India
മെറ്റയില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍,  പ്രവർത്തകരോട് സംഘടിക്കാൻ ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍; ഇന്നത്തെ ട്വിറ്റര്‍ ട്രെന്‍റിംഗ് വാര്‍ത്തകള്‍
India

മെറ്റയില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍, പ്രവർത്തകരോട് സംഘടിക്കാൻ ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍; ഇന്നത്തെ ട്വിറ്റര്‍ ട്രെന്‍റിംഗ് വാര്‍ത്തകള്‍

Web Desk
|
14 March 2023 4:39 PM GMT

ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ പ്രധാന വാര്‍ത്തകള്‍

14 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് വീണ്ടും ഓസ്‌കർ തിളക്കമെത്തിച്ച ചിത്രമാണ് എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ആർ.ആർ.ആർ. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മികച്ച ഒറിജിനൽ ഗാനമായാണ് നാട്ടു നാട്ടു തെരഞ്ഞെടുത്തത്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച രാംചരണിന്റെ പ്രൗഡ ഗംഭീരമായ വേഷമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കോഫി ബ്രൗൺ കളറിലുള്ള സ്യൂട്ട് ധരിച്ചാണ് രാം ചരൺ ഓസ്‌കർ വിതരണ ചടങ്ങിനെത്തിയത്.


'ദസറ'യില്‍ കസറി നാനി

തെലുങ്ക് സൂപ്പർ താരം നാനിയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ചിത്രമാണ് ദസറ. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നാനിയുടെ തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലേത്. തെലുങ്ക് ട്രെയിലറാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. കീർത്തി സുരേഷാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. ഈ മാസം 30ന് ദസറ തിയേറ്ററുകളിലെത്തും


ഇംഗ്ലണ്ട് കോട്ടയില്‍ വൈറ്റ് വാഷടിച്ച് ബംഗ്ലാദേശ്; നാണംകെട്ട് ലോകചാമ്പ്യന്മാര്‍


കുട്ടിക്രിക്കറ്റിലെ ലോകചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് ബംഗ്ലാദേശ് വീര്യം. മൂന്നാം ടി20യിലും വിജയം ആവർത്തിച്ചതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പര ബംഗ്ലാദേശ് തൂത്തുവാരി. ആദ്യ ടി20യിൽ ആറ് വിക്കറ്റിന് ജയിച്ച ബംഗ്ലാദേശ് രണ്ടാം ടി20യിൽ നാല് വിക്കറ്റിന് ഇംഗ്ലണ്ടിനെ മറികടന്നിരുന്നു. ഇന്ന് നടന്ന മൂന്നാം ടി20 യിൽ 16 റൺസിനായിരുന്നു ബംഗ്ലാ കടുവകളുടെ വിജയം.

ആതിഥേയരായ ബംഗ്ലാദേശ് ഉയർത്തിയ 159 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 13 ഓവറിൽ ഒരു വിക്കറ്റിന് 100 എന്ന ശക്തമായ നിലയിൽ നിന്ന് ഇംഗ്ലണ്ട് അവിശ്വസനീയമാം വിധത്തിൽ തകർന്നടിയുകയായിരുന്നു.

അവസാന അഞ്ച് വിക്കറ്റുകൾ 28 റൺസെടുക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 57 പന്തിൽ 73 റൺസുമായി ഇന്ന് മിന്നും പ്രകടനം നടത്തിയ ലിറ്റൺ ദാസാണ് കളിയിലെ താരം, പ്ലെയർ ഓഫ് ദ സീരീസായി ബംഗ്ലാദേശിൻറെ തന്നെ നജ്മുൽ ഹൊസൈൻ ഷാൻറോയെയും തെരഞ്ഞെടുത്തു.

സഹജീവികളെ കാണാതെ 40 വർഷം കൂട്ടിൽ: ഏകാന്ത ജീവിതത്തിനൊടുവിൽ 'കിസ്‌ക' തിമിംഗലം ഓർമയായി


40 വർഷം നീണ്ട ഏകാന്ത ജീവിതത്തിനൊടുവിൽ കിസ്‌ക തിമിംഗലം ഓർമയായി. അണുബാധയെ തുടർന്ന് മാർച്ച് 9നായിരുന്നു ഓർക്ക വിഭാഗത്തിൽ പെട്ട തിമിംഗലത്തിന്റെ മരണം. കാനഡയുടെ അവസാന ക്യാപ്റ്റീവ് കില്ലർ വെയ്ൽ ആണ് കിസ്‌ക-കാനഡ കൂട്ടിലടയ്ക്കുന്ന അവസാനത്തെ തിമിംഗലം. നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപമുള്ള മറൈൻലാൻഡ് എന്ന അമ്യൂസ്‌മെന്റ് പാർക്കിലായിരുന്നു കിസ്‌കയുടെ വാസം.

1979ൽ ഐസ്‌ലാൻഡിൽ നിന്നാണ് കെയ്‌കോ എന്ന മറ്റൊരു തിമിംഗലത്തിനൊപ്പം കിസ്‌കയെയും പിടികൂടുന്നത്. 2021 സെപ്റ്റംബറിൽ വാട്ടർ ടാങ്കിന്റെ ഭിത്തികളിൽ തല ഇടിപ്പിക്കുന്ന കിസ്‌കയുടെ വീഡിയോ പുറത്തെത്തിയതോടെയാണ് ലോകത്തിലെ ഏകാകിയായ തിമിംഗലമെന്ന വിശേഷണം കിസ്‌കയ്ക്ക് ലഭിക്കുന്നത്. തുടർന്ന് തിമിംഗലത്തിനെ കൂട്ടിലടയ്ക്കുന്നതിനെതിരെ നിരവധി മൃഗസംരക്ഷണ സംഘടനകളും രംഗത്തെത്തി. കിസ്‌ക മാനസിക സമ്മർദമനുഭവിക്കുകയാണെന്ന് കാട്ടി നിയമപരമായി ഇവർ പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല.

ഞാന്‍ കൊല്ലപ്പെട്ടാലും ജയിലിൽ പോയാലും അവകാശങ്ങൾക്കായി പോരാടണം: ഇമ്രാന്‍ ഖാന്‍

പാർട്ടി പ്രവർത്തകരോട് സംഘടിക്കാൻ ആവശ്യപ്പെട്ട് മുൻ പാകിസ്താൻ പ്രധാമന്ത്രിയും പാകിസ്താൻ തെഹ്‌രികെ ഇൻസാഫ് അധ്യക്ഷനുമായ ഇമ്രാൻ ഖാൻ. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തത്.

താൻ കൊല്ലപ്പെട്ടാലും ജയിലിൽ പോയാലും അവകാശങ്ങൾക്കായി പോരാടണമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.

വീണ്ടും കൂട്ട പിരിച്ചുവിടലിനൊരുങ്ങി മെറ്റ

വീണ്ടും തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ഫേയ്സ്ബുിന്റെ മാതൃകമ്പനിയായ മെറ്റ. പതിനായിരം പേർക്കാണ് ഇത്തവണ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ നഷ്ടമാകുക. നാലു മാസങ്ങൾക്കു മുമ്പാണ് പതിനൊന്നായിരം പേരെ കമ്പനി പിരിച്ചുവിട്ടത്.

തങ്ങളുടെ ടീമിന്റെ വലിപ്പം ചുരുക്കാനായി 10,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുകയാണെന്നും കമ്പനിയിലെ 5000 ഒഴിവുകളിൽ ഇനി നിയമനങ്ങളുണ്ടാവില്ലെന്നും മെറ്റ മേധാവി മാർക്ക് സുക്കർബെർഗ് ജീവനക്കാർക്കയച്ച സന്ദേശത്തിൽ വ്യക്തമാക്കി.

'ഒരു നന്ദി കൊണ്ട് ഒന്നുമാകില്ല'; പിറന്നാൾ ആശംസകളിൽ സന്തോഷം പങ്കുവെച്ച് ലോകേഷ് കനകരാജ്


തെന്നിന്ത്യൻ സിനിമ മേഖലയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പുതിയ തരംഗം സൃഷ്ടിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ ജന്മദിനമാണ് ഇന്ന്. ഈ ദിനം രസകരമായ മാഷപ്പുകളിലൂടെയും ചിത്രങ്ങളിലൂടെയും ആരാധകർ ആഘോഷിക്കുന്നുമുണ്ട്. ആരാധകരുടെ ഈ സ്‌നേഹ സന്ദേശത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണിപ്പേൾ ലോകേഷ്.

'ഒരു നന്ദി കൊണ്ട് ഒന്നുമാകില്ല. എന്നാലും എല്ലാ ഹൃദ്യമായ ആശംസകൾക്കും മാഷപ്പുകൾക്കും വീഡിയോകൾക്കും നന്ദി. ഇത് എന്നെ കൂടുതൽ ഉത്തരവാദിത്തമുള്ളവനാക്കുന്നു. ആളുകൾക്ക് മികച്ച സിനിമകൾ നൽകുന്നതിനായി പൂർണ്ണ മനസോടെ ഞാൻ ശ്രമിക്കും. എല്ലാവർക്കും നന്ദി, ഒത്തിരി സ്‌നേഹം', ലോകേഷ് കനകരാജ് ട്വീറ്റ് ചെയ്തു.

Similar Posts