കോഹ്‌ലിയെ പുറത്താക്കി നിതിൻ മേനോൻ, ഇന്ന് ശിവരാത്രി, അനിൽ കപൂറിന്റെ നൈറ്റ് മാനേജർ; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ...
|അമിതാഭ് ബച്ചൻ, പ്രഭാസ്, ദീപിക പദുക്കോൺ തുടങ്ങിയവരുടെ പ്രൊജക്ട് കെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ആസ്‌ത്രേലിയക്കെതിരെയുള്ള ടെസ്റ്റിൽ വിരാട് കോഹ്‌ലിയെ വിവാദ തീരുമാനത്തിലൂടെ പുറത്താക്കിയ അംപയർ നിതിൻ മേനോനെതിരെയുള്ള ആരാധക രോഷം, ശിവരാത്രി ആചരണവും ആശംസകളും, നൈറ്റ് മാനേജർ അഭിനയത്തിലൂടെ പ്രശംസ നേടുന്ന നടൻ അനിൽ കപൂർ, ആസ്‌ത്രേലിയക്കെതിരെ തുടർ അർധ സെഞ്ച്വറിയുമായി തിളങ്ങിയ അക്‌സർ പട്ടേൽ, മോശം ഫോമിലുള്ള കെ.എൽ രാഹുൽ തുടങ്ങിയ കാര്യങ്ങളാണ് ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ... അവയുടെ ചുരുക്ക വിവരങ്ങൾ വായിക്കാം.
കോഹ്‌ലിയെ പുറത്താക്കി നിതിൻ മേനോൻ
ആസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ വിരാട് കോഹ്ലിയുടെ പുറത്താകൽ സമൂഹമാധ്യമങ്ങളിൽ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മാത്യു കുനേമനായിരുന്നു വിക്കറ്റ്. പന്ത് പാഡിൽ കൊണ്ടതിന് പിന്നാലെ ആസ്ട്രേലിയൻ ടീം ഒന്നടങ്കം അപ്പീൽ ചെയ്തു, ഉടൻ തന്നെ അമ്പയർ നിതിൻ മേനോൻ ഔട്ട് സിഗ്‌നൽ കാണിച്ചു. ഒന്നും ആലോചിക്കാതെ തൊട്ടടുത്ത നിമിഷം തന്നെ കോഹ്ലി റിവ്യൂ ആവശ്യപ്പെട്ടു. മൂന്നാം അമ്പയർക്കും എളുപ്പമായിരുന്നില്ല വിധി പറയാൻ. സാൻവിച്ച് പരുവത്തിലായിരുന്നു പന്തും ബാറ്റും പാഡും. ബാറ്റിന്റെ സൈഡിലുരുമ്മിയ പന്ത് പാഡിന്റെ ഇടയിലും ഒരേ സമയം തട്ടി. എന്നാൽ ആദ്യം പാഡിലാണെന്ന് വിധിയെഴുതിയ മൂന്നാം അമ്പയർ, ഫീൽഡ് അമ്പയറുടെ തീരുമാനം ശരിവെക്കുകയായിരുന്നു. എന്നാൽ പിന്നീട് വന്ന ടെലിവിഷൻ റീപ്ലേകളിലും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ക്ലിപ്പുകളിലും പന്ത് ആദ്യം ബാറ്റിൽ കൊണ്ടെന്ന തരത്തിലുള്ളതായിരുന്നു. ഡ്രസിങ് റൂമിൽ മടങ്ങിയെത്തിയ കോഹ്ലി സപ്പോർട്ടിങ് സ്റ്റാഫ് തുറന്ന് വെച്ച ലാപ്പിലും വീഡിയോ പരിശോധിച്ച് നീരസം പ്രകടമാക്കുന്നുണ്ടായിരുന്നു.
സൂപ്പർ അക്‌സർ പട്ടേൽ
ആസ്‌ത്രേലിയക്കെതിരെയുള്ള രണ്ടാം ടെസ്റ്റിലും അർധ സെഞ്ച്വറി നേടിയ അക്‌സർ പട്ടേൽ ട്വിറ്ററിൽ ട്രെൻഡിംഗാണ്. ഇന്ന് 74 റൺസ് നേടിയ അക്സർ പട്ടേലാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 115 പന്തുകളിൽ നിന്ന് ഒമ്പത് ഫോറും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു അക്സറിന്റെ മാസ്മരിക ഇന്നിങ്സ്. 262 റൺസാണ് ടീം ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ നേടിയത്. 263 റൺസിനാണ് ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചത്. രണ്ടാം ഇന്നിംഗ്‌സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസെടുത്തു. സ്പിന്നർമാരുടെ ബലത്തിൽ ആദ്യ ടെസ്റ്റ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. നാല് ടെസ്റ്റ് മത്സരങ്ങളാണ് ആസ്‌ട്രേലിയക്കെതിരായ പരമ്പരയിലുള്ളത്.
നിരാശപ്പെടുത്തി കെ.എൽ രാഹുൽ
സമീപകാലത്ത് മോശം ഫോമിലുള്ള ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുൽ ഇന്നും നിരാശപ്പെടുത്തി. 40 പന്തിൽ 17 റൺസ് മാത്രമെടുക്കാനാണ് താരത്തിനായത്. കഴിഞ്ഞ കളിയിൽ 20 റൺസാണ് രാഹുൽ നേടിയത്. എന്നാൽ മികച്ച ഫോമിൽ കളിച്ച ഉസ്മാൻ ഖ്വാജയെ അദ്ദേഹം ക്യാച്ചെടുത്ത് പുറത്താക്കിയിരുന്നു. രവീന്ദ്ര ജഡേജയുടെ പന്തിലായിരുന്നു ക്യാച്ച്.
കെ.എൽ രാഹുൽ മോശം ഫോമിലായിട്ടും അന്തിമ ഇലവനിൽ ഉൾപ്പെടുത്തുന്നതിനെതിരെ വെങ്കിടേഷ് പ്രസാദടക്കം രംഗത്ത് വന്നിട്ടുണ്ട്.
ഇന്ന് ശിവരാത്രി
ഹിന്ദു മത വിശ്വാസികൾ ഇന്ന് ശിവരാത്രി ആചരിക്കുകയാണ്. ഈ സാഹചര്യത്തിൽ മഹാശിവരാത്രി ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗാണ്. നിരവധി പേർ ശിവരാത്രി ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്.
'ദി നൈറ്റ് മാനേജറി'ൽ തിളങ്ങി അനിൽ കപൂർ
ബിബിസി സ്‌പൈ ത്രില്ലറായ ദി നൈറ്റ് മാനേജറിന്റെ ഹിന്ദി റീമേക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ വഴി പരമ്പര പുറത്തുവന്നു തുടങ്ങിയതോടെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനിൽ കപൂറും ആദിത്യ റോയി കപൂറും പ്രശംസകൾ ഏറ്റുവാങ്ങുകയാണ്. ഷെല്ലി റുംഗ്ത എന്ന ശതകോടീശ്വരനെയാണ് അനിൽ കപൂർ അവതരിപ്പിക്കുന്നത്. അനിൽ കപൂർ നാഷണൽ ട്രഷർ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രൻഡിംഗാണ്.
ആദിത്യ റോയി കപൂർ ഷാൻ സെൻ ഗുപത് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇന്ത്യൻ നേവിയിൽ നിന്ന് വിരമിച്ച് ഹോട്ടലിലെ നൈറ്റ് മാനേജറായി ജോലി ചെയ്യുകയാണ് ഷാൻ.
പ്രൊജക്ട് കെ റിലീസ് പ്രഖ്യാപിച്ചു
അമിതാഭ് ബച്ചൻ, പ്രഭാസ്, ദീപിക പദുക്കോൺ, ദിശ പഠാനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രൊജക്ട് കെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. 2024 ജനുവരി 12നാണ് ചിത്രം പുറത്തുവരിക. സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നാഗ് അശ്വിനാണ് നിർവഹിക്കുന്നത്. വൈജയന്തി മൂവീസാണ് നിർമാണം. തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.
'ഹീരാമണ്ഡി' ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്
സഞ്ജയ് ലീല ബൻസാലിയുടെ 'ഹീരാമണ്ഡി' ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്‌വന്നു. ബൻസാലി സംവിധാനം ചെയ്യുന്ന വെബ്‌സീരിസ് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് പ്രദർശിപ്പിക്കുക. സോനാക്ഷി സിൻഹ, അദിതി റാവു ഹൈദരി, റിച്ച ഛദ്ദ, ഹുമാ ഖുറൈഷി, മനിഷ കൊയ്‌രാള എന്നിവർ പരമ്പരയിൽ അഭിനയിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലത്തെ കഥയാണ് പരമ്പര പറയുന്നത്.
Today's Twitter Trends