India
ക്ലാസിലെത്താൻ വൈകിയതിന് ആദിവാസി വിദ്യാർഥികളെ മർദിച്ചു; ഗുജറാത്തില്‍ സർക്കാർ സ്‌കൂൾ അധ്യാപിക അറസ്റ്റിൽ
India

ക്ലാസിലെത്താൻ വൈകിയതിന് ആദിവാസി വിദ്യാർഥികളെ മർദിച്ചു; ഗുജറാത്തില്‍ സർക്കാർ സ്‌കൂൾ അധ്യാപിക അറസ്റ്റിൽ

Web Desk
|
9 Jan 2023 9:55 AM GMT

പരാതിയെ തുടർന്ന് അധ്യാപികയെ സസ്‌പെൻഡ് ചെയ്തു

വൽസാദ്: ക്ലാസിലെത്താൻ വൈകിയതിന് 10 ആദിവാസി വിദ്യാർഥികളെ ക്രൂരമായി മർദിച്ച സർക്കാർ സ്‌കൂൾ അധ്യാപിക അറസ്റ്റിൽ. ഗുജറാത്തിലെ ഖഡ്കി ഗ്രാമത്തിലെ പ്രൈമറി സ്‌കൂൾ ചീഫ് ടീച്ചർ സോമ്രാഗിനിബെൻ മനാത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. മർദനമേറ്റ വിദ്യാർഥികളുടെ രക്ഷിതാക്കൾ ധരംപൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പ്രകാരമാണ് അധ്യാപികക്കെതിരെ കേസെടുത്തത്.

വിദ്യാർഥികളുടെ പരാതി ലഭിച്ചതിനെ തുടർന്ന് വൽസാദ് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസർ ബി.ഡി ബദറിയ്യ അധ്യാപികയെ സസ്‌പെൻഡ് ചെയ്യാനും ഉത്തരവിട്ടു. ആദിവാസി വിദ്യാർഥികളെ അധ്യാപിക സോമ്രാഗിനിബെൻ മർദിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. മർദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും ചെയ്തു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധ്യാപികയെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. അവർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.

വെള്ളിയാഴ്ച ഖഡ്കി ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന സർവോദയ ആശ്രമ ശാലയിൽ താമസിക്കുന്ന 10 വിദ്യാർഥികളാണ് രാവിലെ പ്രാർഥനയ്ക്ക് എത്താൻ വൈകിയത്. തുടർന്നാണ് അധ്യാപിക ദേഷ്യപ്പെടുകയും മർദിക്കുകയും ചെയ്തത്. വടി ഒടിക്കുന്നതുവരെ വിദ്യാർഥികളെ മർദിച്ചെന്നും പരാതിയിലുണ്ട്.

ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് അധ്യാപികക്കെതിരെ കേസെടുത്തത്. ശനിയാഴ്ച പൊലീസ് സബ് ഇൻസ്‌പെക്ടർ ജെ.ജെ. ദഭി അധ്യാപികയെ അറസ്റ്റ് ചെയ്യുകയും ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോടതിയിൽ നിന്ന് അധ്യാപികക്ക് ജാമ്യം ലഭിക്കുകയും ചെയ്തതായി ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.

Similar Posts