India
Transparency, robustness, simplicity; Rahul Gandhi explained the reason for wearing a white t-shirt,neet,net,exam controversy,congress,nta,bjp,latest news

 രാഹുൽ ഗാന്ധി

India

സുതാര്യത, ദൃഢത, ലാളിത്യം; വെള്ള ടീ ഷർട്ട് ധരിക്കുന്നതിന്റെ കാരണം വ്യക്തമാക്കി രാഹുൽ ഗാന്ധി

Web Desk
|
20 Jun 2024 2:06 PM GMT

നീറ്റ്, നെറ്റ് തുടങ്ങിയ പരീക്ഷാ വിവാദങ്ങൾക്കിടയിൽ രാഹുൽ പങ്കുവെച്ച വീഡിയോ ചർച്ചയാകുന്നു

ഡൽഹി: വടിവൊത്ത രീതിയിൽ തേച്ചുമിനുക്കിയ ഖദർ ഷർട്ടും വെളുത്ത മുണ്ടും, കോട്ടും സ്യൂട്ടും... അങ്ങനെ കണ്ടു പഴകിയ രാഷ്ട്രീയ വേഷങ്ങൾ നിരവധിയുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തനായി വെളുത്ത നിറമുള്ള ടീ ഷർട്ട് മാത്രം ധരിച്ച് സിംപിളായെത്തി ശ്രദ്ധനേടിയ രാഷ്ട്രീയ നേതാവാണ് രാഹുൽ ഗാന്ധി. നിരവധിപേർ ചർച്ചചെയ്തിരുന്ന വെളുത്ത ടീ ഷർട്ട് ധരിക്കാനുള്ള കാരണം ഒടുവിൽ രാഹുൽ തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. അതും അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ. പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന പ്രിയപ്പെട്ടവർക്കുള്ള നന്ദിയും രാഹുൽ രേഖപ്പെടുത്തി.

എപ്പോഴും വെള്ള ടീ ഷർട്ട് ധരിക്കുന്നത് എന്തുകൊണ്ടെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. എനിക്ക് വെളുത്ത നിറമെന്നത് സുതാര്യതയുടേയും ദൃഢതയുടേയും ലാളിത്യത്തിന്റേയും പ്രതീകമാണ്. അതുകൊണ്ടാണ് ഞാൻ എന്നും ഇത് ധരിക്കുന്നത്. രാഹുൽ തന്റെ എക്‌സ് അക്കൗണ്ടിൽ കുറിച്ചു. രാജ്യത്ത് നീറ്റ്, നെറ്റ് തുടങ്ങിയ പരീക്ഷാ വിവാദങ്ങൾ കത്തിക്കയറുന്ന സമയത്ത് ടീ ഷർട്ടിന്റെ പുറകിലുള്ള രാഹുലിന്റെ വിശദീകരണം സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ നടത്തിയ 'ഭാരത് ജോഡോ യാത്ര' യുടെ തുടക്കത്തിലാണ് അദ്ദേഹം വെള്ള നിറമുള്ള ടീ ഷർട്ട് പതിവാക്കിയത്. വൈറ്റ് ടീഷർട്ട് ആർമി എന്ന ഹാഷ്ടാകോടെ എക്‌സിൽ പങ്കുവെച്ച വീഡിയോ യുവാക്കളെ ലക്ഷ്യം വെച്ചുള്ളതാണ്. രാഹുലിന്റെ വീഡിയോയ്ക്ക് ശേഷം ടീ ഷർട്ട് കാമ്പയിനുമായി വിദ്യാർഥി സംഘടനകളുൾപ്പെടെ രംഗത്തുവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ വിലയിരുത്തൽ.

ദേശീയ ടെസ്റ്റിങ് ഏജൻസി യുജിസി-നെറ്റ് പരീക്ഷാ റദ്ദാക്കിയത് വിദ്യാർത്ഥികളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചതായാരോപിച്ച് മോദി സർക്കാരിനെതിരെ കോൺഗ്രസ് ആഞ്ഞടിച്ചതോടെ നീറ്റ് വിവാദം ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ യുദ്ധമായി മാറുകയായിരുന്നു.

Similar Posts