'നിങ്ങൾ നൽകിയ ശൗചാലയം നശിച്ചു'; വോട്ട് ചെയ്യാനെത്തിയ അക്ഷയ്കുമാറിനോട് പരാതി പറഞ്ഞ് നാട്ടുകാരൻ
|മുംബൈ ജൂഹു ബീച്ചിനോടുചേർന്നായിരുന്നു ശൗചാലയം നിര്‍മിച്ച് നല്‍കിയത്. ആറു വർഷങ്ങൾക്കിപ്പുറം ഇത് നാശമായി എന്നാണ് അയാള്‍ പരാതിപ്പെടുന്നത്.
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനെത്തിയ അക്ഷയ് കുമാറിനോട് പരാതി പറഞ്ഞ് നാട്ടുകാരന്‍. താരം നിര്‍മിച്ച് നല്‍കിയ ശൗചാലയം നാശമായെന്നാണ് അയാള്‍ പറയുന്നത്.
2018ൽ അക്ഷയ് കുമാർ നായകനായ 'ടോയ്ലെറ്റ്, ഏക് പ്രേം കഥ' എന്ന സിനിമയുടെ ഭാഗമായി നിര്‍മിച്ച് നല്‍കിയതാണ് ശൗചാലയം. ശൗചാലയം ഇല്ലാത്തത് മൂലം ഒരു ഗ്രാമത്തിലെ സ്ത്രീകള്‍ ബുദ്ധിമുട്ടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
മുംബൈ ജൂഹു ബീച്ചിനോടുചേർന്നായിരുന്നു ശൗചാലയം നിര്‍മിച്ച് നല്‍കിയത്. ആറു വർഷങ്ങൾക്കിപ്പുറം ഇത് നാശമായി എന്നാണ് അയാള്‍ പരാതിപ്പെടുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
മുംബൈയിലെ പോളിങ് സ്റ്റേഷന് മുന്നിൽവെച്ചാണ് മുതിര്‍ന്ന പൗരനും അക്ഷയ് കുമാറും തമ്മില്‍ കണ്ടുമുട്ടിയത്. താരം വോട്ട് രേഖപ്പെടുത്തി പോകാനൊരുങ്ങുകയായിരുന്നു.
"നിങ്ങൾ നിർമിച്ചുനൽകിയ ടോയ്ലെറ്റ് നാശമായിരിക്കുകയാണ്. കഴിഞ്ഞ നാലുവർഷമായി ഞാനാണ് അത് അറ്റകുറ്റപ്പണി നടത്തി കൊണ്ടുപോകുന്നത്. പുതിയ ഒരു ശൗചാലയം നിർമിച്ചുതരണം" എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പരാതി കേട്ട അക്ഷയ്കുമാർ ഇക്കാര്യം മുനിസിപ്പാലിറ്റി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഉറപ്പുനൽകി.
ജുഹു ബീച്ചിൽ പരസ്യമായി മലമൂത്ര വിസർജ്ജനം നടത്തുന്ന സംഭവം ചൂണ്ടിക്കാട്ടി താരത്തിന്റെ ഭാര്യകൂടിയായ നടി ട്വിങ്കിൾ ഖന്ന ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അക്ഷയ് കുമാർ മൊബൈൽ ടോയ്‌ലറ്റ് സ്‌പോൺസർ ചെയ്തത്.