പാർലമെന്റ് ഉദ്ഘാടനം, അസംഖാൻ കുറ്റക്കാരനല്ലെന്ന് കോടതി, ലക്‌നൗ- മുംബൈ പോരാട്ടം; ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ സംഭവങ്ങൾ
|പുതിയ പാർലമെന്റ് ഉദ്ഘാടന വാർത്തകളും ലക്‌നൗ- മുംബൈ പോരാട്ടവും ഇന്ന് ട്വിറ്ററിനെ സജീവമാക്കി
'ഇത് മോദിയുടെ ഗൃഹപ്രവേശമല്ല'; പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ മഹുവ മൊയ്ത്ര #parliament
പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. മോദി സ്വന്തം പണം കൊണ്ട് നിർമിച്ച വീടിന്റെ ഗൃഹപ്രവേശനമല്ല നടക്കുന്നതെന്ന് അവർ ട്വീറ്റ് ചെയ്തു.''മുൻഗണനാക്രമത്തിൽ രാഷ്ട്രപതിയാണ് ഒന്നാം സ്ഥാനത്ത്. ഉപരാഷ്ട്രപതി രണ്ടാമനും പ്രധാനമന്ത്രി മൂന്നാമനുമാണ്. ഭരണഘടനാപരമായ കാര്യങ്ങളെക്കുറിച്ച് സർക്കാരിന് അറിയില്ല. ഇത് മോദിജി സ്വന്തം പണം ഉപയോഗിച്ച് നിർമിച്ച വീടിന്റെ ഗൃഹപ്രവേശനമല്ല''- മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ്, ജെ.ഡി.യു, എ.എ.പി, എൻ.സി.പി, ശിവസേന (ഉദ്ധവ് പക്ഷം), ജെ.ഡി.യു, സി.പി.എം തുടങ്ങിയ പാർട്ടികളാണ് ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രിയല്ല രാഷ്ട്രപതിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത്: രാഹുൽ ഗാന്ധി #parliament
പ്രധാനമന്ത്രിയല്ല രാഷ്ട്രപതിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും കഴിഞ്ഞ ദിവസം ഇതേ ആവശ്യമുന്നയിച്ചിരുന്നു. രാജ്യത്തിന്റെ പൊതുസ്വത്തായ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രിയുടെ സംഭാവനയെന്ന രീതിയിലാണ് ബി.ജെ.പി അവതരിപ്പിക്കുന്നത്. എന്നാൽ രാഷ്ട്രത്തിന്റെ മേധാവിയായ രാഷ്ട്രപതിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്യേണ്ടത് എന്ന നിലപാടാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. ഹൈക്കോടതി കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതി ജാർഖണ്ഡിൽ മെയ് 28-നാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്. മറ്റു പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ രംഗത്തുവന്നിരുന്നു. സഭയുടെ നാഥനല്ല, സർക്കാരിന്റെ തലവൻ മാത്രമാണ് പ്രധാനമന്ത്രി എന്ന വിമർശനമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്നത്. ലോക്സഭാ സ്പീക്കറോ രാജ്യസഭാ ചെയർമാനോ മന്ദിരം ഉദ്ഘാടനം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് അസദുദ്ദീൻ ഉവൈസി ചോദിച്ചിരുന്നു.സവർക്കറുടെ ജന്മദിനമായ മെയ് 28-ന് ഉദ്ഘാടനം നടത്തുന്നതിനെതിരെ തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു. സവർക്കറുടെ ജന്മദിനത്തിൽ തന്നെയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവിയായ അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നു.
നിഗൂഢതകളും പരിഹരിക്കാൻ അസുർ 2 #asur2
ഫോറൻസിക് സയൻസിന്റെ ലോകത്തെ ജനപ്രിയ പരമ്പരയായ അസുർ, അതിന്റെ രണ്ടാം സീസൺ 2023 ജൂൺ-ജൂലൈ മാസങ്ങളിൽ റിലീസ് ചെയ്യും. ക്രൈം ത്രില്ലർ വെബ് സീരീസായ അസുർ, 2020 മാർച്ചിൽ വൂട്ട് സെലക്ടിൽ അരങ്ങേറ്റം കുറിക്കുകയും നിരൂപക പ്രശംസയും വാണിജ്യ വിജയവും നേടുകയും ചെയ്ത സീരിസാണ്. ഒരു പുരാതന പുരാണ കഥയുമായി ബന്ധപ്പെട്ട ദാരുണമായ കൊലപാതക പരമ്പരകൾ പരിഹരിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന സിബിഐ ഓഫീസർമാരുടെ ഒരു സംഘത്തെ ചുറ്റിപ്പറ്റിയാണ് അസുർ കഥ പറഞ്ഞത്.ആദ്യ സീസണിന്റെ വിജയത്തോടെ, അസുർ സീസൺ 2 ന്റെ റിലീസിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അസുർ 2 ന്റെ ചിത്രീകരണം പൂർത്തിയായി എന്നതാണ് പുതിയ വാർത്ത, സീരീസ് 2023 ജൂൺ-ജൂലൈ മാസങ്ങളിൽ റിലീസ് ചെയ്തേക്കും.
ബേബി വാക്കർ മുതൽ തണ്ണിമത്തൻ വരെ; സ്വതന്ത്രർക്കുള്ള ചിഹ്നങ്ങൾ പുതുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ #chathisgarhelection
തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥികൾക്ക് തിരഞ്ഞെടുക്കാവുന്ന ചിഹ്നങ്ങളുടെ പട്ടിക പുതുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. വാക്കിംഗ് സ്റ്റിക്ക്, ബേബി വാക്കർ, എയർകണ്ടീഷണർ, ബലൂൺ, വളകൾ തുടങ്ങി 193 ചിഹ്നങ്ങളാണ് പട്ടികയിൽ ഉള്ളത്.സ്വതന്ത്രർക്കും അംഗീകൃതമല്ലാത്ത പാർട്ടികളുടെ സ്ഥാനാർത്ഥികൾക്കുമാണ് ഈ ചിഹ്നങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാൻ സാധിക്കുക. അംഗീകൃത ദേശീയ, സംസ്ഥാന പാർട്ടികൾ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ അവരുടെ ചിഹ്നത്തിൽ തന്നെ മത്സരിക്കും. മിസോറാം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.മിസോറാം നിയമസഭയുടെ കാലാവധി ഡിസംബർ 17 നും ഛത്തീസ്ഗഡ്, മധ്യപ്രദേശ് നിയമസഭകളുടെ കാലാവധി അടുത്ത വർഷം ജനുവരി 3 നും ജനുവരി 6 നും അവസാനിക്കും. രാജസ്ഥാൻ, തെലങ്കാന നിയമസഭകളുടെ കാലാവധി തീരുന്നത് ജനുവരി 14 നും ജനുവരി 16 നുമാണ്.
യോഗിക്കെതിരെ വിദ്വേഷ പ്രസംഗം: കേസിൽ അസംഖാൻ കുറ്റക്കാരനല്ലെന്ന് രാംപൂർ കോടതി #azamkhan
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കമുള്ളവർക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ സമാജ് വാദി പാർട്ടി നേതാവ് അസംഖാൻ കുറ്റക്കാരനല്ലെന്ന് രാംപൂർ കോടതി. വിചാരണ കോടതിയുടെ ശിക്ഷ മേൽക്കോടതി റദ്ദാക്കി. വിചാരണ കോടതിയുടെ ഉത്തരവിനെ തുടർന്ന് അസം ഖാന് എംഎൽഎ സ്ഥാനം നഷ്ടമായിരുന്നു. തുടർന്ന് അസം ഖാന്റെ മണ്ഡലമായ രാംപൂരിൽ തെരഞ്ഞെടുപ്പ് നടക്കുകയും ബിജെപി സ്ഥാനാർഥി ആകാശ് സക്സേന വിജയിക്കുകയും ചെയ്തിരുന്നു.വിവാദ പ്രസംഗം നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് 2022ൽ അസം ഖാനെ റാംപൂർ എംഎൽഎ സ്ഥാനത്ത് നിന്ന് സ്പീക്കർ അയോഗ്യനാക്കിയിരുന്നു. മൂന്ന് വർഷം തടവും 25000 രൂപയുമായിരുന്നു കോടതി വിധിച്ച ശിക്ഷ. 2019ലാണ് അസംഖാൻ യോഗിക്കെതിരായ വിവാദ പ്രസംഗം നടത്തിയത്. യോഗി ആദിത്യനാഥിനെയും ജില്ലാ മജിസ്‌ട്രേറ്റായിരുന്ന അഞ്ജനേയ കുമാർ സിംഗ് ഐഎഎസിനെയും അസംഖാൻ പ്രസംഗത്തിൽ വിമർശിച്ചത്. തുടർന്ന് പ്രസംഗം പ്രകോപനപരമായിരുന്നുവെന്ന് കേസും രജിസ്റ്റർ ചെയ്തു. റായ്പൂർ കോടതിയാണ് കേസിൽ അസം ഖാൻ കുറ്റക്കാരനാണെന്ന് വിധിച്ചത്. തട്ടിപ്പ് കേസിൽ രണ്ട് വർഷത്തോളം ജയിലിലായിരുന്ന അസം ഖാന് സുപ്രിം കോടതി ജാമ്യം അനുവദിച്ചിരുന്നു. അഴിമതിയും മോഷണവും അടക്കം 90ലധികം കേസുകൾ അസംഖാനെതിരെ നിലവിലുണ്ട്.
ഹൈക്കോടതി കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതി ജാർഖണ്ഡിൽ #President
പുതിയ പാർലമെൻറ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാത്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധമുയർത്തുന്നതിനിടെ ഹൈക്കോടതിയുടെ പുതിയ കെട്ടിട സമുച്ചയം തുറന്നുകൊടുക്കാൻ അവർ ജാർഖണ്ഡിലെത്തി. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ബുധനാഴ്ചയാണ് അവർ റാഞ്ചിയിലെത്തിയത്. സന്ദർശനത്തിനിടെ അവർ 12 ജ്യോതിർലിംഗങ്ങളിലൊന്നായ ബാബ ബൈദ്യനാഥ് ധാം ക്ഷേത്രം സന്ദർശിച്ചു.. ജാർഖണ്ഡ് ഹൈക്കോടതി കെട്ടിട സമുച്ചയ ഉദ്ഘാടനം, ഐഐഐടി റാഞ്ചി രണ്ടാം കോൺവെക്കേഷൻ, ഖുൻഡിയിലെ മറ്റൊരു ചടങ്ങ് എന്നിവയിൽ രാഷ്ട്രപതി പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു. രാഷ്ട്രപതിയായ ശേഷം രണ്ടാം വട്ടമാണ് മുർമു സംസ്ഥാനത്തെത്തുന്നത്.
മുംബൈക്ക് വില്ലനായി നവീൻ; ലക്‌നൗവിന് ജയിക്കാൻ വേണ്ടത് 183 റൺസ് #MIvsLSG
ഐപിഎല്ലിലെ എലിമിനേറ്റർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് റണ്‍വേട്ടയെ തടഞ്ഞ് നിര്‍ത്തി ലക്‌നൗ സൂപ്പർ ജയിന്റ്‌സ് താരം നവീനുള്‍ ഹഖ് . മുംബൈ നിരയിലെ നാല് പ്രധാന വിക്കറ്റുകളാണ് നവീന്‍ പിഴുതെടുത്തത്. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് മുംബൈ ലക്‌നൗവിന് ജയിക്കാനായി നീട്ടിയത്. സൂര്യകുമാർ യാദവ് (33) കാമറൂൺ ഗ്രീൻ(41) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയത്.