മോഷണം ആരോപിച്ച് ആൾക്കൂട്ട മർദനം; ലോറിയിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു; മധ്യപ്രദേശിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം
|മധ്യപ്രദേശിലെ നീമച്ച് ജില്ലയിലാണ് പട്ടാപകൽ 45കാരനെ നാട്ടുകാർ ചേർന്ന് ക്രൂരമായി മർദിക്കുകയും ചരക്കുലോറിയുടെ പിറകിൽ കെട്ടി മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തത്
ആദിവാസി യുവാവിനെ മോഷണം ആരോപിച്ച് ലോറിയുടെ പിന്നിൽകെട്ടി റോഡിലൂടെ വലിച്ചിഴച്ച് കൊന്നു. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലാണ് ദാരുണമായ സംഭവം.
നീമച്ചിലെ ജെട്‌ലിയ ഗ്രാമത്തിൽ പട്ടാപകലാണ് 45കാരനായ കനിയ്യ ഭീൽ ക്രൂരമായി കൊല്ലപ്പെട്ടത്. സമീപത്തെ ബാനഡ സ്വദേശിയായ ഇദ്ദേഹം ഗ്രാമത്തിലെ വീടുകളിൽ കവർച്ച നടത്തിയെന്ന് ആരോപിച്ചാണ് നാട്ടുകാർ പിടികൂടിയത്. നാട്ടുകാർ ചേർന്ന് ക്രൂരമായി മർദിക്കുകയും ചെയ്തു. തുടർന്ന് ചരക്കുലോറിയുടെ പിറകിൽ കയറുകൊണ്ട് കെട്ടി മീറ്ററുകളോളം നടുറോട്ടിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു.
അതേസമയം, ഗ്രാമത്തിൽ ഒരു മോഷ്ടാവിനെ പിടികൂടിയിട്ടുണ്ടെന്ന് പറഞ്ഞ് നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് നീമച്ച് എഎസ്പി സുന്ദർ സിങ് കനേഷ് പറഞ്ഞു. മോഷ്ടാവിന് പരിക്കേറ്റിട്ടുണ്ടെന്നും അടിയന്തര വൈദ്യസഹായം ആവശ്യമുണ്ടെന്നും ഇവർ പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പൊലീസെത്തി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Madhya Pradesh: Suspecting a man's involvement in a theft, villagers tied him to a pickup van and dragged him several meters at Jetliya village in Neemuch district. The man sustained serious injuries and died. pic.twitter.com/3fxQnYYa4g
— Free Press Journal (@fpjindia) August 28, 2021
ഈ സമയത്താണ് യുവാവിനെ ലോറിക്കു പിന്നിൽ കെട്ടിയിട്ട് റോട്ടിലൂടെ വലിച്ചിഴയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതോടെയാണ് യുവാവിനെതിരെ നടന്ന ക്രൂരമായ സംഭവം പുറത്തറിയുന്നത്. തുടർന്ന് സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗ്രാമത്തിലെ സർപഞ്ചിന്റെ ഭർത്താവടക്കം എട്ടുപേരെ അറസ്റ്റ് ചെയ്തു. ക്രൂരകൃത്യത്തിൽ ഭാഗമായ മറ്റുള്ളവർക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.