ഉത്തരാഖണ്ഡ് തുരങ്ക അപകടം; കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ അന്വേഷണം
|വിദഗ്ദരോട് അപകട സ്ഥലം സന്ദർശിച്ച് 3 ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് നൽകാൻ എൻഎച്ച്എഐ ആവശ്യപ്പെട്ടിട്ടുണ്ട്
ഉത്തരകാശി: സിൽക്യാര തുരങ്ക അപകട കാരണം കണ്ടെത്താൻ ദേശീയ പാത അതോറിറ്റി അന്വേഷണം. വിദഗ്ദരോട് അപകട സ്ഥലം സന്ദർശിച്ച് 3 ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് നൽകാൻ എൻഎച്ച്എഐ ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ 7 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡും അന്വേഷണം നടത്തുന്നുണ്ട്. നിർമാണ കമ്പനിയും പിഴവ് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തകർന്ന തുരങ്കത്തിൻ്റെ പുനർനിർമാണം കമ്പനി ആസൂത്രണം ചെയ്യും.
അതേസമയം തുരങ്കത്തിൽ നിന്ന് പുറത്തെത്തിച്ച തൊഴിലാളികൾക്ക് ആരോഗ്യപ്രശ്നങ്ങളില്ല. കൂടുതൽ ചികിത്സ ആവശ്യമെങ്കിൽ ഇവരെ ഋഷികേശ് എയിംസിലേക്ക് മാറ്റാൻ ഉത്തരാഖണ്ഡ് സർക്കാർ സംവിധാനം ഒരുക്കിയിട്ടുണ്ട്.പതിനേഴ് ദിവസം നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ പുറത്ത് എത്തിക്കാൻ രക്ഷാപ്രവർത്തക സംഘത്തിന് സാധിച്ചത്.തൊഴിലാളികൾ ചിന്യാലിസൗർ ആശുപത്രിയിൽ ചികിത്സയിലാണ്.