India
Top Stories That Activated Twitter Today
India

ഋതുരാജ് ഗെയ്ക് വാദ് വിവാഹിതനാവുന്നു, ലോക ധനാഢ്യ പദവിയിൽ ഇലോൺ മസ്‌ക്; ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ പ്രധാന വാര്‍ത്തകള്‍

Web Desk
|
1 Jun 2023 3:07 PM GMT

ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ പ്രധാന വാര്‍ത്തകള്‍ ഇവയാണ്

ഋതുരാജ് ഗെയ്ക് വാദ് വിവാഹിതനാവുന്നു; വധു വനിതാ ക്രിക്കറ്റ് താരം

ഐ.പി.എല്ലിൽ ചെന്നൈ അഞ്ചാം കിരീടം ചൂടുമ്പോൾ അതിന് പിന്നിൽ നിർണായക സാന്നിധ്യമായവരിൽ പ്രധാനിയാണ് ഇന്ത്യൻ ബാറ്റർ ഋതുരാജ് ഗെയ്ക്‍വാദ്. സീസണിൽ ആകെ 590 റൺസാണ് ഗെയ്ക്‍വാദ് അടിച്ചെടുത്തത്. സീസണിൽ ചെന്നൈക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ തരമാണ് ഗെയ്ക് വാദ്.

2021 സീസണിൽ ഐ.പി.എല്ലിലെ ഓറഞ്ച് ക്യാപ്പ് ജേതാവായിരുന്നു ഗെയ്ക് വാദ്. ചെന്നൈയുടെ കിരീട നേട്ടത്തിന് പിറകേ വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ് താരം. മഹാരാഷ്ട്ര വനിതാ ക്രിക്കറ്റ് താരം ഉത്കർഷ പവാറാണ് വധു. രണ്ട് വർഷമായി ഇരുവരും പ്രണയത്തിലാണ്. ഈ മാസം മൂന്നിനാണ് താര വിവാഹം.

മഹാരാഷ്ട്ര പേസ് ബോളറായ ഉത്കർഷ ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്ര വനിതാ ക്രിക്കറ്റ് ടീമിന് വേണ്ടി 10 മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2021 നവബർ 15 ന് പഞ്ചാബിനെതിരായ മത്സരത്തിലാണ് ഉത്കർഷ അവസാനമായി കളത്തിലിറങ്ങിയത്.

നിലവിൽ പൂനെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ ആന്റ് ഫിറ്റ്‌നസ് സയൻസിൽ വിദ്യാർഥിയാണ് ഉത്കർഷ. ഇത്തവണ ഐ.പി.എൽ ഫൈനലിൽ ചെന്നൈയെ പിന്തുണക്കാൻ ഉത്കർഷ ഗ്യാലറിയിലെത്തിയിരുന്നു.


''ബി.ജെ.പി പ്രവർത്തകനായ ജഡേജയാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്‌''- അണ്ണാമലൈ

ഐ.പി.എല്‍ കലാശപ്പോരിലെ അവസാന ഓവര്‍ എറിയാന്‍ മോഹിത് ശര്‍മയെത്തുമ്പോള്‍ ഗുജറാത്തിന്‍റെ പ്രതീക്ഷകള്‍ വാനോളമായിരുന്നു. ഈ സീസണില്‍ ഉടനീളം ഗുജറാത്തിനായി മികച്ച പ്രകടനങ്ങളാണ് മോഹിതിന്‍റെ അക്കൌണ്ടിലുണ്ടായിരുന്നത്. ആ പ്രതീക്ഷ മോഹിത് കാക്കുകയും ചെയ്തു. അവസാന ഓവറിലെ നാല് പന്തുകള്‍ യോർക്കർ എറിഞ്ഞ മോഹിത് ആകെ മൂന്ന് റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. എന്നാല്‍ ഗുജറാത്തിന്റെ വിജയം ഏറെക്കുറെ ഉറപ്പായ ഘട്ടത്തിലാണ് രവീന്ദ്ര ജഡേജ രക്ഷക വേഷത്തില്‍ അവതരിച്ചത്.

അവസാന രണ്ട് പന്തും അതിര്‍ത്തി കടത്തി ജഡേജ ചെന്നൈക്ക് ആവേശജയം സമ്മാനിക്കുമ്പോള്‍ സഹതാരങ്ങള്‍ മൈതാനത്തേക്കിറങ്ങിയോടി. ഈ സമയം ഡഗ്ഗൗട്ടിൽ സ്തഭ്ധനായിരിക്കുകയായിരുന്നു ധോണി. പിന്നീട് ജഡേജയെ എടുത്തുയര്‍ത്തി ആഹ്ളാദ പ്രകടനം. ഐ.പി.എല്ലിന്‍റെ ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന കാഴ്ചകള്‍ക്ക് വേദിയാവുകയായിരുന്നു ഇന്നലെ അഹ്മദാബാദിലെ നരന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം..

ഐ.പി.എല്ലിൽ അഞ്ചാം കിരീടം നേടിയതിന് പിന്നാലെ സി.എസ്.കെയെ നേട്ടത്തിന് സഹായിച്ചത് ബി.ജെ.പി പ്രവർത്തകനായ രവീന്ദ്ര ജദേജയാണെന്ന പ്രസ്താവനയുമായെത്തിയിരിക്കുകയാണ് ഇപ്പോള്‍ പാര്‍ട്ടി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. ന്യൂസ് 18 തമിഴിന് നൽകിയ അഭിമുഖത്തിലാണ് അണ്ണാമലൈയുടെ പ്രസ്താവന.

''ജഡേജ ബിജെപി പ്രവർത്തകനാണ്. അദ്ദേഹമാണ് സി.എസ്.കെക്ക് വിജയം സമ്മാനിച്ചത്. ജാംനഗർ നോർത്ത് അസംബ്ലി മണ്ഡലത്തിലെ ബിജെപി എംഎൽഎയാണ് അദ്ദേഹത്തിന്‍റെ ഭാര്യ റിവാബ ജഡേജ. ഒപ്പം അദ്ദേഹം ഒരു ഗുജറാത്തി കൂടിയാണ്''- അണ്ണാമലൈ പറഞ്ഞു.


നല്ല വസ്ത്രം ധരിച്ചു, സൺ ഗ്ലാസ് വെച്ചു; ഗുജറാത്തിൽ ദലിത് യുവാവിന് മർദനം

പാലൻപൂർ: നല്ല വസ്ത്രം ധരിക്കുകയും സൺ ഗ്ലാസ് വെക്കുകയും ചെയ്തതിന് ഗുജറാത്തിൽ ദലിത് യുവാവിന് മർദനം. ബാനസ്‌കാന്ത ജില്ലയിലെ പാലൻപൂർ താലൂക്കിലെ മോട്ട ഗ്രാമത്തിൽ ഉന്നതജാതിക്കാരാണ് ജിഗാർ ഷെഖാലിയയെന്ന യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരയുടെ മാതാവും ആക്രമിക്കപ്പെട്ടെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

നല്ല വസ്ത്രം ധരിച്ചതിനും കണ്ണട വെച്ചതിനും ഏഴുപേർ ചേർന്ന് യുവാവിനെയും അമ്മയെയും മർദിച്ചെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ചൊവ്വാഴ്ച രാവിലെ വീടിന് പുറത്ത് നിന്ന യുവാവിനെ പ്രതികളിലൊരാൾ സമീപിക്കുകയും 'ഈയടുത്തായി വല്ലാതെ പറക്കുന്നുണ്ട്' എന്ന് പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പരാതിയിൽ പറഞ്ഞു. തുടർന്ന് അതേദിവസം രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്ത് നിൽക്കുകയായിരുന്ന യുവാവിനെ രജ്പുത് വിഭാഗത്തിൽപ്പെട്ട ആറു പ്രതികൾ മർദിക്കുകയും ഡയറി പാർലറിന് പിറകിലേക്ക് വലിച്ചിഴക്കുകയുമായിരുന്നു. എന്തിനാണ് അണിഞ്ഞൊരുങ്ങിയതെന്നും സൺ ഗ്ലാസ് വെച്ചതെന്നും ചോദിച്ചായിരുന്നു മർദനമെന്നും പരാതിയിൽ വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ രക്ഷിക്കാനെത്തിയ അമ്മയെ അവർ അപമാനിച്ചെന്നും വസ്ത്രം കീറിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷെഖാലിയ പരാതിപ്പെട്ടതായി പൊലീസ് അറിയിച്ചു.



'ആഭ്യന്തര കാര്യമാണ്, സി.ബി.ഐ റെയ്ഡ് പേടിച്ചാണോ മൗനം?'- ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ സച്ചിന്റെ വീടിനുമുന്നിൽ പ്രതിഷേധം

മുംബൈ: ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ മൗനം തുടരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്കെതിരെ പ്രതിഷേധം. താരങ്ങൾ ഉയർത്തുന്ന ലൈംഗിക പീഡനക്കേസിൽ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആണ് രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധം അറിയിച്ച് മുംബൈ യൂത്ത് കോൺഗ്രസ് സച്ചിന്റെ വീടിനു തൊട്ടുമുന്നിൽ ബാനർ ഉയർത്തുകയും ചെയ്തിട്ടുണ്ട്.

ബാന്ദ്ര വെസ്റ്റ് പെറി ക്രോസ് റോഡിലുള്ള സച്ചിന്റെ വസതിക്കു മുന്നിലാണ് വലിയ ബാനർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'സച്ചിൻ ടെണ്ടുൽക്കർ, താങ്കളൊരു ഭാരത് രത്‌ന ജേതാവും മുൻ എം.പിയും ക്രിക്കറ്റ് ഇതിഹാസവുമാണ്. ഗുസ്തി കൊച്ചുമാർക്കെതിരെ ഉയർന്ന ലൈംഗിക പീഡന വിഷയത്തിൽ മൗനം തുടരുന്നത് എന്തുകൊണ്ടാണ്? വർഷങ്ങളായി യുവ വനിതാ താരങ്ങളെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇവർ. താങ്കൾ ശബ്ദമുയർത്തി ഈ പെൺകുട്ടികളെ സഹായിക്കണം. അവർക്കു നീതിതേടി തുറന്നുസംസാരിക്കണം.'-ബാനറിൽ ആവശ്യപ്പെടുന്നു.

'വോട്ടില്ലാത്ത ഭാരത് രത്‌ന സച്ചിൻ ടെണ്ടുൽക്കർ, ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ എന്തുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്?'-മുംബൈ യൂത്ത് കോൺഗ്രസ് വക്താവ് രഞ്ജിത ഘോറെയുടെ പേരിലുള്ള ബാനറിൽ ചോദിക്കുന്നു. സി.ബി.ഐ റെയ്ഡിനെ പേടിയാണോ എന്നും ചോദ്യം തുടരുന്നുണ്ട്. 'നമ്മുടെ ഗുസ്തി താരങ്ങൾ നീതി തേടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് ബി.ജെ.പി. താങ്കളെപ്പോലെ തന്നെ നമ്മുടെ രാജ്യത്തെ വനിതാ ഗുസ്തി താരങ്ങളും നമ്മുടെ അഭിമാനമാണ്.'-എൻ.സി.പി ദേശീയ വക്താവ് ക്ലൈഡ് ക്രാസ്‌റ്റോ പ്രതികരിച്ചു.

അടുത്തിടെയാണ് മഹാരാഷ്ട്ര സർക്കാരിനു കീഴിലുള്ള 'സ്‌മൈൽ അംബാസഡർ' ആയി സച്ചിനെ നിയമിച്ചത്. 'കായികതാരമെന്ന നിലയ്ക്ക് താങ്കളുടെ സഹോദരങ്ങളെ പിന്തുണയ്ക്കൽ താങ്കളുടെ ഉത്തരവാദിത്തമാണ്. താങ്കൾ തുറന്നുസംസാരിക്കുമെന്നും ഗുസ്തി താരങ്ങളുടെ 'സ്‌മൈൽ അംബാസഡർ' ആകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ക്രാസ്റ്റോ കൂട്ടിച്ചേർത്തു.

മണിപ്പൂരിലെ കലാപം വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് അന്വേഷിക്കും: അമിത് ഷാ

ഇംഫാല്‍: മണിപ്പൂരിലെ കലാപം വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിൽ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കലാപ ബാധിതർക്ക് പുനരധിവാസം ഉൾപ്പെടെയുള്ള സഹായങ്ങളും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. നാല് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി അമിത് ഷാ ഇന്ന് മടങ്ങും.

കലാപം അവസാനിപ്പിക്കാൻ കുകി, മെയ്തെയ് വിഭാഗങ്ങൾ സഹകരിക്കണം എന്നാണ് അമിത് ഷായുടെ അഭ്യർത്ഥന. ഇരു വിഭാഗങ്ങളിലെ സംഘടനാ പ്രതിനിധികളുമായി കഴിഞ്ഞ മൂന്ന് ദിവസവും അമിത് ഷാ ചർച്ച നടത്തി. റിട്ടയെർഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെ നേതൃത്വത്തിൽ കലാപത്തെ കുറിച്ചും കലാപ ഗൂഢാലോചന സംബന്ധിച്ച 6 കേസുകൾ സി.ബി.ഐയും അന്വേഷിക്കും. സമാധാന ശ്രമങ്ങൾക്കായി ഗവർണറുടെ അധ്യക്ഷതയിൽ സമിതി രൂപീകരിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ആയുധങ്ങൾ തിരിച്ചേൽപ്പിക്കാത്തവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി.

കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് നൽകുന്ന 10 ലക്ഷം രൂപ ധനസഹായത്തിൽ 5 ലക്ഷം രൂപ കേന്ദ്രം നൽകും. 30000 മെട്രിക് ടൺ അരിയും കലാപം ബാധിച്ചവർക്ക് അധികമായി കേന്ദ്രം നൽകും. സമാധാനം പുനസ്ഥാപിച്ചില്ലെങ്കിൽ ലഭിച്ച മെഡലുകൾ തിരിച്ചേൽപ്പിക്കുമെന്ന് പ്രഖ്യാപിച്ച മീരാഭായ് ചാനു ഉൾപ്പെടെയുള്ള കായിക താരങ്ങളുമായി ചർച്ച നടത്തിയ ശേഷമാണ് അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങുക.


15.82 ലക്ഷം കോടി രൂപയുമായി ലോക ധനാഢ്യ പദവിയിൽ ഇലോൺ മസ്‌ക്

ലോകത്തിലെ ഏറ്റവും വലിയ ധനാഢ്യ പദവിയിൽ ഇലോൺ മസ്‌ക് തന്നെ. ഏറ്റവും ഒടുവിൽ ജൂൺ ഒന്നിന് ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ടിൽ മസ്‌കാണ് ഒന്നാമൻ. ആകെ 192 ബില്യൺ യു.എസ്. ഡോളറാണ് സമ്പാദ്യം. അഥവാ ഏകദേശം 15.82 ലക്ഷം കോടി ഇന്ത്യൻ രൂപയാണ് ട്വിറ്ററടക്കം പുതിയ രംഗങ്ങളിലും വമ്പൻ തുക മുടക്കിയ മസ്‌കിന്റെ കയ്യിലുള്ളത്. ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡായ ലൂയിസ് വിറ്റണിന്റെ ബെർനാൾഡ് അർണോൾഡാണ് രണ്ടാമത്. 187 ബില്യൺ ഡോളറാണ് സമ്പാദ്യം. 144 ബില്യൺ ഡോളറുമായി ജെഫ് ബിസോസ് മൂന്നാമതും 125 ബില്യൺ ഡോളറുമായി ബിൽ ഗേറ്റ്‌സുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.

കുറച്ചു മാസങ്ങളായി ലോകത്തിലെ ഏറ്റവും വലിയ ധനാഢ്യനെന്ന പദവി പിടിക്കാൻ മസ്‌കും അർണോൾഡും പോരാടുകയാണ്. അവസാന ട്രേഡിൽ അർണാൾഡിന്റെ കമ്പനി രണ്ട് ശതമാനം ഇടിവ് നേരിട്ടതോടെയാണ് ടെസ്‌ല മേധാവി പട്ടികയിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ അർണോൾഡ് മസ്‌കിനെ മറികടന്നിരുന്നു. എന്നാൽ ഈ വർഷം ടെസ്‌ല, സ്‌പേസ് എക്‌സ്, ട്വിറ്റർ എന്നിവയിൽ നിന്നടക്കം മസ്‌ക് വരുമാനമുണ്ടാക്കുകയായിരുന്നു. അതേസമയം, കഴിഞ്ഞ കുറച്ചു മാസങ്ങളായി ലക്ഷ്വറി ഉത്പന്നങ്ങളുടെ ചൈന പോലുള്ള വിപണികൾ മുമ്പുള്ളത്ര സജീവമല്ല. ഏപ്രിൽ മുതലുള്ള കാലയളവിൽ അർണോൾഡിന്റെ എൽ.എം.വി.എച്ച് പത്തു ശതമാനം നഷ്ടം നേരിട്ടു. ഇതോടെ ഈ വർഷം അദ്ദേഹത്തിന് 11 ബില്യൺ ഡോളറിന്റെ നഷ്ടമാണുണ്ടായത്.

ബെൻസേമയും സൗദിയിലേക്ക്? വമ്പൻ ഓഫറുമായി സൗദി ക്ലബ്ബ്‌

മാഡ്രിഡ്: റയൽ മാഡ്രിഡ് സൂപ്പർ താരം കരീം ബെൻസേമക്ക് മുന്നിൽ വമ്പൻ ഓഫർ വച്ച്‌ സൗദി ക്ലബ്ബായ അൽ ഇത്തിഹാദ്. ഈ വർഷത്തോടെ റയലുമായുള്ള കരാർ അവസാനിക്കാനിരിക്കെയാണ് സൗദി ക്ലബ്ബ് താരത്തിന് മുന്നിൽ വമ്പൻ ഓഫർ വച്ചത്. ഒരു സീസണില്‍ 200മില്യണ്‍ യൂറോ, എകദേശം 882 കോടി രൂപയാണ് ഇത്തിഹാദ് താരത്തിന് വാഗ്ദാനം ചെയ്യുന്നത്.


ഇത്തിഹാദുമായി താരത്തിന്റെ ഏജന്റ് ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. അതേ സമയം ഇന്ന് ബെന്‍സേമ റയൽ പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസുമായി ചർച്ച നടത്തും. താരവുമായുള്ള കരാർ പുതുക്കാൻ റയൽ ഇതുവരെ തീരുമാനിച്ചിട്ടില്ല. 2009ൽ 35 മില്യൺ യൂറോക്കാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ബെൻസേമയെ സാന്റിയാഗോ ബെർണബ്യൂവിലെത്തിക്കുന്നത്. ക്രിസ്റ്റ്യാനോയും കക്കയുമടക്കം റയലിൻറെ പുതിയ തലമുറയെ ഫ്ലോറണ്ടീനോ പെരസ് അവതരിപ്പിച്ച അതേ വർഷം വലിയ കൊട്ടിഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് ബെൻസേമ റയൽമാഡ്രിഡിലെത്തിയത്. എന്നാൽ പെട്ടെന്ന് തന്നെ റയലിന്റെ മുന്നേറ്റ നിരയിലെ നിർണ്ണായക സാന്നിധ്യമായി താരം മാറി. അഞ്ച് ചാമ്പ്യൻസ് ലീഗ് കീരീടങ്ങളും നാല് ലീഗ കിരീടങ്ങളുമടക്കം റയലിനൊപ്പം 24 കിരീട നേട്ടങ്ങളില്‍ താരം പങ്കാളിയായി. റയലിന്‍റെ എക്കാലത്തേയും മികച്ച ഗോളടി വേട്ടക്കാരില്‍ രണ്ടാമനാണ് ബെന്‍സേമ.

Similar Posts