ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ മമതയുടെ തേരോട്ടം; തകർന്നടിഞ്ഞ് ബി.ജെ.പി
|ഇടതുമുന്നണി ഒരു നഗരസഭയിലും ഹംറോ പാർട്ടി ഒരു നഗരസഭയിലും ഭരണം നേടി. നാല് സിവിൽ ബോഡികളിൽ, വ്യക്തമായ വിജയി ഉണ്ടായില്ല. ഇവിടെ തൂക്കുസഭയാണ് നിലവിലുള്ളത്.
ബംഗാളിൽ സിവിക് ബോഡികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് വൻ വിജയം. 108 മുൻസിപ്പാലിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 102ലും തൃണമൂൽ കോൺഗ്രസ് വിജയിച്ചു. ബി.ജെ.പി അടക്കം പ്രതിപക്ഷ പാർട്ടികളെ പൂർണമായും അപ്രസക്തമാക്കിയാണ് മമതയുടെ വിജയം.
പ്രതിപക്ഷനേതാവായ സുവേന്ദു അധികാരിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും പതിറ്റാണ്ടുകളായി വലിയ സ്വാധീനമുണ്ടായിരുന്ന കാന്തി മുൻസിപ്പാലിറ്റിയിലും ലോക്സഭയിലെ കോൺഗ്രസിന്റെ കക്ഷിനേതാവ് അധീർ രഞ്ജൻ ഛൗധരിയുടെ സ്വാധീനകേന്ദ്രമായ മുർശിദാബാദിലെ ബെഹ്റാംപൂർ മുൻസിപ്പാലിറ്റിയിലും തൃണമൂൽ വലിയ വെല്ലുവിളിയില്ലാതെയാണ് ജയിച്ചുകയറിയത്.
ഇടതുമുന്നണി ഒരു നഗരസഭയിലും ഹംറോ പാർട്ടി ഒരു നഗരസഭയിലും ഭരണം നേടി. നാല് സിവിൽ ബോഡികളിൽ, വ്യക്തമായ വിജയി ഉണ്ടായില്ല. ഇവിടെ തൂക്കുസഭയാണ് നിലവിലുള്ളത്. ഫെബ്രുവരി 27ന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. അടുത്തിടെ രൂപീകരിക്കപ്പെട്ട 'ഹംറോ പാർട്ടി'യാണ് ഡാർജിലിങ് മുൻസിപ്പാലിറ്റിയിൽ ഭൂരിപക്ഷം നേടിയത്. നാദിയ ജില്ലയിലെ താഹിർപൂരിലാണ് ഇടതുമുന്നണി വിജയിച്ചത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 38% വോട്ട് നേടിയ ബി.ജെ.പിയുടെ വോട്ട് വിഹിതത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം കഴിഞ്ഞ വർഷം ഒരു സീറ്റ് പോലും നേടാനാവാതിരുന്ന ഇടത് പാർട്ടികളും കോൺഗ്രസും സ്ഥിതി മെച്ചപ്പെടുത്തുന്നു എന്നാണ് സിവിക് ബോഡി തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കൻ ബംഗാളിൽ നിരവധി നിയമസഭാ സീറ്റുകൾ നേടിയ ബി.ജെ.പിക്ക് ഈ മേഖലയിൽ ഒരു മുൻസിപ്പാലിറ്റിയിൽ പോലും വിജയിക്കാനായില്ല.