India
Mahua Moitra Moves Court Against Move To Oust Her From Official Residence
India

മഹുവ മൊയ്ത്രയ്ക്ക് എതിരായ നടപടി കോടതിയിൽ ചോദ്യം ചെയ്യാനൊരുങ്ങി തൃണമൂൽ കോൺഗ്രസ്

Web Desk
|
10 Dec 2023 1:22 AM GMT

നാളെ പാർലമെന്റിലും തൃണമൂൽ കോൺഗ്രസ് എം.പിയുടെ സസ്പെൻഷൻ ചർച്ചയാക്കാൻ ആണ് പ്രതിപക്ഷ നീക്കം.

ന്യൂഡൽഹി: മഹുവ മൊയ്ത്രയ്ക്ക് എതിരായ ലോക്സഭാ സ്പീക്കറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യാൻ ഒരുങ്ങി തൃണമൂൽ കോൺഗ്രസ്. പാർട്ടി അധ്യക്ഷ മമതാ ബാനർജിയുടെ അനുമതി ലഭിച്ചതോടെയാണ് പോരാട്ടം കോടതിയിലേക്ക് വ്യാപിപ്പിക്കാൻ ടിഎംസി ഒരുങ്ങുന്നത്.

തന്നെ പുറത്താക്കാനുള്ള അവകാശം എത്തിക്സ് കമ്മിറ്റിക്ക് ഇല്ലെന്നാണ് മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടുന്നത്. എത്തിക്സ് കമ്മിറ്റി അധികാര ദുർവിനിയോഗം നടത്തി എന്നത് ഉൾപ്പെടെയുള്ള ഒന്നിലേറെ അവകാശവാദങ്ങൾ മുൻനിർത്തിയാകും മഹുവ മൊയ്ത്രയുടെ കോടതിയിലെ ഹരജി.

നാളെ പാർലമെന്റിലും തൃണമൂൽ കോൺഗ്രസ് എം.പിയുടെ സസ്പെൻഷൻ ചർച്ചയാക്കാൻ ആണ് പ്രതിപക്ഷ നീക്കം. എം.പി സ്ഥാനത്ത് നിന്നും പുറത്താക്കിയതിൽ ഭരണഘടനാപരമായ പിഴവുണ്ടായി എന്നാണ് മഹുവ മൊയ്ത്രയുടെ പ്രാഥമിക വിലയിരുത്തൽ.

അവകാശ ലംഘനം സംബന്ധിച്ച പരാതികൾ പരിഗണിക്കേണ്ടത് പ്രിവിലേജ് കമ്മിറ്റിയാണ്. എന്നാൽ പുറത്താക്കൽ നടപടി ശിപാർശ ചെയ്തത് എത്തിക്സ് കമ്മിറ്റിയും. അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച പരാതികളാണ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണയിൽ വരേണ്ടത്. പാർലമെന്ററി നടപടി ചട്ടങ്ങളുടെ 316 ഡി പ്രകാരം എത്തിക്സ് കമ്മിറ്റിക്കു പുറത്താക്കൽ ശിപാർശ നൽകാനാവില്ല.

അംഗം തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിക്കു കഴിയും. ചോദ്യത്തിന് കോഴ നൽകി എന്ന് ആരോപണം ബിസിനസുകാരനായ ഹീരാ നന്ദാനിയുടെ പേരിലാണ്. ഇദ്ദേഹത്തെ തെളിവെടുപ്പിനായി വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി തയാറായിരുന്നില്ല. മഹുവയുമായി ഒരു ധനകാര്യ ഇടപാടും ഉണ്ടായിട്ടില്ല എന്ന് പലവട്ടം ഹിരാനന്ദാനി വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു കമ്മിറ്റിയുടെ പ്രവർത്തന രീതിയും നിയമപരമായി ചോദ്യം ചെയ്യാം.

മാത്രമല്ല ലോഗിൻ ഐ.ഡി കൈമാറ്റം കുറ്റകരമായി ചട്ടങ്ങളിലോ നിയമത്തിലോ വ്യക്തമാക്കിയിട്ടില്ല. കുറ്റം ചെയ്യാത്ത സ്ഥിതിക്ക് ശിക്ഷിക്കാൻ കഴിയില്ല. കുറ്റമാണെന്ന് കോടതിയിൽ സ്ഥാപിച്ചാൽ പോലും കുറ്റത്തിന് ആനുപാതികമായ ശിക്ഷയല്ല നൽകിയത് എന്നും വാദിക്കാൻ കഴിയും. ഭരണഘടനയുടെ 14, 20, 21 വകുപ്പുകൾ പ്രകാരം ഇത്തരം നിലപാടുകൾ സാധൂകരിക്കാമെന്നും നിയമവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Similar Posts