India
Puja Khedkar
India

ജോലിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വീടും കാറും ആവശ്യപ്പെട്ടു; ഐഎസുകാരിയുടെ സര്‍ട്ടിഫിക്കറ്റും വ്യാജം?

Web Desk
|
11 July 2024 5:47 AM GMT

2023 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് പൂജ

മുംബൈ: അധികാര ദുര്‍വിനിയോഗത്തിന്‍റെ പേരില്‍ കഴിഞ്ഞ ദിവസം പൂനെയില്‍ നിന്നും വാഷിമിലേക്ക് സ്ഥലം മാറ്റിയ ഐഎഎസ് ട്രയിനി പൂജ ഖേദ്കറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വകാര്യ കാറില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചതിന്‍റെ പേരിലും ഒരു പ്രൊബേഷൻ ഓഫീസർക്ക് അനുവദനീയമല്ലാത്ത പ്രത്യേക ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടതിന്‍റെ പേരിലുമാണ് പൂജയെ സ്ഥലം മാറ്റിയത്.

അസിസ്റ്റൻ്റ് കലക്ടറായി ചുമതലയേൽക്കുന്നതിന് മുമ്പ് പൂജ പൂനെ ജില്ലാ കലക്ടറോട് പ്രത്യേക വീടും കാറും ആവശ്യപ്പെട്ടിരുന്നതായി വൃത്തങ്ങൾ അറിയിച്ചു.2023 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് പൂജ. വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ പൂജയുടെ സെലക്ഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് പൂജ സമര്‍പ്പിച്ചതെന്നും ആരോപണമുണ്ട്. കാഴ്ച പരിമിതിയുണ്ടെന്ന് കാണിച്ചാണ് യുവതി യു.പി.എസ്.സി പരീക്ഷ എഴുതിയത്. ഐഎഎസ് സെലക്ഷന് ശേഷം പൂജയെ മെഡിക്കല്‍ പരിശോധനക്കായി വിളിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. 2022 ഏപ്രിലിൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ആദ്യ പരിശോധന നടത്താൻ തീരുമാനിച്ചിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞ് ഇതൊഴിവാക്കുകയായിരുന്നു. അഞ്ചു തവണ കൂടി പരിശോധനക്ക് ഹാജാരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരായില്ല. ആറാമത്തേതില്‍ പകുതി സമയം മാത്രമാണ് അറ്റന്‍ഡ് ചെയ്തതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു.

തന്‍റെ സ്വകാര്യ ഔഡി കാറില്‍ ചുവന്ന-നീല ബീക്കണ്‍ ലൈറ്റും വിഐപി നമ്പര്‍ പ്ലേറ്റും ഉപയോഗിച്ചത് വിവാദമായിരുന്നു. കാറില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ബോര്‍ഡും പൂജ സ്ഥാപിച്ചിരുന്നു. വിഐപി നമ്പർ പ്ലേറ്റുള്ള ഔദ്യോഗിക കാർ, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, ഒരു കോൺസ്റ്റബിൾ എന്നിവ ഉൾപ്പെടുന്ന അന്യായമായ ആവശ്യങ്ങളും ഖേദ്കർ ഉന്നയിച്ചിരുന്നു.നിയമപ്രകാരം ഒരു ട്രയിനിക്ക് ഈ സൗകര്യങ്ങളൊന്നും അനുവദനീയമല്ല.

ഇത് കൂടാതെ അഡീഷണൽ കലക്ടർ അജയ് മോറെ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ ചേംബറും പൂജ കൈവശപ്പെടുത്തി സ്വന്തം പേരെഴുതിയ ബോർഡും വച്ചു. അഡീഷണൽ കളക്‌ടറുടെ അനുമതി ഇല്ലാതെയാണ് അവർ കസേര, സോഫകൾ, മേശ ഉൾപ്പെടെ എല്ലാ സാമഗ്രികളും നീക്കം ചെയ്‌തത്. ശേഷം ലെറ്റർഹെഡ്, വിസിറ്റിംഗ് കാർഡ്, പേപ്പർ വെയ്റ്റ്, നെയിം പ്ലേറ്റ്, റോയൽ സീൽ, ഇന്റർകോം എന്നിവ നൽകാൻ റവന്യു അസിസ്റ്റന്റിന് നിർദേശവും നൽകി. റിട്ടയേർഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ പൂജയുടെ പിതാവും മകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ജില്ലാ കലക്ടറുടെ ഓഫീസിൽ സമ്മർദ്ദം ചെലുത്തുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Similar Posts