India
പിന്നോട്ട് സഞ്ചരിച്ച് തകർന്നുവീഴാൻ പോകുന്ന വിമാനം പോലെയാണ് ഇപ്പോള്‍ ഇന്ത്യ- വിമർശനവുമായി അരുന്ധതി റോയ്
India

പിന്നോട്ട് സഞ്ചരിച്ച് തകർന്നുവീഴാൻ പോകുന്ന വിമാനം പോലെയാണ് ഇപ്പോള്‍ ഇന്ത്യ- വിമർശനവുമായി അരുന്ധതി റോയ്

Web Desk
|
5 May 2022 2:50 PM GMT

അധ്യാപകനും മനുഷ്യാവകാശ പ്രവർത്തകനുമായ ജി.എൻ സായിബാബയുടെ Why do you fear my way so much? എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്

ന്യൂഡൽഹി: രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളിലും ജനാധിപത്യ ധ്വംസനങ്ങളിലും തുറന്നടിച്ച് എഴുത്തുകാരി അരുന്ധതി റോയ്. പിന്നോട്ട് സഞ്ചരിച്ച് തകർന്നടിയാൻ പോകുന്ന വിമാനം പോലെയാണ് രാജ്യത്തിന്റെ ഗതിയെന്ന് അവർ വിമർശിച്ചു. അധ്യാപകനും മനുഷ്യാവകാശ പ്രവർത്തകനുമായ ജി.എൻ സായിബാബയുടെ പുസ്തകം Why do you fear my way so much?ന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അരുന്ധതി.

''അടുത്തിടെ ഞാൻ പൈലറ്റായ ഒരു സുഹൃത്തിനോട് ചോദിച്ചു: താങ്കൾക്ക് വിമാനം പിന്നോട്ട് ഓടിക്കാൻ കഴിയുമോ? ചോദ്യം കേട്ട് അവൻ ഉറക്കെ ചിരിക്കുകയാണ് ചെയ്തത്. ഇതാണിപ്പോൾ ഇവിടെ ശരിക്കും സംഭവിക്കുന്നതെന്ന് ഞാൻ പറഞ്ഞു. രാജ്യത്തിന്റെ തലവന്മാർ വിമാനം പിന്നോട്ട് ഓടിക്കുകയാണ്. എല്ലാം കൈവിട്ട് ഒരു തകർച്ചയിലേക്ക് കുതിക്കുകയാണ് നമ്മൾ.''- അരുന്ധതി റോയ് പറഞ്ഞു.

1960കളിൽ ഭൂമിയും സമ്പത്തുമെല്ലാം പുനർവിതരണം ചെയ്ത ശരിക്കും വിപ്ലവകരമായ മുന്നേറ്റത്തിൽനിന്ന് രാജ്യത്തെ നേതാക്കൾ അഞ്ചു കിലോ അരിയും ഒരു കിലോ ഉപ്പും വിതരണം ചെയ്ത് വോട്ടുറപ്പിച്ച് തെരഞ്ഞെടുപ്പ് ജയിക്കാൻ ശ്രമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ജാതിയുടെയും വർഗത്തിന്റെയും ലിംഗത്തിന്റെയും വംശത്തിന്റെയുമെല്ലാം അടിസ്ഥാനത്തിലാണ് ഇവിടെ നിയമം നടപ്പാക്കുന്നതെന്നും അരുന്ധതി ചൂണ്ടിക്കാട്ടി.

ഇവിടെ നമ്മളിന്ന് എന്താണ് ചെയ്യുന്നത്? 90 ശതമാനവും തളർവാതം പിടിച്ചിട്ടും ഏഴു വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്ന ഒരു അധ്യാപകനെക്കുറിച്ച് സംസാരിക്കാനാണ് നമ്മൾ ഒത്തുകൂടിയത്. അതുതന്നെ മതി. കൂടുതൽ ഒന്നും പറയേണ്ടതില്ല. എന്തൊരു രാജ്യത്താണ് നമ്മൾ കഴിയുന്നതെന്ന് വിശദീകരിക്കാൻ ഇത് തന്നെ എമ്പാടുമാണ്. എന്തുമാത്രം ലജ്ജാകരമാണിത്?-അവർ ചോദിച്ചു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2017ൽ മഹാരാഷ്ട്രാ കോടതി ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട സായിബാബ ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള രാംലാൽ ആനന്ദ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ യു.എ.പി.എ ചുമത്തുകയായിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 31ന് സർവകലാശാല അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു.

സായിബാബയുടെ കവിതകളും കത്തുകളും അടങ്ങിയ പുസ്തകമാണ് Why do you fear my way so much?. ഡൽഹിയിലെ ജവഹർ ഭവനിൽ നടന്ന ചടങ്ങിൽ സി.പി.ഐ സെക്രട്ടറി ഡി. രാജയാണ് പ്രകാശനം നിർവഹിച്ചത്.

Summary: Today's India like a plane moving in reverse and it's 'headed for a crash, says Arundhati Roy

Similar Posts