്വിറ്റർ ട്രെൻഡിങുകൾ പരിശോധിക്കുകയാണ് ഇവിടെ...
142.86 കോടി ജനങ്ങള്‍; ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ(#Population)
ലോകജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തി. 142.86 കോടിയാണ് നിലവില്‍ ഇന്ത്യയിലെ ജനസംഖ്യ. യുഎൻ പോപുലേഷൻ ഫണ്ടിന്റെ പുതിയ ജനസംഖ്യാ റിപ്പോർട്ടിലാണ് കണക്ക് പുറത്തുവന്നത്. ചൈനയിലെ ജനസംഖ്യ 142കോടി 57 ലക്ഷമാണ്. ചൈനയേക്കാൾ 29 ലക്ഷം ജനങ്ങള്‍ ഇന്ത്യയിൽ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്.2022 ൽ 144.85 കോടിയായിരുന്ന ചൈനീസ് ജനസംഖ്യ ഈ വർഷം ആദ്യത്തിൽ 142.57 ആയി കുറഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. 1960 ന് ശേഷം ആദ്യമായാണ് ചൈനീസ് ജനസംഖ്യയിൽ ഗണ്യമായ കുറവുണ്ടാകുന്നത്.
തിരിച്ചുവരുന്നു പ്രസിദ്ധ് കൃഷ്‌ണ? ഒടുവിലാ സസ്‌പെന്‍സ് പൊളിച്ച് രാജസ്ഥാന്‍ റോയല്‍സ്(#PrasidhKrishna)
ഐപിഎല്‍ പതിനാറാം സീസണിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സിനേറ്റ ഏറ്റവും വലിയ തിരിച്ചടി ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്‌ണ പരിക്കേറ്റ് പുറത്തായതായിരുന്നു. പ്രസിദ്ധിന് ഇക്കുറി എല്ലാ മത്സരങ്ങളും നഷ്‌ടമാകും എന്ന് സീസണിന് മുമ്പേ ഉറപ്പായെങ്കിലും രാജസ്ഥാന്‍ റോയല്‍സ് ഇന്ന് പുലര്‍ച്ചെ പങ്കുവെച്ചൊരു അവ്യക്തമായ ട്വീറ്റ് ആരാധകരെ വണ്ടറടിപ്പിച്ചു. പ്രസിദ്ധ് കൃഷ്‌ണയുടെ 24-ാം നമ്പര്‍ ജേഴ്‌സി പ്രിന്‍റ് ചെയ്യുന്നതായിരുന്നു ഇത്. ഇതോടെ താരം സീസണില്‍ തിരിച്ചെത്തും എന്ന അഭ്യൂഹം സാമൂഹ്യ മാധ്യമങ്ങളില്‍ പടര്‍ന്നിരുന്നു.
വീണ്ടും വാതുവെപ്പ്? 'ടീമിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കണം'; സിറാജിനെ സ്വാധീനിക്കാന്‍ ശ്രമം(#Mohammed Siraj#bcci)
വാതുവയ്പ്പുനീക്കവുമായി ഒരാൾ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ സമീപിച്ചതായി റിപ്പോർട്ട്. വിവരം ഉടൻ തന്നെ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെ(എ.സി.യു) താരം അറിയിക്കുകയായിരുന്നു. ഇയാളെ സൈബർ പൊലീസിന്റെ സഹായത്തോടെ പിടികൂടുകയും ചെയ്തു. ഒരു ബി.സി.സി.ഐ വൃത്തത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ ആണ് വാർത്ത പുറത്തുവിട്ടത്. ഹൈദരാബാദ് സ്വദേശിയാണ് സിറാജിനെ വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ടത്. ടീമിനകത്തെ വിവരങ്ങൾ ചോർത്തിക്കൊടുക്കാനായിരുന്നു ഇയാൾ ആവശ്യപ്പെട്ടത്. എന്നാൽ, ഇതിനു വഴങ്ങാതിരുന്ന സിറാജ് വിവരം അധികം വൈകാതെ ബി.സി.സി.ഐയെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ഇന്ത്യ-ആസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്കിടെയായിരുന്നു സംഭവം.
അറുപത്തിയാറാം പിറന്നാൾ ആഘോഷിച്ച് മുകേഷ് അംബാനി(#MukeshAmbaniBirthday)
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ മുകേഷ് അംബാനിയുടെ പിറന്നാളാണ് ഇന്ന്. ഏഷ്യയിലെ ഏറ്റവും വലിയ ധനികനാണ് ഇന്ത്യൻ വ്യവസായ പ്രമുഖനായ മുകേഷ് അംബാനി.ബിസിനസിൽ വിജയം നേടിയതിനെത്തുടർന്ന്, പല മേഖലകളിലേക്കും മുകേഷ് അംബാനി തന്റെ ബിസിനസ് വ്യാപിപ്പിച്ചു. ഓയിൽ ബിസിനസിനു പുറമെ ടെലികോം, റീടെയിൽ മേഖലകളിലെല്ലാം റിലയൻസ് രാജ്യത്തെ ശക്തമായ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു. നിലവിൽ ഇന്ത്യയിലെയും, ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തിയാണ് മുകേഷ് അംബാനി.
Warm birthday greetings to Shri Mukesh Ambani. Your farsightedness and proactive approach have been instrumental in transforming people's lives and taking our nation to new heights. May Lord Dwarkadheesh bless you with good health and happiness.#MukeshAmbani pic.twitter.com/CuwzYyg1I5
— Parimal Nathwani (@mpparimal) April 19, 2023
രാജസ്ഥാൻ റോയൽസിന്റെ പ്ലാൻ ബി, രണ്ട് താരങ്ങളെ സഞ്ജു പുറത്തിരുത്തും, സാധ്യത ഇലവൻ(#RRvsLSG)
പതിനാറാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ മാസ്മരിക ഫോമിലാണ് രാജസ്ഥാൻ റോയൽസ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തോൽവി മുന്നിൽക്കണ്ടതിന് ശേഷം നേടാനായ വിജയം അവരുടെ ആത്മവിശ്വാസം വാനോളം ഉയർത്തിയിട്ടുണ്ട്. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള അവർ സീസണിലെ തങ്ങളുടെ ആറാം മത്സരത്തിൽ ഇന്ന് ലക്നൗ സൂപ്പർ ജയന്റ്സിനെ നേരിടാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ ചില പ്രധാന മാറ്റങ്ങളുമായാകും രാജസ്ഥാൻ ഇന്ന് ഇറങ്ങുക.
ബില്‍ക്കീസ് ബാനു കേസിലെ രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തിനും ഗുജറാത്ത് സര്‍ക്കാരിനും വൈമുഖ്യം: പുനഃപരിശോധനാ ഹരജി നല്‍കിയേക്കും(#BilkisBanocase)
ബിൽക്കീസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ചതിനുള്ള കൃത്യമായ കാരണങ്ങൾ വ്യക്തമാക്കാൻ സുപ്രിംകോടതി ഗുജറാത്ത് സർക്കാരിന് ഇന്നലെ നിർദേശം നല്‍കിയിരുന്നു. എന്നാല്‍ രേഖകൾ ഹാജരാക്കുന്നതിൽ കേന്ദ്ര സർക്കാരും ഗുജറാത്ത് സർക്കാരും വൈമുഖ്യം പ്രകടിപ്പിച്ചു. ഇതു സംബന്ധിച്ച കോടതി ഉത്തരവിൽ പുനഃപരിശോധന ആവശ്യപ്പെടാനാണ് നീക്കം.
മുകുള്‍ റോയ് വീണ്ടും ബിജെപിയിലേക്ക്; 'തൃണമൂലുമായി ഇനി അടുക്കില്ല, അമിത് ഷായെ കാണണം'(#MukulRoy)
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് വീണ്ടും ബി.ജെ.പിയില്‍ തന്നെ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപകന്‍ കൂടിയായ മുകുള്‍ റോയ് മമതയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 2017-ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. 2020-ല്‍ ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റായി അദ്ദേഹം ചുമതല ഏറ്റെടുത്തു.
മധ്യപ്രദേശില്‍ ട്രെയിന്‍ അപകടം; ചരക്കുവണ്ടികള്‍ കൂട്ടിയിടിച്ച് തീപിടിച്ചു(#TrainAccident)
മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച രാവിലെ സിങ്പുര്‍ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ എന്‍ജിനുകള്‍ക്ക് തീപ്പിടിച്ചു. അപകടത്തില്‍ ഒരു ട്രെയിനിന്റെ ലോക്കോ പൈലറ്റ് എന്‍ജിനുള്ളില്‍ കുടുങ്ങി. അപകടത്തില്‍ മറ്റ് മൂന്ന് പേര്‍ക്കും പരിക്കേറ്റു. ഇവരെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സുഡാൻ കലാപം; മരണം 200 കവിഞ്ഞു, യു.എസ് നയതന്ത്ര സംഘത്തെയും യൂറോപ്യൻ യൂണിയൻ അംബാസഡറെയും ആക്രമിച്ചു(#Sudan)
സുഡാൻ സൈന്യവും അർദ്ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർ.എസ്.എഫ് ) തമ്മിലുള്ള ആഭ്യന്തര കലാപത്തിനിടെയുണ്ടായ ആക്രമണങ്ങളിൽ മരണ സംഖ്യ 200 കവിഞ്ഞു. പരിക്കേറ്റവരുടെ എണ്ണം 2,000 പിന്നിട്ടു. അതിനിടെ, യു.എസ് നയതന്ത്രസംഘത്തെയും യൂറോപ്യൻ യൂണിയൻ അംബാസഡറെയും ഇന്നലെ ആക്രമിച്ചു. യൂറോപ്യൻ യൂണിയൻ അംബാസഡർ ഐഡൻ ഒ ഹാര ഖാർത്തൂമിലുള്ള അദ്ദേഹത്തിന്റെ വീട്ടിലാണ് ആക്രമിക്കപ്പെട്ടത്.