മഥുരയിൽ ട്രെയിൻ റെയിൽവെ പ്ലാറ്റ്‌ഫോമിലേക്ക് പാഞ്ഞുകയറി
|അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവെ ഉത്തരവിട്ടിട്ടുണ്ട്
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ റെയിൽവെ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിൻ പാഞ്ഞുകയറി. ഡൽഹിയിലെ ഷക്കൂർ ബസ്തി റെയിൽവേ സ്റ്റേഷനിൽ നിന്ന് വരികയായിരുന്ന ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (ഇഎംയു) ട്രെയിനാണ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറിയത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവം നടക്കുമ്പോൾ എല്ലാ യാത്രക്കാരും ട്രെയിനിൽ നിന്ന് ഇറങ്ങിയിരുന്നുവെന്നും അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും മഥുര സ്റ്റേഷൻ ഡയറക്ടർ എസ് കെ ശ്രീവാസ്തവ പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവെ ഉത്തരവിട്ടിട്ടുണ്ട്.
' ട്രെയിൻ ഷക്കൂർ ബസ്തിയിൽ നിന്നാണ് വരുന്നത്. ചൊവ്വാഴ്ച രാത്രി 10:49 ന് ട്രെയിൻ സ്റ്റേഷനിലെത്തി. എല്ലാ യാത്രക്കാരും ട്രെയിനിൽ നിന്ന് ഇറങ്ങി. പെട്ടെന്ന് ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവത്തിന്റെ കാരണം ഞങ്ങൾ അന്വേഷിക്കുകയാണ്' എസ്‌കെ ശ്രീവാസ്തവ വാര്‍ത്താ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു. അപകടത്തെ തുടർന്ന് മറ്റ് ട്രെയിനുകളും വൈകി.