മണിപ്പൂരിലെ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് ചീഫ് ജസ്റ്റിസ്, 2024ലെ തെരഞ്ഞെടുപ്പിൽ മോദി തോൽക്കുമെന്ന് ലാലു പ്രസാദ് യാദവ്; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്
|മണിപ്പൂരിൽ സ്ത്രീകൾ സഹായം ചോദിച്ചുചെന്നപ്പോൾ ആൾക്കൂട്ടത്തിനിടയിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് പൊലീസ് ചെയ്തതെന്ന് കപിൽ സിബൽ
ഗ്യാൻവാപിയെ പള്ളിയെന്ന് വിളിക്കുന്നത് നിർത്തിയാൽ പ്രശ്‌നം അവസാനിക്കുമെന്ന് യോഗി
ഗ്യാൻവാപിയെ പള്ളിയെന്ന് വിളിക്കുന്നത് നിർത്തിയാൽ പ്രശ്‌നം അവസാനിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചരിത്രപരമായ തെറ്റുകൾ മുസ്‍ലിംകള്‍ തിരുത്തണം. ഗ്യാൻവാപിക്കുള്ളിൽ ശിവലിംഗം ഉണ്ടെന്നും യോഗി ആദിത്യനാഥ് വാർത്താഏജൻസിയായ എ.എന്‍.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മസ്ജിദ് എന്ന് പറഞ്ഞാൽ തർക്കമുണ്ടാകും. അത് നിർത്തിയാൽ പ്രശ്നം പരിഹരിക്കാം. ഹിന്ദു ചിഹ്നമായ ത്രിശൂലം എന്താണ് പള്ളിക്കുള്ളില്‍ ചെയ്യുന്നത്. ഞങ്ങളാരും അത് അവിടെ കൊണ്ടുവെച്ചതല്ല'. ഗ്യാൻവാപി പരിസരത്ത് ഹിന്ദു ചിഹ്നങ്ങളും ഘടകങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും യോഗി അവകാശപ്പെട്ടു.
മണിപ്പൂരിലെ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് ചീഫ് ജസ്റ്റിസ്
മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ആക്രമണത്തിനിരയായ യുവതികളുടെ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.
ഇരകൾക്കുവേണ്ടി കപിൽ സിബൽ ആണ് ഹാജരായത്. അക്രമികൾക്ക് പൊലീസ് എല്ലാ സഹകരണവും ചെയ്തതിനു തെളിവുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകൾ സഹായം ചോദിച്ചുചെന്നപ്പോൾ ആൾക്കൂട്ടത്തിനിടയിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് പൊലീസ് ചെയ്തതെന്നും കപിൽ സിബൽ പറഞ്ഞു. വിഡിയോയിൽ പുറത്തുവന്നവർ മാത്രമല്ല ലൈംഗികമായി ആക്രമിക്കപ്പെട്ടതെന്നു മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്ങും ചൂണ്ടിക്കാട്ടി. നിരവധി സ്ത്രീകൾ ലൈംഗികാതിക്രമത്തിനിരയായതിന് വ്യക്തമായ തെളിവുകളുണ്ടെന്നും അവർ പറഞ്ഞു.
പാകിസ്താൻ
വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ബജൗറിൽ നടന്ന സ്ഫോടനത്തില്‍ 44 പേർ കൊല്ലപ്പെട്ടു.പാകിസ്താനിലെ ഖൈബർ പഖ്തൂൻഖാവ പ്രവിശ്യയിലെ ഗോത്രവർഗ ജില്ലയായ ബജാവൂറിന്റെ തലസ്ഥാനമായ ഖറിൽ, ജമിയത് ഉലമ ഇസ്‍ലാം ഫസൽ (ജെ.യു.ഐ-എഫ്) പാർട്ടി സമ്മേളനത്തിനിടെയാണ് ബോംബ് സ്ഫോടനമുണ്ടായത്.
200ലേറെ പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ പാർട്ടി പ്രാദേശിക നേതാവ് മൗലാനാ സിയാവുല്ല ജാനും കൊല്ലപ്പെട്ടു. 500ഓളം പേർ ഒത്തുകൂടിയ സദസിലാണ് ബോംബ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. 10 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ബജൗറിലും സമീപപ്രദേശങ്ങളിലുമുള്ള ആശുപത്രികളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ജെ.യു.ഐ-എഫ് തലവൻ മൗലാന ഫസലുർ റഹ്മാൻ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അസം ഖാന്‍ അനുശോചനം രേഖപ്പെടുത്തി.സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ഫ്രഞ്ച് സാഹസികൻ റെമി ലൂസിഡിക്ക് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
പ്രശസ്ത ഫ്രഞ്ച് സാഹസികൻ റെമി ലൂസിഡിക്ക് കെട്ടിടത്തിന്റെ 68ാം നിലയിൽ നിന്ന് വീണ് മരിച്ചു. ഹോങ്കോങ്ങിലെ 68 നിലകളുള്ള ട്രെഗുണ്ടർ ടവർ സമുച്ചയത്തിൽ നിന്ന് വീണു മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
40-ാം നിലയിലുള്ള ഒരു സുഹൃത്തിനെ കാണാൻ പോകുകയാണെന്ന് പറഞ്ഞാണ് ഇയാൾ കെട്ടിടത്തിന്റെ അകത്തേക്ക് കടന്നതെന്നാണ് സെക്യൂരിറ്റി ജീവനക്കാർ പറയുന്നത്. എന്നാൽ ഇയാൾക്ക് അങ്ങനെയൊരു സുഹൃത്തില്ലെന്ന് പിന്നീട് കണ്ടെത്തി. തുടർന്ന് സെക്യൂരിറ്റി ഗേറ്റിൽ വെച്ച് ഇയാളെ തടഞ്ഞെങ്കിലും ലിഫ്റ്റിൽ കയറി ഇയാൾ കെട്ടിടത്തിന്റെ മുകളിലേക്ക് പോയി.
ലൂസിഡി 49 നിലയിൽ എത്തിയതായും സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചു. എന്നാൽ ഇയാൾ 68ാം നിലയിൽ കുടുങ്ങിയതായും ജനലിൽ മുട്ടി സഹായം അഭ്യർഥിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചപ്പോഴേക്കും ലൂസിഡി കാൽവഴുതി താഴേക്ക് പതിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഇയാളുടെ കാമറ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, മരണകാരണം പൊലീസ് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല
മാമമ്മനിൽ ഒളിഞ്ഞിരിക്കുന്ന അപകടം
മാരി സെൽവരാജ് രചനയും സംവിധാനവും നിർവഹിച്ച തമിഴ് പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് മാമന്നൻ. ചിത്രത്തിൽ ഉദയനിധി സ്റ്റാലിൻ, വടി വേലു, ഫഹദ് ഫാസിൽ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓ.ടി.ടി റിലീസിന് ശേഷം ഫഹദ് ഫാസിലിന്റെ പ്രതിനായക കഥാപാത്രത്തെ ഗ്ലോറിഫൈ ചെയ്തുകൊണ്ടുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ജാതി ബോധവും അധികാരവും തലക്ക് പിടിച്ച് സവർണനായ പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ദൃശ്യങ്ങൾക്കൊപ്പം മാസ് ബി.ജി.എം ചേർത്തുകൊണ്ടുള്ള വീഡിയോകളാണ് പ്രചരിക്കുന്നത്.
അതിനിടെ ചിലർ ഇതിനെതിരെ രംഗത്ത് വരുകയും ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെ ചൂണ്ടികാണിക്കുകയും ചെയ്തു. എന്തിനെതിരെയാണോ മാരി സെൽവരാജ് സിനിമയിലൂടെ സംസാരിക്കാൻ ശ്രമിച്ചത് ആ സവർണാധിപത്യ സ്വഭാവമാണ് ഇപ്പോൾ ആഘോഷിക്കപ്പെടുന്നതെന്ന് ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ബൗളിങ്ങിലെ അമിതഭാരത്തെക്കുറിച്ച് ഹാർദിക് പാണ്ഡ്യ
ബൗളിങ്ങിലെ അമിതഭാരത്തെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. താനൊരു ആമയാണിപ്പോഴെന്നും മുയലല്ലെന്നും ഹർദിക് മാധ്യമങ്ങളോട് പറഞ്ഞു. ലോകകപ്പ് ആകുമ്പോഴേക്കും എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു.
താരതമ്യേനെ ദുർബലരായ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ടീം ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ശേഷമായിരുന്നു താൽക്കാലിക ക്യാപ്റ്റനായ ഹർദികിന്റെ പ്രതികരണം. 'എന്റെ ശരീരത്തിന് ഇപ്പോൾ പ്രശ്‌നമൊന്നുമില്ല. കൂടുതൽ ഓവർ എറിഞ്ഞ് ലോകകപ്പിനുള്ള ജോലിഭാരം ശരിയാക്കേണ്ടതുണ്ട്. ഞാനിപ്പോഴൊരു ആമയാണ്. മുയലല്ല. ലോകകപ്പ് ആകുമ്പോഴേക്ക് എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ'-ഹർദിക് പറഞ്ഞു
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശങ്ക?
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശങ്കയുണ്ടെന്ന് ആര്‍.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. അദ്ദേഹം വിദേശത്ത് അഭയം തേടുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിനെതിരെ നരേന്ദ്ര മോദി 'ക്വിറ്റ് ഇന്ത്യ' മുദ്രാവാക്യം മുഴക്കിയതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ലാലു പ്രസാദ് യാദവിന്‍റെ പ്രതികരണം.
"മോദിയാണ് ഇന്ത്യ വിടാന്‍ ആലോചിക്കുന്നത്. അദ്ദേഹം ഇത്രയധികം രാജ്യങ്ങൾ സന്ദർശിക്കാൻ അതാണ് കാരണം. പിസയും മോമോസും ചൗ മേയും ആസ്വദിക്കാന്‍ കഴിയുന്ന സ്ഥലം തേടുകയാണ് അദ്ദേഹം" - ലാലു പ്രസാദ് യാദവ് പറഞ്ഞു. ലാലു പ്രസാദ് യാദവിന്‍റെ പരാമര്‍ശത്തിനു പിന്നാലെ വേദിയില്‍ ചിരി പടര്‍ന്നു.
ജീവിതകാലം മുഴുവൻ സാൻഡ്‌വിച്ച് ഫ്രീ; ഓഫറുമായി സബ്‌വേ
ജീവിതകാലം മുഴുവൻ ഫ്രീ സാൻഡ്‌വിച്ചുകൾ... അതും പ്രശസ്ത ഫൂഡ് ബ്രാൻഡായ സബ്‌വേയുടെ. അടിപൊളി ഓഫർ അല്ലേ... എന്നാൽ ഈ ഓഫർ ലഭിക്കണമെങ്കിൽ ഒരു കണ്ടീഷൻ ഉണ്ട്- നിയമപരമായി സബ്‌വേ എന്ന് പേരു മാറ്റണം.
യുഎസിലുള്ള സാൻഡ്‌വിച്ച് പ്രേമികൾക്കായി ആഗസ്റ്റ് 1 മുതൽ 4 വരെയാണ് സബ്‌വേ മത്സരം സംഘടിപ്പിക്കുന്നത്. 18 വയസ്സ് പൂർത്തിയായ SubwayNameChange.com. എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് പേര് മാറ്റാം. പേരു മാറ്റത്തിന് വേണ്ടി വരുന്ന എല്ലാ ചെലവുകളും സബ്‌വേ വഹിക്കും. ഔദ്യോഗികമായി സബ്‌വേ പേര് സ്വീകരിച്ച ഭാഗ്യശാലിയായ ഒരാൾക്ക് ജീവിതകാലം മുഴുവൻ ഹെൽത്തി സബ് വേ സാൻവിച്ചുകൾ ഫ്രീ.