India
Trinamool Congress swept the West Bengal panchayat elections
India

ബംഗാള്‍ തദ്ദേശ തെരഞ്ഞടുപ്പ് തൂത്തുവാരി തൃണമൂല്‍; നന്ദി പറഞ്ഞ് മമത

Web Desk
|
12 July 2023 8:31 AM GMT

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കൊപ്പം നിന്ന മണ്ഡലങ്ങൾ പോലും തൂത്തുവാരിയാണ് തൃണമൂൽ കോൺഗ്രസിന്റെ വിജയം

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്നേറ്റം ആവര്‍ത്തിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. 3317 ഗ്രാമപഞ്ചായത്തുകളിൽ 2552ഉം തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കും. 20 ജില്ലാ പരിഷത്തുകളിൽ 12ഉം തൃണമൂല്‍ നേടി. 232 പഞ്ചായത്ത് സമിതികളില്‍ തൃണമൂലിന് ഭൂരിപക്ഷം നേടാനായി. രണ്ടാമതെത്തിയ ബി.ജെ.പിയുടെ അക്കൌണ്ടിലുള്ളത് 212 ഗ്രാമപഞ്ചായത്തുകളും ഏഴ് പഞ്ചായത്ത് സമിതികളും മാത്രമാണ്. ചില സീറ്റുകളിലെ ഫലം ഇനിയും അറിയാനുണ്ട്.

"ഗ്രാമീണ ബംഗാളിൽ എല്ലായിടത്തും തൃണമൂൽ കോൺഗ്രസാണ്. തൃണമൂൽ കോൺഗ്രസിനോടുള്ള സ്നേഹത്തിനും പിന്തുണക്കും ഞാൻ നന്ദി പറയുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ ഹൃദയത്തിൽ തൃണമൂൽ കോൺഗ്രസിന് മാത്രമേ സ്ഥാനമുള്ളൂവെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു"- മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

63,229 ഗ്രാമപഞ്ചായത്ത് സീറ്റുകൾ, 9,730 പഞ്ചായത്ത് സമിതി സീറ്റുകൾ, 928 ജില്ലാ പരിഷത്ത് സീറ്റുകൾ എന്നിവയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 34,359 സീറ്റുകളിലും വിജയിച്ചത് തൃണമൂല്‍ സ്ഥാനാര്‍ഥികളാണ്. ബി.ജെ.പി 9545 സീറ്റുകളില്‍ വിജയിച്ചു. 2682 സീറ്റ്‌ നേടി സി.പി.എം മൂന്നാമതെത്തി. ചില സീറ്റുകളിലെ ഫലം പുറത്തുവന്നിട്ടില്ല. മുൻവർഷത്തെ അപേക്ഷിച്ച് വോട്ട് വിഹിതത്തിൽ പുരോഗതിയുണ്ടെങ്കിലും ബംഗാളിലെ പ്രതാപ കാലത്തിലേക്ക് സി.പി.എമ്മിന് മടങ്ങിപ്പോകാന്‍ കഴിഞ്ഞില്ല.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കൊപ്പം നിന്ന മണ്ഡലങ്ങൾ പോലും തൂത്തുവാരിയാണ് തൃണമൂൽ കോൺഗ്രസിന്റെ വിജയം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തെരഞ്ഞെടുപ്പില്‍ ജനവിധി അനുകൂലമായതിന്‍റെ ആത്മവിശ്വാസത്തിലാണ് മമത ബാനര്‍ജി.

അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം 40 പേരാണ് ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ 60 ശതമാനവും തങ്ങളുടെ പ്രവർത്തകരോ അനുഭാവികളോ ആണെന്ന് തൃണമൂൽ അവകാശപ്പെട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് കേന്ദ്രസേനയെ വിന്യസിക്കേണ്ട സാഹചര്യമുണ്ടായി. തെരഞ്ഞെടുപ്പിൽ കൃത്രിമം, ബൂത്ത് പിടിച്ചെടുക്കൽ എന്നിവയുണ്ടായതോടെ 696 ബൂത്തുകളിൽ റീപോളിങ് നടന്നു.

വോട്ടെടുപ്പ് ദിനം നടന്ന അക്രമ സംഭവങ്ങളുടെ തനിയാവർത്തനമാണ് വോട്ടെണ്ണൽ ദിനത്തിലും ബംഗാളിൽ സംഭവിച്ചത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും പ്രതിപക്ഷ പാർട്ടി പ്രവർത്തകരും വിവിധ ഭാഗങ്ങളിൽ ഏറ്റുമുട്ടി. ഡയമണ്ട് ഹാർബറിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് നേരെ ബോംബേറും ഹൗറയിൽ ലാത്തിച്ചാർജും നടന്നു. തെരഞ്ഞെടുപ്പ് തൃണമൂൽ കോൺഗ്രസ് അട്ടിമറിച്ചു എന്ന ആരോപണമാണ് ബി.ജെ.പി ഉന്നയിക്കുന്നത്. കേന്ദ്ര സർക്കാരിനെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.

പ്രതിപക്ഷത്തിന്റെ ‘മമതയ്ക്ക് വോട്ട് വേണ്ട’ എന്ന പ്രചാരണത്തെ ‘മമതയ്ക്ക് വോട്ട്’ എന്നാക്കി മാറ്റിയതിന് ജനങ്ങളോട് നന്ദിയുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി പറഞ്ഞു.

Summary- Trinamool Congress (TMC) swept the West Bengal panchayat elections, winning a majority in all three tiers of the rural local government

Similar Posts