'ജയിലുകളിൽ എല്ലാ വ്യക്തികൾക്കും തുല്യപരിഗണന നല്‍കണം, ക്വിയർ കമ്മ്യൂണിറ്റിയോട് വിവേചനം പാടില്ല'; കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം
|''നീതിയും ന്യായവും എല്ലാ വ്യക്തികളെയും തുല്യമായാണ് പരിഗണിക്കുന്നത്''
ന്യൂഡൽഹി: ജയിലുകളിൽ കഴിയുന്ന എല്ലാ വ്യക്തികളെയും തുല്യമായി പരിഗണിക്കണമെന്നും ക്വിയർ കമ്മ്യൂണിറ്റിയിൽപ്പെട്ടവരോട് ഒരു തരത്തിലുള്ള വിവേചനം കാണിക്കുന്നില്ലെന്നും ഉറപ്പ് വരുത്തണമെന്നും കേന്ദ്രആഭ്യന്തര മന്ത്രാലയം. സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടുമാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്.
ക്വിയർ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ പരിശോധിക്കാൻ കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സമിതി ജൂലൈ 15 നാണ് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് നിർദേശവുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത്.
ക്വിയർ കമ്മ്യൂണിറ്റിയിലെ (LGBTQ+) അംഗങ്ങൾ അവരുടെ ലിംഗ സ്വത്വമോ ലൈംഗിക ആഭിമുഖ്യമോ കാരണം പലപ്പോഴും വിവേചനം അഭിമുഖീകരിക്കുകയും പലപ്പോഴും അക്രമവും അനാദരവും നേരിടുകയും ചെയ്യുന്നതായി കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നീതിയും ന്യായവും എല്ലാ വ്യക്തികളെയും തുല്യമായാണ് പരിഗണിക്കുന്നത്. ഒരു വ്യക്തിയും പ്രത്യേകിച്ച് ക്വിയർ കമ്മ്യൂണിറ്റിയിൽപ്പെട്ടവരോട് ഒരു തരത്തിലും വിവേചനം കാണിക്കുന്നില്ലെന്നും ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ബോധവത്കരിക്കണമെന്നും ജയിൽ അധികാരികൾക്കും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
അപ്പീൽ തയ്യാറാക്കുന്നതിനോ ജാമ്യം വാങ്ങുന്നതിനോ ഓരോ തടവുകാർക്കും അവരുടെ കുടുംബാംഗങ്ങൾ,ബന്ധുക്കൾ, സുഹൃത്തുക്കൾ, നിയമോപദേശകർ എന്നിവരുമായി കൂടിക്കാഴ്ച നടത്താനോ ആശയവിനിമയം നടത്താനോ സൗകര്യങ്ങൾ അനുവദിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തിൽ പറയുന്നു. ഏത് തടവുകാരെപ്പോലെയും ക്വിയർ കമ്മ്യൂണിറ്റിയിലുള്ളവർക്കും അവരുടെ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, നിയമോപദേശകർ എന്നിവരുമായി സംസാരിക്കാൻ അനുവാദമുണ്ടെന്നും മോഡൽ പ്രിസൻ മാന്വൽ 2016 നെ ഉദ്ധരിച്ച് കേന്ദ്ര അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.