'ഭിൽ പ്രദേശ്'; പുതിയ സംസ്ഥാന ആവശ്യവുമായി ഗോത്രസമൂഹം
|നാല് സംസ്ഥാനങ്ങളിലെ ജില്ലകൾ സംയോജിപ്പിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാണ് ആവശ്യം
ജയ്പൂർ: 'ഭിൽ പ്രദേശ്' എന്ന പേരിൽ പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യവുമായി രാജസ്ഥാനിലെ ഗോത്രസമൂഹം രംഗത്ത്. രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 49 ജില്ലകൾ സംയോജിപ്പിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാണ് ആവശ്യം. രാജസ്ഥാനിലെ പഴയ 33 ജില്ലകളിൽ 12 എണ്ണവും പുതിയ സംസ്ഥാനത്ത് ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. എന്നാൽ പുതിയ സംസ്ഥാനമെന്ന ആവശ്യം സംസ്ഥാന സർക്കാർ ഇതിനകം നിരസിച്ചതാണ്.
ഭിൽ സമൂഹത്തിൻ്റെ ഏറ്റവും വലിയ സംഘടനയായ ആദിവാസി പരിവാർ ഉൾപ്പെടെ 35 സംഘടനകൾ വ്യാഴാഴ്ച മെഗാ റാലി നടത്തി. ആദിവാസി സ്ത്രീകൾ പണ്ഡിറ്റുകളുടെ നിർദേശങ്ങൾ അനുസരിക്കരുതെന്ന് ആദിവാസി പരിവാർ സൻസ്തയുടെ സ്ഥാപക അംഗം മേനക ദാമോർ റാലിയിൽ പറഞ്ഞു. നാല് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സംഘടനയാണ് ആദിവാസി പരിവാർ സൻസ്ത.
'ഗോത്ര കുടുംബങ്ങൾ സിന്ദൂരം ഉപയോഗിക്കുന്നില്ല, മംഗളസൂത്രം ധരിക്കുന്നില്ല', സ്ത്രീകളും പെൺകുട്ടികളും വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തങ്ങൾ ഹിന്ദുക്കളല്ലെന്നും അവർ കൂട്ടിച്ചേർത്തു. ഭിൽ പ്രദേശിൻ്റെ ആവശ്യം പുതിയതല്ലെന്ന് ബൻസ്വാരയിൽ നിന്നുള്ള ഭാരത് ആദിവാസി പാർട്ടി (ബി.എ.പി) എം.പി രാജ്കുമാർ റോട്ട് പറഞ്ഞു. ബി.എ.പിയും പുതിയ സംസ്ഥാനമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. ഈ നിർദേശവുമായി മെഗാ റാലിക്ക് ശേഷം ഒരു പ്രതിനിധി സംഘം രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണും.
രാജസ്ഥാന് പുറമെ മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ഗോത്രവർഗക്കാർ ബൻസ്വാരയിലെ മംഗാർ ധാമിൽ നടന്ന യോഗത്തിൽ ഒത്തുകൂടി. റാലിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സുരക്ഷാ ഏജൻസികൾ കനത്ത ജാഗ്രതയിലായിരുന്നു. കൂടാതെ മെഗാ റാലി നടക്കുന്ന സ്ഥലത്ത് ഇൻ്റർനെറ്റ് ബന്ധവും നിരോധിച്ചു.
ജാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിക്കാനാകില്ലെന്ന് ഗോത്രക്ഷേമ വികസന വകുപ്പ് മന്ത്രി ബാബുലാൽ ഖരാഡി പറഞ്ഞു. അങ്ങനെ സംഭവിച്ചാൽ മറ്റുള്ളവരും ആവശ്യമുന്നയിക്കുമെന്നും, അതിനാൽ കേന്ദ്രത്തിന് നിർദേശം അയയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതം മാറിയവർക്ക് ഗോത്ര സംവരണത്തിൻ്റെ ആനുകൂല്യം ലഭിക്കരുതെന്നും ഖരാഡി ചൂണ്ടിക്കാട്ടി.
അതേസമയം, ഗോത്രങ്ങൾക്കെതിരെയുള്ള തൻ്റെ ഡി.എൻ.എ പരാമർശത്തിൽ രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി മദൻ ദിലാവർ ക്ഷമാപണം നടത്തി. പ്രതിപക്ഷത്തിൻ്റെ ബഹളത്തെ തുടർന്നാണ് ദിലാവർ നിയമസഭയിൽ മാപ്പ് പറഞ്ഞത്.
'അവൻ ഹിന്ദുവാണോ അല്ലയോ എന്ന് ഞങ്ങൾ അവൻ്റെ പൂർവികരോട് ചോദിക്കും. ഹിന്ദുവല്ലെന്ന് പറഞ്ഞാൽ, അവൻ അവൻ്റെ അച്ഛൻ്റെ മകനാണോ അല്ലയോ എന്ന് ഞങ്ങൾ ഡിഎൻഎ പരിശോധന നടത്തും.'- തങ്ങൾ ഹിന്ദുക്കളല്ലെന്ന ആദിവാസി നേതാക്കളുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ദിലാവർ ഇങ്ങനെ പറഞ്ഞു. ഇതിനാണ് ഇപ്പോൾ അദ്ദേഹം മാപ്പ് പറഞ്ഞത്.