India
Top10 twitter trending today
India

രാജ്യത്തെ ധനികനായ എം.എൽ.എ ശിവകുമാർ, രാഹുൽഗാന്ധിയുടെ അപ്പീൽ സുപ്രിംകോടതിയിൽ, ഹിമാചലിൽ പ്രളയം; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്

Web Desk
|
21 July 2023 3:29 PM GMT

1,413 കോടി രൂപയുടെ ആസ്തിയാണ് ശിവകുമാറിനുള്ളത്

മണിപ്പൂർ വിഷയത്തിൽ വ്യാപക പ്രതിഷേധം

മണിപ്പൂരിൽ കുകി യുവതികളെ ജനക്കൂട്ടം കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രാജ്യത്ത് വ്യാപക പ്രതിഷേധം. പ്രധാനപ്രതി 32കാരനായ ഹ്യൂറെം ഹെറോദാസ് മെയ്‌റ്റെയുടെ വീട് വ്യാഴാഴ്ച പ്രതിഷേധക്കാർ കത്തിച്ചു. സ്ത്രീകൾ അടക്കമുള്ളവരാണ് വീടിന് തീവെച്ചത്.

സംഭവത്തിൽ മണിപ്പൂരിൽ പ്രതിഷേധം ശക്തമാകുകയാണ്. സംഘർഷം വ്യാപിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് സായുധസേനകൾക്കും പൊലീസിനും കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പൊലീസിനെതിരെ അക്രമത്തിനിരയായ യുവതി രംഗത്തെത്തി. ആക്രമണത്തിന് അവസരം ഒരുക്കിയത് പൊലീസാണെന്ന് യുവതി ആരോപിച്ചു. മണിപ്പൂർ സംഘർഷത്തെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ മറുപടി നൽകും.

സംഭവത്തിൽ ഇരയാക്കപ്പെട്ട ഒരാൾ സൈനികന്റെ ഭാര്യയാണ്. പരാതി നൽകിയപ്പോൾ പൊലീസ് കേസെടുക്കാൻ തയ്യാറായില്ലന്ന് ഇദ്ദേഹത്തിന്റെ ആരോപണമുണ്ട്.

രാഹുൽഗാന്ധിയുടെ അപ്പീൽ സുപ്രിംകോടതിയിൽ

അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രിംകോടതിയിൽ. പരാതിക്കാരനായ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാറിനും സുപ്രിംകോടതി നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം മറുപടി സമർപ്പിക്കാനാണ് കോടതിയുടെ നിർദേശം. ഹരജി ആഗസ്റ്റ് നാലിന് വീണ്ടും പരിഗണിക്കും.

അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ജസ്റ്റിസുമാരായ ബിആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.എല്ലാ കള്ളൻമാർക്കും മോദിയെന്ന്‌ പേര്‌ വരുന്നതെങ്ങനെ?' എന്ന രാഹുലിന്റെ 2019ലെ പ്രസംഗത്തിലെ പരാമർശമാണ്‌ കേസിന്‌ ആധാരം. ബി.ജെ.പി നേതാവ്‌ പുർണേഷ്‌ മോദിയുടെ പരാതിയില്‍ സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതിയാണ്‌ രാഹുലിനെ രണ്ടുവർഷം തടവിന്‌ ശിക്ഷിച്ചത്‌. വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം ഗുജറാത്ത്‌ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് രാഹുൽ ഗാന്ധി സുപ്രിംകോടതിയിൽ എത്തിയത്.

ഹിമാചലിൽ പ്രളയം

കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ മണാലി, കുളു എന്നിവിടങ്ങളിൽ മിന്നൽപ്രളയം. ഉത്തരാഖണ്ഡിലെ ഗൈർസെയ്ൻ- കർൺപ്രയാഗ് ദേശീയ പാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച മണ്ണിടിച്ചിൽ ഉണ്ടായ മഹാരാഷ്ട്രയിലെ റായിഗഡിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. താനേ, റായിഗഡ്, പൂനെ, പാൽഗർ എന്നിവിടങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. നവീ മുംബൈയിലും ഗുജറാത്തിലെ ദ്വാരക ജില്ലകളിലും വെള്ളപ്പൊക്കം രൂക്ഷമായി.

തെലങ്കാനയിൽ മഴ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിൽ ഗോദാവരി നദിയിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ സംസ്ഥാന സർക്കാർ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. ഒഡീഷയിലെ മൽക്കൻഗിരി ജില്ലയിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണുള്ളത്.

രാജ്യത്തെ ധനികനായ എം.എൽ.എ ശിവകുമാർ

രാജ്യത്തെ ഏറ്റവും ധനികനായ എംഎൽഎ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറെന്ന് റിപ്പോർട്ട്. 1,413 കോടി രൂപയുടെ ആസ്തിയാണ് ശിവകുമാറിനുള്ളത്. രാജ്യത്തെ സമ്പന്നരായ ആദ്യത്തെ മൂന്ന് എം.എൽ.എമാരും കർണാടകയിൽ നിന്നുള്ളവരാണെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് (എഡിആർ) റിപ്പോർട്ടിൽ പറയുന്നു. 1,267 കോടി രൂപയുടെ ആസ്തിയുള്ള കെഎച്ച് പുട്ടസ്വാമി ഗൗഡയാണ് പട്ടികയിൽ രണ്ടാമത്. 1,156 കോടി രൂപയുമായി കോൺഗ്രസിന്റെ പ്രിയ കൃഷ്ണയാണ് തൊട്ടുപിന്നിലുള്ളത്.

അതേസമയം, താൻ ഏറ്റവും ധനികനല്ലെന്നും എന്നാൽ ദരിദ്രനല്ലെന്നും ശിവകുമാർ പ്രതികരിച്ചു. വളരെക്കാലമായി ഞാൻ സമ്പാദിച്ച സ്വത്താണ് ഇവയെന്നും അദ്ദേഹം പറഞ്ഞു. ശിവകുമാറിനെപ്പോലുള്ളവർ ബിസിനസുകാരാണ്.. അതിൽ എന്താണ് തെറ്റെന്ന് കോൺഗ്രസ് എം.എൽ.എ റിസ്വാൻ അർഷാദ് ചോദിച്ചു. ധനികരായ ബി.ജെ.പി എം.എൽ.എമാർ ഖനന കുംഭകോണക്കേസിൽ പ്രതികളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോൺഗ്രസിന് സമ്പന്നരെയാണ് ഇഷ്ടമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് സുരേഷ് കുമാർ തിരിച്ചടിച്ചു.

ടൈറ്റൻ ദുരന്തത്തെ കുറിച്ച് നേരത്തേ അറിയാമായിരുന്നു?

ടൈറ്റൻ ദുരന്തത്തെക്കുറിച്ച് ഓഷ്യൻ ഗേറ്റ് സി.ഇ.ഒ സ്‌റ്റോക്റ്റൺ റഷിന് നേരത്തെ അറിയാമായിരുന്നുവെന്ന് സുഹ്യത്ത്. കാൾ സ്റ്റാൻലി എന്നയാളാണ് '60 മിനിറ്റ് ഓസ്‌ട്രേലിയ എന്ന ഓസ്‌ട്രേലിയൻ ടെലിവിഷൻ പരിപാടിയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ' ഇത് ഒരു ദുരന്തമാകുമെന്ന് അറിയാമായിരുന്നിട്ടും റഷ് കോടീശ്വരന്മാർക്ക് ഒരു എലിക്കെണി ഒരുക്കുകയായിരുന്നു' സ്റ്റാൻലി പറഞ്ഞു.

കാർബൺ ഫൈബറും ടൈറ്റാനിയവും കൊണ്ടുള്ള നിർമിതി അപകടകരമാണെന്ന് താൻ മുന്നറിയിപ്പ് നല്കിയിരുന്നെന്നും സ്റ്റാൻലി കൂട്ടിച്ചേർത്തു. കൂടാതെ 2019ൽ ബഹാമസിൽ റഷുമായി ടൈറ്റന്റെ ടെസ്റ്റ് ഡ്രൈവ് നടത്തിയ അനുഭവവും സ്റ്റാൻലി പങ്കുവെച്ചു. ടെസ്റ്റ് ഡ്രൈവിന്റെ സമയത്ത് ഓരോ മുന്ന്-നാല് മിനിറ്റ് കഴിയുമ്പോഴും വെടിയൊച്ച പൊലൊരു ശബ്ദം കേട്ടിരുന്നു, കടലിനടിയിൽ നിന്ന് വളരെ ദൂരത്താണെങ്കിലും ഇത് കേൾക്കാമായിരുന്നുവെന്നും സ്റ്റാൻലി പറഞ്ഞു.

മണിപ്പൂർ കലാപത്തിൽ കടുത്ത വിമർശനവുമായി സി.കെ വിനീത്

മണിപ്പൂർ കലാപത്തിൽ കടുത്ത വിമർശനവുമായി ഇന്ത്യൻ ഫുട്‌ബോൾ താരം സി.കെ വിനീത്. മണിപ്പൂരിൽനിന്നു വരുന്ന വാർത്തകൾ ഭയപ്പെടുത്തുന്നതാണെന്ന് താരം പ്രതികരിച്ചു. വർഗീയ വിഭജനത്തിന് ആക്കംകൂട്ടുന്നതിനിടയിൽ സർക്കാരിന് രാജ്യംനോക്കാൻ നേരമില്ല. ഇന്ത്യൻ ഫുട്‌ബോൾ താരങ്ങളുടെ ഉൾപ്പെടെ വീടുകൾ പൂർണമായും നശിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും വിനീത് പറഞ്ഞു.

ട്വിറ്ററിലാണ് താരം കേന്ദ്ര-മണിപ്പൂർ സർക്കാരുകളെ രൂക്ഷമായി വിമർശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തെ രൂക്ഷമായി വിമർശിക്കുന്ന 'ദി ടെലഗ്രാഫ്' പത്രത്തിന്റെ ചിത്രവും വിനീത് പങ്കുവച്ചിട്ടുണ്ട്. മുതലക്കണ്ണീരാണിതെന്നും താരം കുറിച്ചു. മണിപ്പൂരിൽനിന്നുള്ള വാർത്തകൾ അവഗണിക്കുന്ന മാധ്യമങ്ങൾക്കെതിരെയും വിമർശനമുണ്ട്.

അലിഗഢ് സർവകലാശാല

തീവ്രവാദ സംഘടനയായ ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ് (ഐഎസ്ഐഎസ്) ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത 19കാരനായ വിദ്യാർത്ഥി ഫൈസാൻ അൻസാരിയുടെ രേഖകൾ പരിശോധിച്ചുവരുന്നതായി അലിഗഡ് മുസ്ലീം സർവ്വകലാശാല അധികൃതർ.

ഫായിസ് എന്ന ഫൈസാന്റെ മുഴുവൻ രേഖകളും സർവകലാശാല അധികൃതർ പരിശോധിച്ചുവരികയാണ്. വേനലവധിക്ക് ശേഷം കോളേജ് തുറന്നാൽ ഫൈസാന്റെ പൂർവ്വികരുടെയടക്കം വ്യക്തമായ ചിത്രം ലഭ്യമാകുമെന്ന് അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി പ്രൊക്ടർ മുഹമ്മദ് വസീൻ പിടിഐയോട് പറഞ്ഞു.

ആഗോള ഭീകര സംഘടനയായ ഐഎസിൽ അംഗമാണെന്ന് ആരോപിച്ചാണ് ഫൈസാനെ എൻഐഎ അറസ്റ്റ് ചെയ്തത്. ഫൈസാന്റെ ജാർഖണ്ഡിലെ വീട്ടിലും ഉത്തർപ്രദേശിലെ വാടക താമസസ്ഥലത്തും നടത്തിയ പരിശോധനക്ക് ശേഷമാണ് അറസ്റ്റ്.

ഗ്യാൻവാപി പള്ളി പരിസരത്ത് ശാസ്ത്രീയ പരിശോധന

ഗ്യാൻവാപി പള്ളിയുടെ പരിസരം മുഴുവൻ ശാസ്‌ത്രീയ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (എഎസ്‌ഐ) അനുമതി നൽകി വാരണാസി ജില്ലാ കോടതി. ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന വുദുഖാനയുടെ ജലധാര ഉൾപ്പെടുന്ന സ്ഥലം സർവേയിൽ നിന്ന് കോടതി ഒഴിവാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് നാലിനകം ശാസ്ത്രീയ റിപ്പോർട്ട് സമർപ്പിക്കാൻ എഎസ്ഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വാരണാസി കോടതിയുടെ ഉത്തരവ് മേൽകോടതികളിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകളുണ്ട്. ഹിന്ദു വിഭാഗത്തിനായി ഹാജരായ വിഷ്ണു ശങ്കർ ജെയിനാണ് ആർക്കിയോളജിക്കൽ സർവേ ആവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകിയത്. തുടർന്ന് വിഷയത്തിൽ മറുപടി നൽകാൻ ഗ്യാൻവാപി പള്ളികമ്മിറ്റിയോട് വാരണാസി കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ അന്തിമവിധി.

വുദുഖാന പ്രദേശം സീൽ ചെയ്യാൻ കഴിഞ്ഞ വർഷം സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. അതിനാൽ വുദുഖാന ഒഴികെയുള്ള പ്രദേശത്താണ് സർവേ നടക്കുക. കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി മസ്ജിദിൽ പുരാതന ഹൈന്ദവ ക്ഷേത്രത്തിന്റെ അടയാളങ്ങളുണ്ടെന്ന് അവകാശപ്പെട്ട് ഈ വർഷം മെയ് മാസത്തിൽ നാല് സ്ത്രീകൾ അപേക്ഷ സമർപ്പിച്ചിരുന്നു. ലക്ഷക്കണക്കിന് വർഷങ്ങളായി ഈ സ്ഥലത്ത് 'സ്വയംഭൂ ജ്യോതിർലിംഗം' നിലനിന്നിരുന്നതായാണ് അപേക്ഷയിലെ അവകാശവാദം.

മണിപ്പൂരിൽ സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം; അപലപിച്ച് ബീരേൻ സിംഗ്

മണിപ്പൂരിൽ കുകി യുവതികളെ നഗ്നരായി നടത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ മാധ്യമങ്ങളെ കണ്ട് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. സംഭവത്തെ അപലപിക്കുന്നതായി ബിരേൻ സിംഗ് പിടിഐയോട് പറഞ്ഞു.

"സംഭവത്തെ സംസ്ഥാനവ്യാപകമായി അപലപിക്കുന്നു. മണിപ്പൂരിലെ ജനങ്ങൾ സ്ത്രീകളെ അമ്മമാരായാണ് കണക്കാക്കുന്നത്. ചില കുബുദ്ധികൾ നീചമായ രീതിയിലൂടെ ഞങ്ങളുടെ പ്രതിച്ഛായ കളങ്കപ്പെടുത്തി. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നാണ് പൊതുസമൂഹം ആവശ്യപ്പെടുന്നത്"; ബിരേൻ സിംഗ് പറഞ്ഞു.

സംഭവത്തെ അപലപിച്ച് നടത്തിയ പൊതുസമ്മേളനത്തിലും ബിരേൻ സിംഗ് പങ്കെടുത്തു. "മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം" എന്നാണ് ബിരേൻ സിംഗ് സമ്മേളനത്തെ അഭിസംബോധന ചെയ്‌ത്‌ പറഞ്ഞത്. കുറ്റവാളികളെ പിടികൂടാൻ സംസ്ഥാനം എല്ലാ ശ്രമങ്ങളും നടത്തുമെന്നും ബിരേൻ സിംഗ് വാഗ്ദാനം ചെയ്തു.

പ്രതികരിച്ച് പ്രിയങ്ക ചോപ്ര

മണിപ്പൂരിൽ സ്ത്രീകളെ നഗ്നാരാക്കി നടത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ച് സിനിമാ താരം പ്രിയങ്ക ചോപ്ര. സംഭവത്തിൽ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് താരം ആവശ്യപ്പെട്ടു.

സ്തീകളെ പണയവസ്തുവാക്കാൻ അനുവദിക്കാനാവില്ലെന്നും മണിപ്പൂരിലെ സ്ത്രീകളുടെ നീതിക്കായി ശബ്ദമുയർത്തണമെന്നും പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചു.

'വീഡിയോ വൈറലായിരിക്കുകയാണ്, ഈ നീചമായ പ്രവർത്തി നടന്നിട്ട് 77 ദിവസം കഴിഞ്ഞിട്ടും നടപടി സ്വികരിച്ചിട്ടില്ല, ഒരു ഗെയിമിലും സ്ത്രീകളെ പണയപ്പെടുത്താൻ നമ്മൾ അനുവദിക്കരുത്. കൂട്ടായ രീതിയിലുള്ള പ്രതിഷേധവും നീതിക്കായുള്ള ഏകീകൃതസ്വരവും ഉയർന്നു വരണമെന്ന്' അവർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

Similar Posts