വില റോക്കറ്റു പോലെ; ചെന്നൈയില്‍ ഇന്നു മുതല്‍ റേഷന്‍ കടകള്‍ വഴി തക്കാളി, കിലോക്ക് 60 രൂപ
|സഹകരണ മന്ത്രി കെ.ആർ പെരിയക്കുറുപ്പൻ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് സര്‍ക്കാരിന്റെ തീരുമാനം
ചെന്നൈ: തക്കാളി വില റോക്കറ്റു പോലെ കുതിച്ചുകൊണ്ടിരിക്കുകയാണ്. കിലോക്ക് 100 രൂപ മുതല്‍ 130 വരെയാണ് തക്കാളി വില്‍ക്കുന്നത്. വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ റേഷന്‍ കടകള്‍ വഴി തക്കാളി വിതരണം ചെയ്യാനൊരുങ്ങുകയാണ് തമിഴ്നാട് സര്‍ക്കാര്‍. ഇന്നു മുതല്‍ കിലോക്ക് 60 രൂപ നിരക്കില്‍ തക്കാളി ലഭ്യമാകും.
സഹകരണ മന്ത്രി കെ.ആർ പെരിയക്കുറുപ്പൻ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് സര്‍ക്കാരിന്റെ തീരുമാനം. ''ചൊവ്വാഴ്ച മുതൽ നഗരത്തിലുടനീളമുള്ള 82 പൊതുവിതരണ കടകളിലോ (പിഡിഎസ്) റേഷൻ കടകളിലോ കിലോയ്ക്ക് 60 രൂപ നിരക്കിൽ തക്കാളി വിൽക്കും.വരും ദിവസങ്ങളിൽ ചെന്നൈ ഒഴികെയുള്ള ജില്ലകളിലെ എല്ലാ റേഷൻ കടകളിലും തക്കാളി വിതരണം ചെയ്യും. രാജ്യത്തുടനീളം തക്കാളിയുടെ വില വർദ്ധിച്ചു, കർഷകരിൽ നിന്ന് നേരിട്ട് തക്കാളി സംഭരിച്ച് വിപണി വിലയുടെ പകുതി വിലയ്ക്ക് വിൽക്കാൻ ഞങ്ങൾ നടപടികൾ സ്വീകരിച്ചുവരികയാണ്.ഓരോ വർഷവും, ഒരു പ്രത്യേക സീസണിൽ, തക്കാളിയുടെ വില റെക്കോർഡ് ഉയരത്തിൽ എത്തുമെങ്കിലും, ഭാവിയിൽ ഇത്തരം സംഭവങ്ങളും പൂഴ്ത്തിവെപ്പും തടയാൻ നടപടികൾ സ്വീകരിക്കും'' പെരിയക്കുറുപ്പന്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും തക്കാളി വില കത്തിക്കയറുകയാണ്. സംസ്ഥാനത്തുടനീളമുള്ള പുതിയ ഫാം-ഫ്രഷ് വെജി ഔട്ട്ലെറ്റുകളിൽ വിപണി വിലയുടെ പകുതിക്ക് തക്കാളി വിൽക്കാൻ ഞങ്ങൾ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.പകുതി വിലയ്ക്ക് പച്ചക്കറി ലഭ്യമാകുന്നതിനാൽ, 65-ഓളം ഫാം-ഫ്രഷ് വെജി ഔട്ട്ലെറ്റുകളിൽ എത്തി ഏതാനും മിനിറ്റുകൾക്കുള്ളിൽ സ്റ്റോക്ക് തീര്‍ന്നു, ”മന്ത്രി പറഞ്ഞു.ചെന്നൈ നഗരത്തിലെ പ്രധാന മാർക്കറ്റായ കോയമ്പേട് പച്ചക്കറി മാർക്കറ്റിൽ തക്കാളിക്ക് പുറമെ പച്ചമുളകും റെക്കോർഡ് വിലയിലാണ്.കോയമ്പേട് മാർക്കറ്റിൽ സ്റ്റോക്കിൽ വൻ ഇടിവുണ്ടായതിനാൽ നിലവിൽ കിലോയ്ക്ക് 100 രൂപയ്ക്കാണ് പച്ചമുളക് വിൽക്കുന്നതെന്ന് മൊത്തവ്യാപാരി ടി മുത്തുകുമാർ പറഞ്ഞു.
നഗരത്തില്‍ പ്രതിദിനം 200 ടൺ പച്ചമുളക് ആവശ്യമാണ്.“ആന്ധ്രപ്രദേശിൽ നിന്നും കർണാടകയിൽ നിന്നുമാണ് മുഴുവൻ വിതരണവും വരുന്നത്. കഴിഞ്ഞ ആഴ്ചയിൽ സ്റ്റോക്ക് 80 ടണ്ണായി കുറഞ്ഞു, അതുമൂലം വില ഉയർന്നു,” മുത്തുകുമാർ കൂട്ടിച്ചേര്‍ത്തു.