ലോകകപ്പ് ഫൈനലും തെരഞ്ഞെടുപ്പും; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ...
|വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഐസിസി ടൂർണമെൻറുകളിലെ ഏഴാം ഫൈനലാണ് കളിക്കാൻ പോകുന്നത്
ഞായറാഴ്ച നടക്കുന്ന ഏകദിന ലോകകപ്പ് ഫൈനലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുമാണ് ഇന്ന് എക്‌സിൽ (ട്വിറ്റർ) ട്രെൻഡിംഗ്. വേൾഡ് കപ്പ് ഫൈനൽ, ക്യാപ്റ്റൻ ലീഡിംഗ് ഫ്രം ഫ്രണ്ട്, ദുവാ ലിപ തുടങ്ങിയ ഹാഷ്ടാഗുകൾ വൈറലാണ്. മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യയും ആസ്‌ത്രേലിയയുമാണ് ഏറ്റുമുട്ടുന്നത്.
മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിനെ 70 റൺസിന് തകർത്താണ് ഇന്ത്യ ഫൈനലിനു യോഗ്യത നേടിയത്. വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യറും സെഞ്ച്വറി അടിച്ച മത്സരത്തിൽ 398 എന്ന കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ കിവി ഇന്നിങ്സ് 327 റൺസിൽ ഒതുങ്ങി. ഏഴു വിക്കറ്റുമായി വാങ്കെഡെയിൽ നിറഞ്ഞാടുകയായിരുന്നു മുഹമ്മദ് ഷമി.
വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഐസിസി ടൂർണമെൻറുകളിലെ ഏഴാം ഫൈനലാണ് കളിക്കാൻ പോകുന്നത്. നിലവിൽ യുവരാജിന്റെ പേരിലുള്ള റെക്കോർഡിൽ ഇതോടെ ഇവരും പങ്കാളികളാകും. ലോകകപ്പ് ഫൈനൽ കൂടി വിജയിച്ചാൽ നായകനായി തുടർച്ചയായ 11 വിജയങ്ങളെന്ന ഏകദിന റെക്കോർഡിൽ എംഎസ് ധോണിക്കൊപ്പം രോഹിത് ശർമയുമെത്തും. 120 സ്‌ട്രൈക്ക് റൈറ്റോടെ ഒരു ലോകകപ്പ് എഡിഷനിൽ 500 റൺസ് തികയ്ക്കുന്ന ഏകതാരമായി രോഹിത് ശർമ മാറിയിരിക്കുകയാണ്.
രണ്ടാമത്തെ സെമി ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ആസ്ട്രേലിയ 212 റൺസിൽ എറിഞ്ഞിട്ടു. 47.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്നാണ് റിപ്പോർട്ട്. എ.ബി.പി ന്യൂസാണ് വാർത്ത പുറത്തുവിട്ടത്.
ഫൈനലിനുമുൻപ് ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ സംഘത്തിന്റെ നേതൃത്വത്തിൽ ആകാശ ദൃശ്യവിസ്മയം അരങ്ങേറും. അൽബേനിയൻ-ഇംഗ്ലീഷ് പോപ്പ് ഗായിക ദുവ ലിപയുടെ സംഗീതപരിപാടിയും കലാശപ്പോരിന് കൊഴുപ്പേകുമെന്ന് സ്റ്റാർ സ്പോർട്സ് അറിയിച്ചു. എന്നാൽ ദുവ പരിപാടിക്ക് എത്തിയേക്കില്ലെന്ന് മുഫദ്ദൽ വോറ ട്വീറ്റ് ചെയ്തു.
നേരത്തെ ഇതേ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിനുമുന്നോടിയായും സംഗീത പരിപാടികളും ദൃശ്യവിരുന്നും ഒരുക്കിയിരുന്നു. അരിജിത് സിങ്, സുനിധി ചൗഹാൻ, ശങ്കർ മഹാദേവൻ, സുഖ്വീന്ദർ സിങ് തുടങ്ങിയ സെലിബ്രിറ്റികളാണു പരിപാടിയിൽ അണിനിരന്നത്.
മധ്യപ്രദേശ്- ഛത്തീസ്ഗഡ് വേട്ടെടുപ്പ്
മധ്യപ്രദേശിലും ഛത്തീസ്ഗഡിലെ 70 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് പൂർത്തിയായി. വൈകീട്ട് അഞ്ച് മണി വരെ മധ്യപ്രദേശിൽ 70.99 ശതമാനവും ഛത്തീസ്ഗഡിൽ 67.34 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. മധ്യപ്രദേശിലെ പോളിംഗ് ബൂത്തുകൾക്ക് നേരെ ഉണ്ടായ ആക്രമണ സംഭവങ്ങളിൽ ബിജെപിയും കോൺഗ്രസും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു.
രാവിലെ ഏഴ് മണിയോടെ ആണ് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വോട്ടെടുപ്പ് ആരംഭിച്ചത്. രണ്ട് ഘട്ടമായി നടന്ന ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 22 ജില്ലകളിലെ 70 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തിൽ ജനവിധി എഴുതിയത്. ഛത്തീസ്ഗഡിൽ തുടർഭരണം ഉറപ്പാണെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. 75 ന് മുകളിൽ സീറ്റ് ലഭിക്കുമെന്നും സംസ്ഥാനത്ത് മൽസരത്തിന്റെ സാഹചര്യം പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യപ്രദേശിലെ ഭിണ്ഡ് മണ്ഡലത്തിൽ ബിജെപി എംഎൽഎ സ്ഥാനാർഥി രാകേഷ് ശുക്ലയുടെ വാഹനത്തിന് നേരെ വെടിവയ്പ്പ് ഉണ്ടായെന്നു ആരോപണം ഉയർന്നു. പരാതിയിൽ പൊലീസ് കേസ് എടുത്തു. കനത്ത കാവലിൽ വോട്ടെടുപ്പ് പൂർത്തിയായെങ്കിലും ദിമാനി മണ്ഡലത്തിലും പോളിംഗ് സ്റ്റേഷന് നേരെ കല്ലേറുണ്ടായി.
ജിഗർതണ്ട ഡബ്ല്ൾ എക്‌സ്
കാർത്തിക് സുബ്ബരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ജിഗർതണ്ട ഡബ്ല്ൾ എക്‌സ് മികച്ച അഭിപ്രായമാണ് ട്വിറ്ററിൽ നേടുന്നത്. രാഘവ ലോറൻസ്, എസ് ജെ സൂര്യ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
സ്‌കേറി ഹവേഴ്‌സ് 3
കനേഡിയൻ റാപ്പറും ഗായകനുമായ ഡ്രൈകിന്റെ സ്‌കേറി ഹവേഴ്‌സ് ആൽബം പുറത്തുവിട്ടു. സ്‌കോറി ഹവേഴ്‌സ് സീരീസിലെ മൂന്നാം ആൽബമാണിത്.