വൈറലായി മമ്മൂട്ടിയുടെ 'ബസൂക്ക' ഫസ്റ്റ് ലുക്ക്, ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി 1983ൽ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീം; ഇന്നത്തെ ട്വിറ്റർ ട്രെന്‍റിങ്സ്
|ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ പ്രധാന വാര്‍ത്തകള്‍ ഇവയാണ്
സ്‌റ്റൈലിഷ് ലുക്കിൽ റൈഡിനൊരുങ്ങി മമ്മൂട്ടി; ബസൂക്ക ഫസ്റ്റ് ലുക്ക് പുറത്ത്
മമ്മൂട്ടി ചിത്രം ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.
മങ്ങിയ വെളിച്ചത്തിൽ മമ്മൂട്ടി ഒരു ബൈക്കിനടുത്ത് നിൽക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ഒരു പ്രധാന യാത്ര ആരംഭിക്കുന്നുവെന്ന സൂചന പോസ്റ്ററിൽ കാണാം. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തിയേറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈം ഡ്രാമയാണ്.
'നമ്മുടെ ചാമ്പ്യന്മാരെയാണ് കയ്യേറ്റം ചെയ്തത്': ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി 1983ൽ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീം
സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി 1983ലെ ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ ഇന്ത്യൻ ടീം. നമ്മുടെ ചാമ്പ്യന്മാരെ കയ്യേറ്റം ചെയ്യുന്നതിൻറെ ദൃശ്യങ്ങൾ കണ്ടപ്പോഴും മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന അവരുടെ പ്രഖ്യാപനം കേട്ടപ്പോഴും വിഷമം തോന്നി. നിലവിലെ പ്രശ്നങ്ങളെല്ലാം ഉടനെ പരിഹരിക്കപ്പടുമെന്നാണ് പ്രതീക്ഷയെന്നും കപിൽദേവ്, സുനിൽ ഗവാസ്‌കർ, അമർനാഥ് ഉൾപ്പെടെയുള്ള താരങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
'നമ്മുടെ നാടിൻറെ അഭിമാനമായ ഗുസ്തി താരങ്ങൾക്കെതിരായ കയ്യേറ്റത്തിൻറെ ദൃശ്യങ്ങൾ കണ്ടപ്പോഴും പ്രതിഷേധത്തിൻറെ ഭാഗമായി അവർ നദിയിൽ മെഡലുകൾ ഒഴുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും ഞങ്ങൾക്ക് വിഷമവും അസ്വസ്ഥതയും തോന്നി. വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും പ്രയത്‌നത്തിൻറെയും ആത്മസമർപ്പണത്തിന്റെയുമെല്ലാം ഫലമാണ് അവർ നേടിയ മെഡലുകൾ. താരങ്ങൾ രാജ്യത്തിന്റെ അഭിമാനമാണ്. കടുത്ത തീരുമാനമെടുക്കരുതെന്ന് ഞങ്ങൾ ഗുസ്തി താരങ്ങളോട് അഭ്യർത്ഥിക്കുന്നു. അവരുടെ പരാതികൾ കേൾക്കുകയും നിലവിലുള്ള പ്രശ്നങ്ങളെല്ലാം ഉടനെ പരിഹരിക്കപ്പടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ നിയമം വിജയിക്കട്ടെ'- എന്നാണ് താരങ്ങളുടെ പ്രസ്താവന.
'മുസ്‌ലിം ലീഗ് മതേതര പാർട്ടി, ചോദ്യം ചെയ്യുന്നത് പാർട്ടിയെ അറിയാത്തവർ'; രാഹുൽ ഗാന്ധി
വാഷിങ്ടൺ: മുസ്‌ലിം ലീഗ് മതേതര പാർട്ടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമേരിക്കയിലെ വാർത്താ സമ്മേളനത്തിലാണ് രാഹുൽ മുസ്‌ലിംലീഗിനെ പ്രകീർത്തിച്ചത്. 'മുസ്‌ലിം ലീഗ് തികച്ചും മതേതര പാർട്ടിയാണ്, അതിൽ മതേതരമല്ലാത്തതായി ഒന്നുമില്ല' രാഹുൽ പറഞ്ഞു.
കേരളത്തിൽ കോൺഗ്രസും മുസ്ലിംലീഗുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് രാഹുലിന്റെ ഉത്തരം. ലീഗിനെക്കുറിച്ച് പഠിക്കാത്തവരാണ് പാർട്ടിയുടെ മതേതരത്വത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ബലമായി കെട്ടിപ്പിടിച്ചു, കിടക്കയിലേക്ക് വിളിച്ചു'; ബ്രിജ് ഭൂഷണെതിരെ ഗുരുതര ആരോപണങ്ങൾ
ബിജെപി എംപിയും ദേശീയ റെസ്ലിങ് ഫെഡറേഷൻ പ്രസിഡണ്ടുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള എഫ്ഐആറിൽ ഗുരുതര ആരോപണങ്ങൾ. രാജ്യത്തിനായി മെഡൽ നേടിയ താരമടക്കം ഏഴു പേരാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചത്. സ്വർണമെഡൽ നേടിയ ദിവസം ബ്രിജ് ഭൂഷൺ മുറിയിലേക്ക് വിളിപ്പിച്ച് ബലമായി കെട്ടിപ്പിടിച്ചെന്നും ലൈംഗികാവശ്യങ്ങൾക്കായി സമീപിച്ചെന്നും സ്വർണ മെഡൽ ജേത്രി മൊഴി നൽകി.
'സമ്മതമില്ലാതെയാണ് ബ്രിജ് ഭൂഷൺ എന്നെ ആലിംഗനം ചെയ്തത്. വർഷങ്ങളായി നിരന്തരം ലൈംഗിക ഉപദ്രവങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. മോശം പെരുമാറ്റങ്ങൾ തുടരുകയും ചെയ്യുന്നു.' - അവർ പറഞ്ഞു. താരങ്ങളുടെ നെഞ്ചിന് മുകളിലൂടെ തടവൽ, നാഭിയിൽ തൊടൽ തുടങ്ങിയവയും പതിവായിരുന്നെന്ന് എഫ്ഐആറിൽ പറയുന്നു. പ്രായപൂർത്തിയെത്താത്ത ഒരു താരവും ബ്രിജ് ഭൂഷണെതിരെ മൊഴി നൽകിയിട്ടുണ്ട്. ഒന്നിച്ചു ചിത്രമെടുക്കാനെന്ന വ്യാജേന ശരീരം അമർത്തിപ്പിടിച്ചു. നെഞ്ചിന് മുകളിലൂടെ കൈകൾ ചലിപ്പിച്ചു... എന്നിങ്ങനെയാണ് ഇവരുടെ ആരോപണങ്ങൾ.
200 യൂണിറ്റ് സൗജന്യ വൈദ്യുതി മുതൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര വരെ; അഞ്ച് വാഗ്ദാനങ്ങൾ പാസാക്കി കർണാടക മന്ത്രിസഭ
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാസാക്കി സിദ്ധരാമയ്യ മന്ത്രിസഭ. ഓരോ കുടുംബത്തിനും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ഗൃഹജ്യോതി പദ്ധതി, കുടുംബനാഥകളായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതി, എല്ലാ ബിപിഎൽ, അന്ത്യോദയ കാർഡ് ഉടമകൾക്കും പത്ത് കിലോ അരി സൗജന്യമായി നൽകുന്ന അന്നഭാ?ഗ്യ പദ്ധതി, തൊഴിൽ രഹിതരായ യുവാക്കൾക്ക് മാസം തോറും ധനസഹായം നൽകുന്ന യുവനിധി പദ്ധതി, സർക്കാർ ബസുകളിൽ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതി എന്നിവയ്ക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
''ബി.ജെ.പി പ്രവർത്തകനായ ജഡേജയാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്''- അണ്ണാമലൈ
ഐ.പി.എൽ കലാശപ്പോരിലെ അവസാന ഓവർ എറിയാൻ മോഹിത് ശർമയെത്തുമ്പോൾ ഗുജറാത്തിൻറെ പ്രതീക്ഷകൾ വാനോളമായിരുന്നു. ഈ സീസണിൽ ഉടനീളം ഗുജറാത്തിനായി മികച്ച പ്രകടനങ്ങളാണ് മോഹിതിൻറെ അക്കൌണ്ടിലുണ്ടായിരുന്നത്. ആ പ്രതീക്ഷ മോഹിത് കാക്കുകയും ചെയ്തു. അവസാന ഓവറിലെ നാല് പന്തുകൾ യോർക്കർ എറിഞ്ഞ മോഹിത് ആകെ മൂന്ന് റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. എന്നാൽ ഗുജറാത്തിന്റെ വിജയം ഏറെക്കുറെ ഉറപ്പായ ഘട്ടത്തിലാണ് രവീന്ദ്ര ജഡേജ രക്ഷക വേഷത്തിൽ അവതരിച്ചത്.
അവസാന രണ്ട് പന്തും അതിർത്തി കടത്തി ജഡേജ ചെന്നൈക്ക് ആവേശജയം സമ്മാനിക്കുമ്പോൾ സഹതാരങ്ങൾ മൈതാനത്തേക്കിറങ്ങിയോടി. ഈ സമയം ഡഗ്ഗൗട്ടിൽ സ്തഭ്ധനായിരിക്കുകയായിരുന്നു ധോണി. പിന്നീട് ജഡേജയെ എടുത്തുയർത്തി ആഹ്‌ളാദ പ്രകടനം. ഐ.പി.എല്ലിൻറെ ചരിത്രത്തിൽ എക്കാലവും ഓർമിക്കപ്പെടുന്ന കാഴ്ചകൾക്ക് വേദിയാവുകയായിരുന്നു ഇന്നലെ അഹ്മദാബാദിലെ നരന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം..
80ന്റെ നിറവിൽ ഇളയരാജ
ദക്ഷിണേന്ത്യൻ സിനിമാ പാട്ടുകളെ നാടോടി ഈണത്തിൻറെ മധുരത്തിലേക്ക് ആവാഹിച്ച ഇസൈജ്ഞാനി ഇളയരാജയ്ക്ക് ഇന്ന് 80-ാം ജന്മദിനം. മൂന്ന് ദശാബ്ദക്കാലം തെന്നിന്ത്യൻ സിനിമയുടെ ജീവാത്മാവും പരമാത്മാവുമായിരുന്ന സംഗീതപ്രതിഭയെ ഒരുവട്ടമെങ്കിലും കേൾക്കാത്തവരുണ്ടാകില്ല. പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സങ്കടത്തിലുമെല്ലാം ഇളംകാറ്റുപോലെ തഴുകി കടന്നുപോകുന്ന ഗാനങ്ങളൊരുക്കി ഇളയരാജ ഇപ്പോഴും നമ്മുടെ കാതുകളിൽ ഒരീണമായി നിൽക്കുന്നു.