ഒഡീഷ ട്രെയിൻ ദുരന്തവും വിവാദങ്ങളും, അനുശോചനം രേഖപ്പെടുത്തി ബൈഡൻ; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്
|റെയിൽവേ മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അധികാരമില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷ പാർട്ടികൾ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്
ബെൻസേമയും മാഡ്രിഡും
സൂപ്പർതാരം കരീം ബെൻസേമ റയൽ മാഡ്രിഡ് വിട്ടതാണ് ട്വിറ്ററിൽ ഇന്ന് ഏറ്റവും ട്രെൻഡിംഗ് ആയ വാർത്ത.
ബെൻസേമ റയൽ വിട്ട കാര്യം റയൽമാഡ്രിഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ സീസൺ അവസാനത്തോടെ ബെൻസേമയുടെ ക്ലബ്ബുമായുള്ള കരാർ കഴിയും. നേരത്തെ തന്നെ താരം ക്ലബ്ബ് വിടുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ക്ലബ്ബ് തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു.
ബെൻസേമക്ക് മുന്നിൽ വമ്പൻ ഓഫർ വച്ച് സൗദി ക്ലബ്ബായ അൽ ഇത്തിഹാദ് ആണ് രംഗത്തുള്ളത്. ഒരു സീസണിൽ 200മില്യൺ യൂറോ, എകദേശം 882 കോടി രൂപയാണ് ഇത്തിഹാദ് താരത്തിന് വാഗ്ദാനം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഒഡീഷ ട്രെയിൻ അപകടം
രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ വാർത്തകളും തുടർ ചർച്ചകളും അവസാനിക്കുന്നില്ല. അപകടത്തിൽ മരണം 275 എന്നാണ് ഔദ്യോഗിക റിപ്പോർട്ട്. നിലവിൽ 88 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന തുടരുകയാണ്.
അപകടത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. റെയിൽവേ ബോർഡിന്റെ ശിപാർശ പ്രകാരമാണ് നടപടി.
ദീപിക പദുക്കോണിന്റെ 'ബ്യൂട്ടി സീക്രട്ട്'
പൊതുവേദികളിൽ ധരിക്കുന്ന ഔട്ട്ഫിറ്റിനും മേക്കപ്പിനുമൊക്കെ ധാരാളം പ്രശംസ കിട്ടാറുള്ള ബോളിവുഡ് താരമാണ് ദീപിക പദുക്കോൺ. സമൂഹമാധ്യമങ്ങളിൽ സജീവവുമാണ് താരം. കഴിഞ്ഞ ദിവസം ആരാധകരുമായി സംവദിക്കുന്നതിനിടെ താരം പങ്കുവെച്ച സ്‌കിൻകെയർ ടിപ്പ് ആണ് ഇപ്പോൾ ട്വിറ്ററിലെ ഒരു പ്രധാന ചർച്ച. ചർമത്തിൽ ഒരുപാട് പരീക്ഷണങ്ങൾ നടത്തരുതെന്നും എല്ലാം സിംപിൾ ആയി ചെയ്യണമെന്നുമാണ് ദീപികയുടെ ടിപ്പ്. അമ്മ ഉജ്ജ്വലയാണ് ഇത് പഠിപ്പിച്ചു തന്നതെന്നും താരം പറയുന്നു.
ബെൻസ്‌റ്റോക്‌സ്
ക്രിക്കറ്റ് കളത്തിൽ എല്ലാം റെക്കോർഡ് ആണ്. റൺസെടുത്താലും ഇല്ലൈങ്കിലും ഗോൾഡൻ ഡക്കായാലുമെല്ലാം റെക്കോർഡ് ബുക്കിൽ ഇടംനേടും. എന്നാൽ വ്യത്യസ്തമായൊരു റെക്കോർഡാണ് ഇംഗ്ലണ്ട് ടെസ്റ്റ് നായകൻ ബെൻസ്റ്റോക്സിനെ തേടി എത്തിയിരിക്കുന്നത്. ബാറ്റും ചെയ്തില്ല ബൗളും ചെയ്തില്ല എന്നിട്ടും റെക്കോർഡ് ബുക്കിൽ ഇടം നേടി ബെൻസ്റ്റോക്സ്. അയർലാൻഡിനെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു സ്റ്റോക്സിന്റെ റെക്കോർഡ് നേട്ടം.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ടീം ക്യാപ്റ്റൻ ബാറ്റിങോ, ബൗളിങോ, കീപ്പറായിട്ടോ കളിക്കാതെ വിജയം സ്വന്തമാക്കിയ മത്സരമാണ് അയർലൻഡിനെതിരെ പൂർത്തിയായത്. മത്സരത്തിൽ നാല് വിക്കറ്റുകൾ മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. രണ്ടിന്നിങ്സിലും സ്റ്റോക്സിന് ബാറ്റ് ചെയ്യേണ്ടി വന്നില്ല. രണ്ടിന്നിങ്സിലും താരം ബോളും എറിഞ്ഞില്ല. ഇതോടെയാണ് ബാറ്റിങും ബൗളിങും കീപ്പിങും ചെയ്യാതെ ക്യാപ്റ്റൻ വിജയം സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ 146 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം.
റെയിൽവേ മന്ത്രിയുടെ രാജി
ഒഡീഷ ട്രെയിൻ ദുരന്തത്തിന് ഏറ്റവുമധികം വിമർശനം നേരിട്ടയാളാണ് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമുൾപ്പടെ രംഗത്തെത്തിയിരുന്നു. അവഗണന കൊണ്ടുണ്ടായ മനുഷ്യനിർമിതമായ ദുരന്തമാണെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. റെയിൽവേ മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അധികാരമില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷ പാർട്ടികൾ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. എന്നാൽ രാജി വയ്ക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി കഴിഞ്ഞു.
ഇതിനിടെ മന്ത്രിക്ക് ഐക്യദാർധ്യമർപ്പിച്ച് ഒരു വിഭാഗം ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിയെ പിന്തുണച്ച് istandwithashwinivaishnav എന്ന ഹാഷ്ടാഗ് ട്രെൻഡിംഗ് ആണ് ട്വിറ്ററിൽ.
ഗൗതം അദാനി
ഒഡീഷ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഗൗതം അദാനി ഏറ്റെടുത്തതാണ് ട്വിറ്റർ ചർച്ച ചെയ്യുന്ന മറ്റൊരു വിഷയം.
കുട്ടികളുടെ മുഴുവൻ വിദ്യാഭ്യാസച്ചെലവും ഏറ്റെടുക്കുമെന്ന് ട്വീറ്റിലൂടെയാണ് അദാനി അറിയിച്ചത്. അപകടത്തെ അതിജീവിച്ചവർക്ക് എല്ലാ പിന്തുണയും നൽകേണ്ടത് നമ്മുടെ ബാധ്യതയാണെന്നും അദാനി കൂട്ടിച്ചേർത്തു.
എസ് പി ബാലസുബ്രഹ്മണ്യം
വിടപറഞ്ഞ അനശ്വരഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ 77ാം ജന്മവാർഷികമാണിന്ന്. സംഗീത ലോകത്തുണ്ടായ തീരാനഷ്ടമാണ് എസ്പിബി. ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടിയതിന് ഗിന്നസ് റെക്കോർഡ് നേടിയ വ്യക്തിയാണ് അദ്ദേഹം. ഒറ്റ ദിവസം 21 പാട്ടുകൾ പാടിയും എസ്പിബി വിസ്മയിപ്പിച്ചു.
ജോ ബൈഡൻ
ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യയിലെ ട്രെയിൻ ദുരന്തത്തിന്റെ ദാരുണമായ വാർത്ത കേട്ട് ഞാനും പ്രഥമ വനിത ഡോ. ജിൽ ബൈഡനും ഹൃദയം തകർന്നിരിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റ് ചികിത്സയിലുള്ളവർക്കും ഞങ്ങളുടെ പ്രാർത്ഥനകൾ. ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യയിലെ ജനങ്ങളുടെ വേദനയിൽ അമേരിക്കയിലുടനീളമുള്ള ആളുകളും പങ്കുചേരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിൽ ആഴത്തിലുള്ള ബന്ധമാണുള്ളത്. ഇന്ത്യയുടെ ദുരിതബാധിതർക്കൊപ്പം എന്നും താങ്ങായി ഉണ്ടാകുമെന്നും പ്രസ്താവനയിൽ പറയുന്നു.
നാട്ടു നാട്ടു
ആർആർആറിലെ 'നാട്ടു നാട്ടു' ഗാനത്തിൻറെ ഓളം ഇനിയും അടങ്ങിയിട്ടില്ല. അതിർത്തികൾ കടന്ന് ഓസ്‌കർ പുരസ്‌കാരം വരെ സ്വന്തമാക്കിയ പാട്ടിന് ആഘോഷമാക്കുകയാണ് യുക്രൈനിലെ സൈനികർ. ഗാനത്തിനൊപ്പം ചുവടു വയ്ക്കുന്ന പട്ടാളക്കാരുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ജെയ്ൻ ഫെഡോടോവയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ മൈക്കോളൈവിലെ സൈനികർ രാം ചരണിൻറെയും ജൂനിയർ എൻടിആറിൻറെയും ചുവടുകൾ അതേപടി പകർത്തിയിരിക്കുകയാണ്. ആർആർആറിലെ നായകർ ബ്രിട്ടീഷുകാർക്കെതിരായിട്ടാണ് പ്രകടനം നടത്തിയെങ്കിൽ യുക്രൈൻ സൈനികരുടെ നൃത്തം റഷ്യൻ അധിനിവേശത്തിനെതിരെയാണ്. ആർആർആർ ടീമും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
ടിയാനൻമെൻ സ്‌ക്വയർ കൂട്ടക്കൊല
ജനാധിപത്യ അവകാശങ്ങൾക്കായി പോരാടിയ പതിനായിരക്കണക്കിന് യുവാക്കളെയും വിദ്യാർഥികളെയും കൂട്ടക്കൊല ചെയ്ത ചൈനീസ് ഭരണകൂട ക്രൂരതയുടെ പേരാണ് ടിയാനെൻമെൻ സ്‌ക്വയർ കൂട്ടക്കൊല.
34 വർഷങ്ങൾക്ക് മുമ്പൊരു ജൂൺ 4നാണ് ആ ദുഷ്‌ക്രിയയ്ക്ക് ചൈന ഉത്തരവിട്ടത്. അന്ന് ഉയർന്നു വന്ന പ്രക്ഷോഭങ്ങളെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അന്ന് നേരിട്ടത് ടാങ്കറുകളും തോക്കും കൊണ്ടായിരുന്നു.