നൂഹിലെ ബുൾഡോസർ നടപടികൾ, ജയ്പൂർ ട്രെയിൻ വെടിവെപ്പിൽ പ്രതിഷേധം, യുപിയിൽ കുട്ടികളെ മൂത്രം കുടിപ്പിച്ച് ക്രൂരത; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്
|മോഷണക്കുറ്റം ആരോപിച്ചാണ് 10ഉം 15ഉം വയസുള്ള രണ്ട് ആൺകുട്ടികളെ ക്രൂരപീഡനത്തിന് ഇരയാക്കിയത്
പാകിസ്താനിൽ ട്രെയിൻ പാളം തെറ്റി 30 മരണം
പാകിസ്താനിൽ ട്രെയിൻ പാളം തെറ്റി 30 മരണം. കറാച്ചിയിൽ നിന്ന് റാവൽപിണ്ടിയിലേക്ക് പോവുകയായിരുന്ന ഹസാര എക്‌സ്പ്രസ് ആണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിന്റെ പത്ത് ബോഗികൾ പാളം തെറ്റി മറിഞ്ഞു. അപകടത്തിൽ എൺപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.
കറാച്ചിയിൽ നിന്ന് 275 കിലോമീറ്റർ അകലെ വെച്ചാണ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തിന്റെ കാരണം സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യത നിലനിൽക്കുന്നുണ്ടെന്നും സാങ്കേതിക തകരാറാണോ അപകടത്തിന് പിന്നിലെന്ന് പരിശോധിച്ചു വരികയാണെന്നും പാകിസ്താൻ റെയിൽവേ മന്ത്രി ഖ്വാജ സാദ് റഫീഖ് പറഞ്ഞു
നൂഹ് സംഘർഷം
ഹരിയാനയിലെ സംഘർഷമേഖലയിൽ നാലാം ദിവസവും ഭരണകൂടത്തിന്റെ ബൂൾഡോസർ നടപടികൾ തുടരുന്നു. നൂഹിൽ വി.എച്ച്.പി ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായതായി ആരോപിക്കപ്പെടുന്ന സഹാറ ഫാമിലി റസ്റ്ററന്റ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. വ്യാഴാഴ്ച ആരംഭിച്ച പൊളിച്ചുനീക്കൽ നടപടികളാണ് തുടരുന്നത്.
ഇന്ന് രാവിലെ നൂഹ് ജില്ലാ ഭരണകൂടം പൊലീസ് സന്നാഹത്തോടെയാണ് റസ്റ്ററന്റ് പൊലിക്കാനെത്തിയത്. മുസ് ലിം ഉടമസ്ഥതയിലുള്ള റസ്റ്ററന്റ് അനധികൃതമായി നിർമിച്ചതാണെന്നാണ് ജില്ല നഗര ആസൂത്രകൻ വിനേഷ് കുമാറിന്റെ ആരോപണം.
ഗദ്ദർ
മുൻ നക്‌സലൈറ്റും വിപ്ലവകവിയും നാടോടി ഗായകനുമായ ഗദ്ദർ അന്തരിച്ചു. 77 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ദീർഘകാലമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
1980കളിൽ തന്നെ മാവോയിസ്റ്റ്, നക്‌സലൈറ്റ് പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു ഗദ്ദർ എന്ന പേരിൽ അറിയപ്പെടുന്ന ഗുമ്മഡി വിത്തൽ റാവു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്)യിൽ അംഗമായിരുന്ന അദ്ദേഹം പാർട്ടിയുടെ സാംസ്‌കാരിക വിഭാഗമായ ജനനാട്യ മണ്ഡലിയുടെ സ്ഥാപകനുമായി.
വിപ്ലവ, നാടോടി ഗാനങ്ങളിലൂടെ പഴയ ആന്ധ്രാപ്രദേശിന്റെ ഗ്രാമീണമേഖലയിലെ സാധാരണക്കാർക്കിടയിൽ നക്‌സൽ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യമുണ്ടാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ഗദ്ദറിന്‍റെ പാട്ടുകേള്‍ക്കാനായി ഒാരോ നാട്ടിലും ആയിരങ്ങളാണു തടിച്ചുകൂടിയിരുന്നത്. നക്സല്‍ പ്രസ്ഥാനത്തിനുശേഷം തെലങ്കാന പ്രക്ഷോഭത്തിനും ജനകീയ പിന്തുണ ശക്തമാക്കാന്‍ ഗദ്ദറിന്‍റെ പാട്ടുകള്‍ക്കായി.
ജയ്പൂർ ട്രെയിൻ വെടിവെയ്പ്പ്
മുംബൈ-ജയ്പൂർ എക്‌സ്പ്രസിൽ മൂന്നു മുസ്‌ലിംകളെയും എ.എസ്.ഐയെയും റെയിൽവേ കോൺസ്റ്റബിൾ വെടിവച്ചു കൊന്ന സംഭവത്തിൽ വൻ പ്രതിഷേധം. ജയ്പൂർ നഗരത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലിയാണു കഴിഞ്ഞ ദിവസം നടന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബവും റാലിയുടെ ഭാഗമായി.
യുനൈറ്റഡ് സംഘർഷ് മോർച്ചയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം, ഇറകളുടെ ആശ്രിതർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരവും വീടും സർക്കാർ ജോലിയും നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭത്തിൽ സമരക്കാർ ഉയർത്തിയത്. ഏഴു ദിവസത്തിനകം ആവശ്യങ്ങളിൽ നടപടിയുണ്ടാകണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇല്ലെങ്കിൽ ഭട്ട ബസ്തിയിൽനിന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
യുപി
ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗറിൽ രണ്ട് ആൺകുട്ടികളെ ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിച്ചു. ഇവരുടെ സ്വകാര്യഭാഗങ്ങളിൽ മുളക് തേക്കുകയും പച്ചമുളക് തീറ്റിക്കുകയും ചെയ്തു. മോഷണക്കുറ്റം ആരോപിച്ചാണ് 10ഉം 15ഉം വയസുള്ള രണ്ട് ആൺകുട്ടികളെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പണം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചത്. കുട്ടികളെ താഴേക്കാക്കി ട്രൗസർ ഊരി സ്വകാര്യഭാഗത്ത് പച്ചമുളക് തേക്കുന്നതിന്റെയും മഞ്ഞനിറത്തിലുള്ള ഒരു ദ്രാവകം ഇവരുടെ ശരീരത്തിൽ കുത്തിവെക്കുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.
സ്റ്റാലിൻ
ഹിന്ദി ഭാഷയ്ക്ക് കീഴ്‌പ്പെടാൻ തങ്ങളെ കിട്ടില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഹിന്ദി ഭാഷ അടിച്ചേൽപിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നീക്കം ധിക്കാരപരമാണെന്നും അദ്ദേഹം വിമർശിച്ചു. ഒരു എതിർപ്പുമില്ലാതെ ഹിന്ദി ഭാഷയെ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാക്കണമെന്ന അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സ്റ്റാലിൻ.
"അമിത് ഷായുടെ ധിക്കാരപരമായ നീക്കത്തെ ഞാൻ ശക്തമായി അപലപിക്കുകയാണ്. ഹിന്ദി ഇതര ഭാഷക്കാരെ കീഴ്‌പ്പെടുത്താനുള്ള പ്രകടമായ നീക്കമാണിത്. ഹിന്ദി ഭാഷയ്ക്ക് ആധിപത്യം നൽകാനും അടിച്ചേൽപിക്കാനുമുള്ള ഏതു നീക്കത്തെയും തമിഴ്‌നാട് തള്ളിക്കളയുകയാണ്. ഞങ്ങളുടെ ഭാഷയും പൈതൃകവുമാണ് ഞങ്ങളെ നിർവചിക്കുന്നത്. ഹിന്ദി ഭാഷയ്ക്കു കീഴൊതുങ്ങാൻ ഞങ്ങളെ കിട്ടില്ല"-സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
ഇല്യാന ഡിക്രൂസ്
നടി ഇല്യാന ഡിക്രൂസ് അമ്മയായി. മകന്റെ ചിത്രം പോസ്റ്റ് ചെയ്താണ് ഇല്യാന സന്തോഷവാർത്ത പങ്കുവച്ചത്. കുഞ്ഞുപിറന്നതിലെ സന്തോഷം വാക്കുകളിലൊതുക്കാൻ സാധിക്കുന്നില്ല എന്ന് ഫോട്ടോയ്‌ക്കൊപ്പം ഇല്യാന കുറിച്ചു. ആഗസ്റ്റ് 1നായിരുന്നു കുഞ്ഞിന്റെ ജനനം. സിനിമാതാരങ്ങളടക്കം നിരവധി പേർ ഇല്യാനക്ക് ആശംസകളുമായെത്തി.
ചന്ദ്രയാൻ
ചന്ദ്രയാൻ പേടകത്തിന്റെ ആദ്യ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ ഇന്ന് നടക്കും. ചന്ദ്രയാൻ, ഭ്രമണപഥത്തിൽ പ്രവേശിച്ച് ചന്ദ്രനെ വലയം ചെയ്തു തുടങ്ങിയത് ഇന്നലെ മുതലാണ്. ആഗസ്റ്റ് 17ന് ചന്ദ്രന് 100 കിലോമീറ്റർ അരികിലെത്തുക എന്നതാണ് അടുത്തഘട്ടം. 164 മുതൽ, 18,064 കിലോമീറ്റർ വരെയുള്ള ചാന്ദ്ര ഭ്രമണപാതയിലേക്ക് ചന്ദ്രയാനെ എത്തിക്കുന്ന സങ്കീർണമായ ഘട്ടം ഇന്നലെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെ ചന്ദ്രയാൻ ചന്ദ്രനെ വലയം വെച്ച് തുടങ്ങി.
ചാന്ദ്രഭ്രമണ പാത കുറച്ചു കൊണ്ടുവരുന്ന ആദ്യഘട്ടത്തിന് ഇന്ന് തുടക്കമാകും. രാത്രി 10:30 നും 11:30നും ഇടയിൽ പ്രൊപ്പൽഷൻ മോഡ്യൂളിലെ ലാം എഞ്ചിൻ ജ്വലിപ്പിച്ചാണ് പേടകത്തിന്റെ ചാന്ദ്ര ഭ്രമണപാത കുറച്ചു കൊണ്ടുവരിക. ഐഎസ്ആർഒയുടെ ബംഗളൂരുവിലെ ട്രാക്കിംഗ് കേന്ദ്രം ഈസ് ട്രാക്കിൽ നിന്നാണ് ചന്ദ്രയാൻ പേടകത്തെ നിയന്ത്രിക്കുന്നത്.