തൃപ്ത ത്യാഗിക്ക് വൻ പിന്തുണ, ബംഗാളിൽ പടക്കനിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ട് മരണം, മോദിയുടെ ശിവശക്തി പ്രഖ്യാപനത്തെ വിമർശിച്ച് മഹുവ മൊയ്ത്ര; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്
|തൃപ്ത ത്യാഗിയെ പിന്തുണച്ചുള്ള ഹാഷ്ടാഗ് വ്യാപകമായി പ്രചരിച്ചതിനെ പിന്നാലെ ത്രിപ്തയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്
തൃപ്ത ത്യാഗി
വിദ്യാർഥിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് തല്ലിച്ച യുപിയിലെ അധ്യാപിക തൃപ്ത ത്യാഗിക്ക് സമൂഹ മാധ്യമങ്ങളിൽ വൻ പിന്തുണ. #ISupportTriptaTyagi എന്ന ഹാഷ്‌ടാഗ് തുടർച്ചയായ 4 മണിക്കൂറാണ് ട്വിറ്റർ ട്രെൻഡിങ്ങിൽ ഇടംപിടിച്ചത്.
സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഒരു വിഭാഗം അധ്യാപികക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു പ്രത്യേക സമുദായത്തിന്റെ മുഖത്തടിച്ച ടീച്ചർക്ക് അഭിവാദ്യങ്ങൾ തുടങ്ങിയ കമന്റുകളുമായും ആളുകൾ എത്തുന്നുണ്ട്.
ഇത്തരത്തിലുള്ള പ്രതികരണങ്ങൾ പേടിപ്പെടുത്തുന്നതാണെന്നാണ് മറ്റുചിലരുടെ പ്രതികരണം. തൃപ്ത ത്യാഗിയെ പിന്തുണച്ചുള്ള ഹാഷ്ടാഗ് വ്യാപകമായി പ്രചരിച്ചതിനെ പിന്നാലെ ത്രിപ്തയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തമാവുകയാണ്. #ArrestTriptaTayagi എന്ന ഹാഷ്ടാഗിലൂടെ ആളുകൾ പ്രതിഷേധം രേഖപ്പെടുത്തി. 66000ത്തിലധികം ആളുകൾ ഈ ഹാഷ്ടാഗ് ഷെയർ ചെയ്‌തുകഴിഞ്ഞു
നരേഷ് ടികായത്ത്
യുപിയിൽ സഹപാഠികളെക്കൊണ്ട് മുസ്‌ലിം വിദ്യാർത്ഥിയെ തല്ലിച്ച സംഭവത്തിൽ അധ്യാപിക തൃപ്ത ത്യാഗിക്കെതിരായ പരാതി പിൻവലിക്കാൻ കർഷക നേതാവ് നരേഷ് ടിക്കായത്ത് ഇടപെട്ടതായി റിപ്പോർട്ട്. കേസ് ഒത്തുതീർപ്പാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടതായി 'ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു.
അടിയേറ്റ വിദ്യാർത്ഥിയും അധ്യാപികയുടെ നിർദേശം കേട്ട് അടിച്ച വിദ്യാർത്ഥിയും പരസ്പരം കൈകൊടുത്ത് ആലിംഗനം ചെയ്ത വിഡിയോ പുറത്തുവന്നിരുന്നു. ഭാരതീയ കിസാൻ യൂണിയൻ ദേശീയ അധ്യക്ഷൻ നരേഷ് സിങ് ടികായത്ത് ആണ് ഇതിനു മുന്നിട്ടിറങ്ങിയത്.
മുസഫര്‍നഗര്‍ സ്കൂളിലെ സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെയാണ് നരേഷ് കബ്ബുപൂരിലെത്തി പ്രശ്‌നപരിഹാരത്തിനായി ഇടപെട്ടത്. കുട്ടിയുടെ കുടുംബത്തെയും സ്‌കൂൾ വിദ്യാർത്ഥികളെയും അദ്ദേഹം നേരിൽകണ്ടു. പ്രതിയായ അധ്യാപികയുമായും നരേഷ് കൂടിക്കാഴ്ച നടത്തിയതായി 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഗ്രാമത്തിൽ സമാധാനചർച്ചയും നടന്നു.
ഇതിനിടയിലാണ് അധ്യാപികയ്‌ക്കെതിരായ പരാതി പിൻവലിക്കാൻ വിദ്യാർത്ഥിയുടെ പിതാവ് ഇർഷാദിനോട് അദ്ദേഹം ആവശ്യപ്പെട്ടത്. വിഷയം ഒത്തുതീർപ്പാക്കി പ്രശ്‌നം അവസാനിപ്പിക്കാനായിരുന്നു ആവശ്യം. ഇക്കാര്യം നരേഷ് മാധ്യമങ്ങളോടും വ്യക്തമാക്കിയിട്ടുണ്ട്.
ശിവശക്തി
ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലത്തിനു പേരിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ കേന്ദ്രം ഇനി ശിവശക്തി പോയിന്റ് എന്ന് അറിയപ്പെടുമെന്ന് മോദി പ്രഖ്യാപിച്ചു. ലാൻഡർ മുദ്രപതിച്ച സ്ഥലം 'തിരംഗ' എന്ന പേരിലും അറിയപ്പെടും. ചന്ദ്രയാന്‍ ചന്ദ്രനില്‍ ഇറങ്ങിയ ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കും. ബംഗളൂരുവിൽ ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലാണു പ്രഖ്യാപനം. ചന്ദ്രയാൻ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനെത്തിയതായിരുന്നു മോദി.
ശിവശക്തി പോയിന്റ് വരുന്ന തലമുറകളെ പ്രചോദിപ്പിക്കും. എല്ലാ ഹൃദയത്തിലും വീട്ടിലുമെല്ലാം 'തിരംഗ'(പതാക) ഉണ്ടായിരുന്നു. ഇനിയിതാ ചന്ദ്രനിലും ഒരു തിരംഗ. ശാസ്ത്രത്തെ മനുഷ്യകുലത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കണമെന്ന സന്ദേശമാണ് അതു നൽകുന്നത്. ചന്ദ്രയാൻ 3 ദൗത്യം വിജയിപ്പിക്കുന്നതിൽ സ്ത്രീകളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ നേട്ടത്തിൽ ലോകത്തെങ്ങുമുള്ള ജനങ്ങൾ വലിയ ആവേശത്തിലാണ്-മോദി പറഞ്ഞു.
മഹുവ മൊയ്ത്ര
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശിവശക്തി പ്രഖ്യാപനത്തെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. മോദി ചന്ദ്രനിലെ വിവിധ ഭാഗങ്ങൾക്ക് പേരിട്ടു കഴിഞ്ഞു. ഇനി ഫ്ളാറ്റുകളുമായി അദാനിയുടെ വരവായിരിക്കും. അവിടെ മുസ്‌ലിംകൾക്കു പ്രവേശനമില്ലെന്ന പ്രഖ്യാപനവും വരുമെന്നും മഹുവ പരിഹസിച്ചു.
''മോദി ചന്ദ്രനിലെ ചില ഭാഗങ്ങൾക്ക് തിരംഗ എന്നും ശിവശക്തി എന്നും പേരിട്ടിരിക്കുകയാണ്. അടുത്തത് റിയൽ എസ്റ്റേറ്റ് മേഖലയിലേക്കുള്ള അദാനിയുടെ വരവായിരിക്കും. ചന്ദ്രനിൽ ഭൂമിക്കു മുഖാമുഖമുള്ള ഫ്‌ളാറ്റുകൾ നിർമിക്കാനുള്ള അവകാശം ഒരു ടെണ്ടറും ക്ഷണിക്കാതെ (അദാനിക്കു മാത്രമായി) ലഭിക്കും. (അവിടെ) മുസ്‌ലിംകൾക്ക് പ്രവേശനമുണ്ടാകില്ല. ശുദ്ധ വെജിറ്റേറിയൻ താമസക്കാർ മാത്രം.''-'എക്‌സി'ൽ കുറിച്ച പോസ്റ്റിൽ മഹുവ കുറിച്ചു.
ബംഗാൾ സ്‌ഫോടനം
പശ്ചിമ ബംഗാളിലെ അനധികൃത പടക്കനിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. നോർത്ത് 24 പർഗാനാസ് ജില്ലയിൽ ഞായറാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്. അതിശക്തമായ സ്‌ഫോടനം ആയതിനാൽ സമീപത്തെ നിരവധി കെട്ടിടങ്ങൾക്കും കേടുപാടുണ്ടായതായി അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
ദത്തപുക്കറിലെ നിൽഗുഞ്ച് ഏരിയയിലെ ഇരുനില വീട്ടിൽ ഞായറാഴ്ച രാവിലെ 10.40ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. ഈ വീട്ടിൽ അനധികൃതമായാണ് പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
ചന്ദ്രമുഖി 2
ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്കരൻ നിർമിക്കുന്ന പ്രേക്ഷകരും ഏവരും അക്ഷമരായി കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ചന്ദ്രമുഖി 2ൽ കങ്കണ റണൗത്ത് ടൈറ്റിൽ കഥാപാത്രത്തിൽ എത്തുന്നു. പി വാസു സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബർ 15ന് തിയറ്ററുകളിലെത്തും. തെലുഗ് സംസ്ഥാനങ്ങളിൽ രാധ കൃഷ്ണ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ചിത്രത്തിന്‍റെ തെലുഗ് വേർഷൻ റിലീസിനെത്തിക്കും.
നായകൻ രാഘവ ലോറൻസ് പ്രി റിലീസ് ഇവന്‍റില്‍ സംസാരിച്ച വാക്കുകൾ വൈറലാവുകയാണ്. തന്റെ എല്ലാ ചിത്രങ്ങളുടെയും ഇവന്‍റ് നാളിൽ പെർഫോം ചെയ്യുന്ന ഭിന്നശേഷിയുള്ള ഡാൻസർമാരെക്കുറിച്ച് സംസാരിച്ചു. "എന്റെ സഹോദരങ്ങൾക്കായി ഞാൻ എപ്പോഴും ഒരു പ്രോഗ്രാം ഒരുക്കും. നൃത്തം അല്ലാതെ മറ്റൊന്നും അവർക്ക് അറിയില്ല. ഇവർ സമ്പാദിച്ചില്ലെങ്കിൽ ഇവരുടെ കുടുംബം പട്ടിണിയാകും. മറ്റ് ചിലർ എങ്കിലും ഇവർക്ക് ഇത് കണ്ട് കൂടുതൽ അവസരങ്ങൾ കൊടുക്കുമെന്ന് ഞാൻ ആഗ്രഹിക്കുന്നു. "
ഹിന്ദുരാഷ്ട്രം
ചന്ദ്രനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭാ അധ്യക്ഷൻ സ്വാമി ചക്രപാണി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ശിവശക്തി പോയിന്റിനെ അതിന്റെ തലസ്ഥാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനു കത്തയയ്ക്കുമെന്നും ചക്രപാണി അറിയിച്ചു.
ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്നു പേരിട്ടതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുകയാണ്. മറ്റു മതക്കാരും ദേശക്കാരും അവിടെ പോകുന്നതിനുമുൻപ് ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കണം. മറ്റാരെങ്കിലും അവിടെ പോയി ജിഹാദ് ചെയ്യുകയും ഇസ്‌ലാമിനെയോ മറ്റു മതങ്ങളെയോ പ്രചരിപ്പിക്കുകയും തീവ്രവാദം വളർത്തുകയും ചെയ്യുന്നതിനുമുൻപ് പ്രഖ്യാപനമുണ്ടാകണം. ശിവശക്തി പോയിന്റിനെ അതിന്റെ തലസ്ഥാനവുമാക്കണം-സ്വാമി ചക്രപാണി ആവശ്യപ്പെട്ടു.