ഗ്രീൻ സിഗ്നൽ ലഭിച്ച ശേഷമാണ് ട്രെയിൻ നീങ്ങിയത്; ലോക്കോ പൈലറ്റിന്റെ നിർണായക മൊഴി
|ട്രെയിൻ അനുവദിച്ച വേഗതയിൽ മാത്രമായിരുന്നു. സിഗ്നലുകൾ ഒന്നും ലംഘിച്ചിട്ടില്ലെന്നും ലോക്കോ പൈലറ്റ് മൊഴി നൽകിയിട്ടുണ്ട്
ഡൽഹി: ഗ്രീൻ സിഗ്നൽ ലഭിച്ച ശേഷമാണ് ട്രെയിൻ മുന്നോട്ട് നീങ്ങിയതെന്ന് ലോക്കോ പൈലറ്റിന്റെ നിർണായക മൊഴി. ട്രെയിൻ അനുവദിച്ച വേഗതയിൽ മാത്രമായിരുന്നു. സിഗ്നലുകൾ ഒന്നും ലംഘിച്ചിട്ടില്ലെന്നും ലോക്കോ പൈലറ്റ് മൊഴി നൽകിയിട്ടുണ്ടെന്ന് റെയിൽവേ ബോർഡ് അംഗം ജയവർമ്മ പറഞ്ഞു.
സിഗ്നലുകൾ ഒന്നും ലംഘിച്ചിട്ടില്ലെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. ലോക്കോ പൈലറ്റിന്റെ ഭാഗത്ത് നിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നാണ് ജയവർമ പറയുന്നത്. ഗുരുതര പരിക്കേറ്റ ലോക്കോ പൈലറ്റ് ചികിത്സയിലാണ്. അപകടം സംബന്ധിച്ച് പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റെയിൽവേയുടെ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവന്നെങ്കിൽ മാത്രമേ അപകടകാരണം എന്തെന്ന് വ്യക്തമാകൂ എന്നും ജയവർമ്മ പറഞ്ഞു. അപകടകാരണം അമിതവേഗമല്ലെന്ന് നേരത്തെ തന്നെ റെയിൽവേ അറിയിച്ചിരുന്നു.
കോറോമണ്ടൽ ട്രെയിന്റെ വേഗം 128 കിലോമീറ്റർ ആയിരുന്നു.ഹൗറ ട്രെയിൻ 126 കിലോമീറ്റർ വേഗത്തിലുമാണ് എത്തിയതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 275 എന്ന് ചീഫ് സെക്രട്ടറി പ്രദീപ് ജന അറിയിച്ചു. ചില മൃതദേഹങ്ങൾ രണ്ടുതവണ എണ്ണിയിരുന്നു. ചില മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പറഞ്ഞു. നിലവിൽ 88 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന തുടരുകയാണ്.
ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റം മൂലമാണ് ഒഡീഷ ട്രെയിൻ ദുരന്തം ഉണ്ടായതെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ചും അന്വേഷണം തുടരുകയാണ്.