അവിഹിത ബന്ധം ആരോപിച്ച് ആദിവാസി യുവതിയുടെ തല മൊട്ടയടിച്ച് അസഭ്യവർഷം നടത്തി ആൾക്കൂട്ടം
|സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി അക്രമികൾ തന്നെ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.
പട്ന: ആദിവാസി യുവതിയെ പിടിച്ചുകൊണ്ടുപോയി തല മൊട്ടയടിച്ച് അസഭ്യവർഷം നടത്തി ഒരു സംഘമാളുകൾ. ബിഹാറിലെ അരാരിയ ജില്ലയിലെ റാണിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അവിഹിത ബന്ധം ആരോപിച്ചായിരുന്നു അതിക്രമം.
ഗ്രാമത്തിലെ ഒരു പുരുഷനുമായി അവിഹിത ബന്ധം പുലർത്തിയെന്നായിരുന്നു യുവതിക്കെതിരായ ആരോപണം. വെള്ളിയാഴ്ച രാത്രിയാണ് ഒരു സംഘം ഗ്രാമവാസികൾ യുവതിയെ പിടിച്ചുകൊണ്ടുപോയത്. തുടർന്ന് തല മൊട്ടയടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി അക്രമികൾ തന്നെ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. തല മൊട്ടയടിക്കുന്നതിനിടെ യുവതിക്ക് നേരെ അക്രമികൾ അസഭ്യവർഷവും നടത്തി.
സംഭവത്തെ കുറിച്ച് ചില നാട്ടുകാരാണ് പൊലീസിനെ വിവരമറിയിക്കുന്നത്. ഇതനുസരിച്ച്, റാണിഗഞ്ച് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം ഗ്രാമത്തിലെത്തി ഇരകളെ രക്ഷപെടുത്തുകയായിരുന്നു.
'ഞങ്ങൾ സംഭവസ്ഥലത്തെത്തി യുവതിയെയും യുവാവിനേയും രക്ഷപെടുത്തി സ്റ്റേഷനിലെത്തിച്ചു. എന്നാൽ അതിക്രമത്തെ കുറിച്ച് പരാതി നൽകാൻ അവർ തയാറായില്ല. പ്രതികളെ ഭയന്നാകാം ഇതെന്ന് ഞങ്ങൾ കരുതുന്നു. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഞങ്ങൾ'- റാണിഗഞ്ച് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സഞ്ജയ് കുമാർ പറഞ്ഞു.