India
ജഹാംഗീർപുരിയിൽ വസ്തുതാന്വേഷണവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍; തൃണമൂൽ, എസ്.പി, സി.പി.ഐ, മുസ്‌ലിം ലീഗ് ദൗത്യസംഘങ്ങൾ ഇന്നെത്തും
India

ജഹാംഗീർപുരിയിൽ വസ്തുതാന്വേഷണവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍; തൃണമൂൽ, എസ്.പി, സി.പി.ഐ, മുസ്‌ലിം ലീഗ് ദൗത്യസംഘങ്ങൾ ഇന്നെത്തും

Web Desk
|
22 April 2022 1:42 AM GMT

അഞ്ച് വനിതാ എം.പിമാരുടെ സംഘത്തെയാണ് തൃണമൂൽ ജഹാംഗീർപുരിയിലേക്ക് അയക്കുന്നത്. അന്വേഷണ റിപ്പോർട്ട് സംഘം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കൈമാറും

ന്യൂഡൽഹി: ഡൽഹി ജഹാംഗീർപുരിയിൽ പൊലീസ് വലയത്തിനിടയിലും കൂടുതൽ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇന്ന് സന്ദർശനം നടത്തും. തൃണമൂൽ കോൺഗ്രസിന്റെ വസ്തുതാന്വേഷണ സംഘം ഇന്ന് കെട്ടിടങ്ങൾ പൊളിച്ച സ്ഥലങ്ങളിലെത്തും. സി.പി.ഐ, മുസ്‌ലിം ലീഗ്, സമാജ് വാദി പാർട്ടി നേതാക്കളും ഇന്ന് പ്രദേശം സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അഞ്ച് വനിതാ എം.പിമാർ അടങ്ങുന്ന സംഘത്തെയാണ് തൃണമൂൽ വസ്തുതാന്വേഷണത്തിനായി അയക്കുന്നത്. എം.പിമാരായ കകോളി ഘോഷ് ദസ്തിദാർ, സജ്ദ അഹ്‌മദ്, അപരൂപ പൊഡ്ഡാർ, മാല റോയ്, സതാബ്ദി റോയ് എന്നിവരാണ് സംഘത്തിലുള്ളത്. അന്വേഷണ റിപ്പോർട്ട് സംഘം ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജിക്ക് കൈമാറും.

ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയുടെ നേതൃത്വത്തിലാണ് സി.പി.ഐ സംഘമാണ് ഇന്ന് സംഘർഷബാധിത മേഖലയിലെത്തുന്നത്. മുതിർന്ന നേതാക്കളായ ബിനോയ് വിശ്വം, ആനി രാജ, ഡോ. എ.എ ഖാൻ എന്നിവരും സംഘത്തിലുണ്ടാകും. സമാജ്‌വാദി പാർട്ടിയും അഞ്ചംഗ വസ്തുതാന്വേഷണ സംഘത്തെയാണ് ഇന്ന് സ്ഥലത്തേക്ക് അയക്കുന്നത്. ലോക്‌സഭാ അംഗങ്ങളായ ശഫീഖുറഹ്‌മാൻ ബർഖ്, എസ്.ടി ഹസൻ, രാജ്യസഭാ അംഗങ്ങളായ രവി പ്രകാശ് വർമ, വിശംഭർ പ്രസാദ് നിഷാദ്, മുൻ രാജ്യസഭാ അംഗം ജാവേദ് അലി ഖാൻ എന്നിവരാണ് സംഘത്തിലുള്ളത്.

ജഹാംഗീർപുരിയിൽ ഇന്ന് മുസ്‍ലിം ലീഗ് എം.പിമാരുടെ സംഘം സന്ദർശിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പ്രദേശത്തെ തുടർപ്രവർത്തനങ്ങൾ പാർട്ടിയുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്നും പ്രദേശങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഭാരവാഹികളായ അഡ്വ. ഫൈസൽ ബാബുവിനെയും ഷിബു മീരാനെയും ചുമതലപ്പെടുത്തിയിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, കെ. നവാസ് ഗനി, മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമർ, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി, ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, ഷിബു മീരാൻ തുടങ്ങിയവരാണ് സംഘത്തിലുണ്ടാവുക.

Summary: Trinamool Congress, SP, CPI and Muslim League fact-finding teams will arrive today in Jahangirpuri

Similar Posts